Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
താന്‍ വിവാഹിതയായെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന വിശദീകരണവുമായി നടി അന്‍സിബ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ അഭിനയിച്ച ‘ലൗ മേറ്റ്സ് ‘ എന്ന ചിത്രത്തിലെ രംഗമാണ് വിവാഹ ചിത്രമായി പ്രചരിപ്പിക്കുന്നതെന്ന് അന്‍സിബ ഹസന്‍ വ്യക്തമാക്കി.
നടി അന്‍സിബ ഹസന്‍ ഹിന്ദു മതാചാരപ്രകാരം വിവാഹിതയായി എന്നാണ് വാര്‍ത്ത പ്രചരിച്ചത്. ഒരു സുഹൃത്ത് സ്‌ക്രീന്‍ ഷോട്ടെടുത്ത് അയച്ചു കൊടുത്തതോടെയാണ് അന്‍സിബ ഇക്കാര്യം അറിയുന്നത്. എന്നാല്‍ അപ്പോഴേയ്ക്കും സോഷ്യല്‍ മീഡിയയില്‍ ആക്രമണം തുടങ്ങിയിരുന്നു. നടിക്കെതിരെ രൂക്ഷ വിമര്‍ശനവും, വ്യക്തിഹത്യയും നടന്നു.
ഇതിനു പിന്നാലെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അന്‍സിബ വിശദീകരണവുമായി രംഗത്തെത്തിയത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അഭിനയിച്ച ഷോര്‍ട്ട് ഫിലിമിലെ രംഗം വിവാഹ ചിത്രമാണെന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് അന്‍സിബ പറഞ്ഞു.
തുളസിമാലയിട്ട ഒരു കല്ല്യാണ ഫോട്ടോക്കൊപ്പമാണ് അന്‍സിബയുടെ വ്യാജ വിവാഹ വാര്‍ത്ത പ്രചരിക്കുന്നത്. ഷൈജു സുകുമാരന്‍ നാടാര്‍ എന്ന വ്യക്തിയാണ് റൈറ്റ് തിങ്കേഴ്സ് എന്ന ഗ്രൂപ്പില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തത്. ‘അന്‍സിബ ഹസ്സനും മുരളീ മേനോനും. ഇവരെ ഹിന്ദു മുസ്ലീം അല്ലാതെ മനുഷ്യരായി കാണാന്‍ മാത്രം മനസ്സുള്ളവര്‍ ലൈക്കടിക്കുക…’ എന്നു തുടങ്ങുന്ന ഒരു കുറിപ്പുമുണ്ടായിരുന്നു ഒപ്പം.
താന്‍ വിവാഹം കഴിച്ചിട്ടില്ല. ഉടനെ വിവാഹം കഴിക്കാന്‍ സാധ്യതയുമില്ലെന്ന് അന്‍സിബ പറഞ്ഞു. എന്തിനാണ് ഇത്തരത്തിലൊരു തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്ന് അറിയില്ല. പോസ്റ്റ് ഇട്ട ഷൈജു സുകുമാരന്‍ എന്ന വ്യക്തിയെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു അന്‍സിബയുടെ മറുപടി.
സെലിബ്രിറ്റി എന്നതിനപ്പുറത്ത് താനും ഒരു സാധാരണ പെണ്‍കുട്ടിയാണ്. ഇത്തരത്തിലൊരു വാര്‍ത്ത ഒരു പെണ്‍കുട്ടിയുടെ ജീവിതം എത്രമാത്രം തകര്‍ക്കുമെന്ന് ആലോചിക്കാതെയാണ് അത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളും താന്‍ വിവാഹിതയായി എന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ദയവു ചെയ്ത് അത്തരം പോസ്റ്റുകള്‍ പിന്‍വലിക്കണമെന്നും അന്‍സിബ ആവശ്യപ്പെട്ടു. ഒപ്പം തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറയാനും താരം മറന്നില്ല. തന്നെ അപമാനിച്ചു എന്നതിനേക്കാള്‍ ഇതൊരു ഹിന്ദു മുസ്ലീം പ്രശ്നമായി വളരുന്നത് കണ്ടപ്പോഴാണ് പ്രതികരിച്ചതെന്നും താരം വീഡിയോയില്‍ പറയുന്നു.
Leave a Reply