Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്. ഇതിനായി കോടതിയില്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചു. റിമി ടോമി ഉള്‍പ്പെടെ നാല് പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് കോടതിയില്‍ അനുമതി ചോദിച്ച് അപേക്ഷ സമര്‍പ്പിച്ചത്. നേരത്തെ ഫോണ്‍ മുഖാന്തരം ഇവരോട് അന്വേഷണ സംഘം കാര്യങ്ങള്‍ ആരാഞ്ഞിരുന്നു.
ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കവെ അന്വേഷണം ഏതുഘട്ടത്തിലെത്തിയെന്നും കോടതി ചോദിച്ചു. റിമി ടോമിയടക്കം സിനിമാ മേഖലയിലെ നാലുപേരുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്താനുണ്ടെന്ന് പ്രോസിക്യൂഷന് മറുപടി നല്കി. ഇതുവരെ 21 പേരെ രഹസ്യമൊഴി എടുത്തു. ഇനിയും കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ട്. ഫൊറന്‍സിക് പരിശോധാഫലം കൂടി ലഭിക്കണം. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൊലീസിന് ചില വിവരങ്ങള്‍ റിമിയില്‍ നിന്ന് നേരത്തെ ലഭിച്ചിരുന്നു. അതിനാലാണ് 164 മുഖാന്തരം രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. നേരത്തെ വിദേശത്ത് നടന്ന ഷോകളുടെ സമയത്ത് ദിലീപിനൊപ്പം റിമി അടക്കമുള്ളവര്‍ ഒരുമിച്ചുണ്ടായിരുന്നു.
മൊഴി ഇനി മാറ്റാതിരിക്കാന്‍ കൂടിയാണ് രഹസ്യ മൊഴിക്കായുള്ള പൊലീസിന്റെ ശ്രമം. കേസില്‍ ദിലീപിന്റെ ജാമ്യഹര്‍ജി തള്ളണമെന്ന വാദത്തിലുറച്ചു നിന്ന പ്രോസിക്യൂഷന്. സാഹചര്യങ്ങളില്‍ മാറ്റമില്ലെന്നും ഹൈക്കോടതിയെ അറിയിച്ചു.
നേരത്തെ ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് ദിലീപ്, പള്‍സര്‍ സുനിക്കു നല്‍കിയിരുന്നതെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. പൊലീസ് പിടിച്ചാല്‍ മൂന്നു കോടി രൂപ നല്‍കാമെന്നും അറിയിച്ചിരുന്നു. പദ്ധതി വിജയിച്ചാല്‍ ദിലീപിന് 65 കോടിയുടെ ലാഭമുണ്ടാകുമെന്നതു കൊണ്ടായിരുന്നു ഈ ക്വട്ടേഷന്‍ നല്‍കിയതെന്നും പറയുന്നു.
ജയിലില്‍വച്ച് സഹതടവുകാരനോടു പള്‍സര്‍ സുനി വെളിപ്പെടുത്തിയതാണ് ഇക്കാര്യങ്ങള്‍. ക്വട്ടേഷന്‍ ദിലീപിന്റേതാണെന്ന് പത്താം പ്രതി നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്. അതിനിടെ, ജാമ്യഹര്‍ജിയില്‍ പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷയില്‍ കോടതി പിന്നീട് വിധി പറയും. ഏതു ജാമ്യവ്യവസ്ഥയും സ്വീകരിക്കാന്‍ തയാറാണെന്നും ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
Leave a Reply