Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 12:30 am

Menu

Published on September 25, 2017 at 4:28 pm

വിവാഹത്തിന് ജാതകപ്പൊരുത്തം നോക്കേണ്ട ആവശ്യമുണ്ടോ…?

is-there-a-need-to-check-horoscope-for-marriage

പെണ്ണ് കാണാന്‍ തുടങ്ങി വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞിട്ടും ജാതകപ്പൊരുത്തമുള്ള പെണ്ണിനെ കിട്ടാതെ നട്ടം തിരിയുന്നവര്‍ നമ്മുടെ നാട്ടില്‍ ധാരാളമാണുള്ളത്‌. ഒരു പെണ്ണിനെ കാണിച്ചു കൊടുക്കാന്‍ പണ്ടത്തെ പോലെ ഇപ്പോള്‍ ആരും തയ്യാറാവുന്നില്ല. അതിന് കാരണം എത്ര കാണിച്ചു കൊടുത്താലാണ് ഒരു ജാതകം ചേരുക എന്ന് ആര്‍ക്കും പറയാന്‍ കഴിയുന്നില്ല എന്നത് തന്നെ. ഇതുകാരണം എല്ലായിടത്തും ബ്രോക്കർമാർ ധാരാളമുണ്ട്. കല്യാണത്തിന് കരുതിവെച്ച കാശ് മുഴുവന്‍ പെണ്ണ് കാണലില്‍ തന്നെ ബ്രോക്കർമാർക്ക് കൊടുത്ത് തീർന്നവർ നിരവധിയാണ്.എന്നാൽ കൃസ്ത്യന്‍-മുസ്ലീമാദി ഹൈന്ദവേതര സമുദായങ്ങളില്‍ ഉള്ള ആളുകൾക്ക് വിവാഹം നടക്കാൻ ഒരു പ്രയാസവുമില്ല. ചെറുക്കന്റെ വീട്ടുകാര്‍ പെണ്ണ് കാണുകയും പരസ്പരം ഇഷ്ടപ്പെടുകയും ചെയ്താല്‍ ഒരു തടസ്സവുമില്ലാതെ വിവാഹം നടക്കും. എന്നാൽ ഹിന്ദുക്കളുടെ കാര്യം അങ്ങനെയല്ല.ഏത് ദിക്കില്‍ പോയി പെണ്ണ് കാണണം എന്നു തുടങ്ങി താലി കെട്ടുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ജ്യോത്സന്മാർ പറയണം. മാത്രമല്ല ജാതകപ്പൊരുത്തം നോക്കേണ്ടത് ഇവർക്ക് നിർബന്ധവുമാണ്.

യഥാർത്ഥത്തിൽ വിവാഹത്തിന് ഈ പൊരുത്തം മാത്രം നോക്കിയാൽ മതിയോ? ജാതകം നോക്കാതേയും ഇക്കാലത്ത് ചില ഹിന്ദുവിവാഹങ്ങൾ നടക്കാറുണ്ട്. ജാതകം നോക്കി വിവാഹം കഴിക്കുന്നവരുടെ ജീവിതത്തിൽ പ്രശനങ്ങളുണ്ടാകാറില്ലേ….?ജാതകം നോക്കാതെ വിവാഹം കഴിക്കുന്നവർക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്നില്ലേ…? രണ്ടാം വിവാഹമായാല്‍പ്പോലും ജാതകപ്പൊരുത്തം എത്രയുണ്ടെന്നു നോക്കി വിവാഹിതരാകുന്നവരാണ് പലരും. ജാതകപ്പൊരുത്തം നോക്കി പത്തില്‍ പത്തുപൊരുത്തമുള്ളവർ തമ്മിൽ പിന്നീട് പൊരുത്തക്കേടുകൾ ഉണ്ടായി വിവാഹമോചനം നേടിയവരും ചില്ലറയല്ല. ചൊവ്വാദോഷമുള്ളയാൾക്ക് അതേ ദോഷമുള്ള പങ്കാളി വേണമെന്നും ശുദ്ധജാതകമാണെങ്കില്‍ അതേപോലെ തന്നെ ജാതകമുള്ള പങ്കാളിയായിരിക്കണമെന്നും ജാതകപ്പൊരുത്തത്തിൽ പറയുന്നു.എങ്കിൽ മാത്രമേ ഉത്തമദീർഘദാമ്പത്യം ഉണ്ടാവൂ എന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ ഈ പൊരുത്തങ്ങളിൽ ഉത്തമമെന്ന്‌ വിധിക്കപ്പെട്ട പല ദാമ്പത്യങ്ങളും തകർന്നുപോയിട്ടുണ്ട്. മാത്രമല്ല ജാതകപ്പൊരുത്തമില്ലാതെ നടക്കുന്ന പല വിവാഹങ്ങളും കുഴപ്പമില്ലാതെ മുന്നോട്ടുപോയിട്ടുമുണ്ട്.

