Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 7, 2026 1:45 pm

Menu

Published on September 27, 2017 at 12:42 pm

ദിലീപ് നല്‍കിയത് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍, പിടിക്കപ്പെട്ടാല്‍ 3 കോടി, പദ്ധതി വിജയിച്ചാല്‍ 65 കോടിയുടെ നേട്ടം; ജനപ്രിയന്റെ കുരുക്ക് മുറുകുന്നു

dileep-bail-plea-actress-abduction-pulsar-suni

കൊച്ചി: നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷനെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. പിടിക്കപ്പെട്ടാല്‍ മൂന്നുകോടി നല്‍കാമെന്നും ദിലീപ് പള്‍സര്‍ സുനിയോടു പറഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്ന് ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കോടതിയില്‍ ദിലീപിനെതിരെ രഹസ്യമൊഴി നല്‍കിയ സാക്ഷിയെ ഉള്‍പ്പെടെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്നാണു വിവരം. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

കേസില്‍ മറ്റൊരു നിര്‍ണായക വെളിപ്പെടുത്തലും പള്‍സര്‍ സുനി നടത്തിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുക എന്ന ക്വട്ടേഷന്‍ വിജയിച്ചാല്‍ ദിലീപിന് 65 കോടിയുടെ നേട്ടമുണ്ടാകുമെന്ന് സുനി സഹതടവുകാരനോട് വെളിപ്പെടുത്തി. സഹതടവുകാരന്‍ വിപിന്‍ലാലിന്റെ ഈ മൊഴി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വായിച്ചു.

അതേസമയം ക്വട്ടേഷന്‍ തുക വാങ്ങിയതിന് ശേഷം രക്ഷപ്പെടാനായിരുന്നു പള്‍സര്‍ സുനിയുടെ പദ്ധതിയെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ കൂട്ടുപ്രതി സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ കീഴടങ്ങിയതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഹൈക്കോടതിയില്‍ മൂന്നാമതും നല്‍കിയ ജാമ്യഹര്‍ജിയില്‍ ഇന്നലെ ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായിരുന്നു. ദിലീപിനെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം പലകാര്യങ്ങളും മറച്ചു വച്ചിരിക്കുകയാണെന്നും അന്വേഷണവിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വാദം ഇപ്പോഴും തുടരുകയാണ്. ഇന്ന് തന്നെ ജാമ്യാപേക്ഷയില്‍ വിധിയുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിവരങ്ങള്‍. 12 ദിവസം കൂടി കഴിഞ്ഞാല്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കും. ഇപ്പോള്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ വിചാരണ കഴിയുന്നതുവരെ ദിലീപിന് ജയിലില്‍ തുടരേണ്ടതായി വരും.

അന്വേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കേ ജാമ്യം നല്‍കരുതെന്നും കുറ്റപത്രം ഉടനെ സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. നേരത്തെ രണ്ടുതവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News