Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: എച്ച്.ഐ.വി. ബാധിച്ചയാള്‍ അണുബാധ വെളിപ്പെടുംമുമ്പ് (വിന്‍ഡോ പീരിയഡ്) നല്‍കിയ രക്തഘടകം കുത്തിവെച്ചതാകാം റീജനല്‍ കാന്‍സര്‍ സെന്ററില്‍ ചികില്‍സയില്‍ കഴിഞ്ഞ പെണ്‍കുട്ടിക്ക് എച്ച്.ഐ.വി പിടിപെടാന്‍ കാരണമെന്ന് പ്രാഥമിക നിഗമനം.
രക്താര്‍ബുദ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച ആലപ്പുഴ സ്വദേശിനിയായ ഒന്‍പതു വയസ്സുകാരിക്കാണ് എച്ച്.ഐ.വി സ്ഥിരീകരിച്ചത്.
അണുബാധയേറ്റയാളില്‍ അത് പ്രത്യക്ഷപ്പെടാന്‍ രണ്ടാഴ്ചമുതല്‍ മൂന്നുമാസം വരെ എടുക്കും. ഈ സമയത്തിനുള്ളില്‍ നല്‍കിയ രക്തത്തില്‍നിന്നാകാം കുട്ടിക്ക് എച്ച്.ഐ.വി. ബാധയേറ്റതെന്ന് കരുതുന്നതായി എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ് പറഞ്ഞു.
വിന്‍ഡോ പീരിയഡിലെ അണുബാധ കണ്ടെത്താനുള്ള നാറ്റ് പരിശോധന (ന്യൂക്ലിക് ആസിഡ് ടെസ്റ്റ്) നടത്താന്‍ രാജ്യത്ത് പല ലാബുകളിലും സൗകര്യമുണ്ട്. 800 രൂപമുതല്‍ 1000 രൂപവരെയാണ് ഇതിന് ചെലവ്. പക്ഷേ, അണുബാധയേറ്റാലും രണ്ടാഴ്ചയ്ക്ക് ശേഷമുള്ളവയേ ഈ പരിശോധനയില്‍ കണ്ടെത്താനാവൂ. രക്തദാനത്തിന് മുന്നോടിയായി എച്ച്.ഐ.വി. ബാധ കണ്ടെത്താന്‍ നാറ്റ് പരിശോധന സംസ്ഥാനത്ത് നടത്തുന്നില്ല.
കടുത്ത പനിയെത്തുടര്‍ന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലും ചികിത്സയ്‌ക്കെത്തിയപ്പോഴാണു കുട്ടിക്ക് അര്‍ബുദം സ്ഥിരീകരിച്ചത്. തുടര്‍ന്നു കഴിഞ്ഞ മാര്‍ച്ചില്‍ ഇവര്‍ ആര്‍.സി.സിയില്‍ ചികിത്സയ്‌ക്കെത്തി.
ചികിത്സയുടെ മുന്നോടിയായി എച്ച്.ഐ.വി ഉള്‍പ്പെടെയുള്ള പരിശോധന നടത്തിയിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നാലുതവണ കീമോ തെറാപ്പി നടത്തുകയും പലതവണ രക്തം സ്വീകരിക്കുകയും ചെയ്തു. അടുത്ത കീമോ തെറപ്പിക്കു മുന്നോടിയായി നടത്തിയ രക്തപരിശോധനയിലാണ് എച്ച്.ഐ.വി ബാധ കണ്ടെത്തിയത്. തുടര്‍ന്നു മുംബൈ ഉള്‍പ്പെടെയുള്ള ലാബുകളില്‍ വിദഗ്ധപരിശോധന നടത്തി രോഗം സ്ഥിരീകരിക്കുകയായിരുന്നു.
നേരത്തെ സംസ്ഥാനത്ത് രണ്ട് കുട്ടികള്‍ക്ക് രക്തം സ്വീകരിച്ചതുവഴി എച്ച്.ഐ.വി പകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അന്വേഷണത്തില്‍ വിന്‍ഡോ പീരിയഡില്‍ ദാനംചെയ്ത രക്തം കുത്തിവെച്ചതാണ് അണുബാധയ്ക്ക് കാരണമെന്ന് കണ്ടെത്തിയിരുന്നു.
എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയില്‍നിന്നുള്ള സംഘം വെള്ളിയാഴ്ച റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ക്കഴിയുന്ന കുട്ടിയെ സന്ദര്‍ശിച്ചു. എച്ച്.ഐ.വി ബാധയ്ക്കുള്ള ചികിത്സ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുട്ടിക്ക് നല്‍കും. ഇതിന് സ്പെഷ്യല്‍ ഓഫീസറെ നിയോഗിച്ചിട്ടുണ്ട്.
Leave a Reply