പണ്ട് കാലം മുതൽക്കേ ഉള്ള ഒരു രീതിയാണ് വിവാഹത്തിന് ജാതകം നോക്കുന്നത്. അത് ഇന്നും തുടർന്നുപോകുന്നു. വിവാഹക്കാര്യം വരുമ്പോൾ മിക്ക രക്ഷിതാക്കളും ജാതകച്ചേർച്ചയും പൊരുത്തവും നോക്കിനടക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. ജാതകപ്പൊരുത്തം ഉണ്ടായെന്ന് കരുതി ഒരാളെ ഇഷ്ടപ്പെടണമെന്ന് നിർബന്ധിക്കാൻ പറ്റുമോ…?ഒരുപാട് പൊരുത്തങ്ങൾ ഉണ്ടായിട്ടും പൊരുത്തക്കേടുകളുമായി ജീവിക്കുന്ന ഒരുപാട് പേരെ നമുക്ക് ചുറ്റിലുമുണ്ട്. രണ്ട് വ്യക്തികള്‍ വിവാഹിതരായാല്‍, അവരുടെ ദാമ്പത്യജീവിതം എങ്ങനെയാകും എന്നറിയുവാന്‍, ജ്യോതിശാസ്ത്രം നിര്‍ദ്ദേശിച്ചിട്ടുള്ള പ്രക്രിയയാണ് ജാതകപൊരുത്തം. ഭാര്യാഭര്‍ത്തൃ ബന്ധത്തിലെ സ്വരചേര്‍ച്ചയും, സ്ഥിരതയും ജാതകപ്പൊരുത്തം നോക്കുന്നതിലൂടെ മനസ്സിലാവുമെന്നാണ് പലരുടെയും വിശ്വാസം.

ജാതകപ്പൊരുത്തത്തെക്കാൾ മനപ്പൊരുത്തമാണ് വിവാഹജീവിതത്തിൽ ഏറ്റവും അത്യാവശ്യം. വർഷങ്ങളായി അറിയുന്ന രണ്ടു പേർ വിവാഹം കഴിച്ചാൽ ഉണ്ടാവുന്ന പ്രശ്നങ്ങളെ വലുതാക്കി കാണിച്ച് അവരെ ഓരോ കാര്യങ്ങൾ പറഞ്ഞ് മറ്റുള്ളവർ ഭയപ്പെടുത്തും. പ്രണയിച്ച് വിവാഹിതരായവരുടെ ഇടയിൽ എന്തെങ്കിലും ചെറിയ ഒരു പ്രശ്നം ഉണ്ടായാൽ മതി, അപ്പോൾ വീട്ടുകാരും നാട്ടുകാരും പറയാൻ തുടങ്ങും “ജാതകം നോക്കാതെയല്ലേ വിവാഹം കഴിച്ചത്…അപ്പോഴേ ഞങ്ങൾ പറഞ്ഞതല്ലേ ജാതകം നോക്കണമെന്ന് ഇനി എല്ലാം അനുഭവിച്ചോ…” എന്നൊക്കെ. ഇങ്ങനെ ചെറിയ പ്രശ്നങ്ങൾ മറ്റുള്ളവരെല്ലാം കൂടി വലുതാക്കും.പിന്നീട് ചിലരുടെ മനസ്സിലെങ്കിലും തോന്നിത്തുടങ്ങും ജാതകം നോക്കാമായിരുന്നുവെന്ന്. യഥാർത്ഥത്തിൽ ജാതകപ്പൊരുത്തത്തെക്കാൾ മനപ്പൊരുത്തമാണ് ഒരു വിവാഹജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ ഘടകം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News