Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത് മനുഷ്യാവകാശ ലംഘനമാണെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ആലുവ സബ്ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു.
തൃശൂരില്‍ നടന്ന സിറ്റിങ്ങില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സലിം ഇന്ത്യയാണ് പരാതി സമര്‍പ്പിച്ചത്. ദിലീപിനെതിരായ അന്വേഷണം നീളുകയാണെന്ന പരാതിയിലും ആലുവ റൂറല്‍ എസ്.പിയോട് കമ്മിഷന്‍ വിശദീകരണം തേടും.
സന്ദര്‍ശകരുടെ എണ്ണം കൂടിയതിനെ തുടര്‍ന്നാണു നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. പുതിയ തീരുമാന പ്രകാരം കുടുംബാംഗങ്ങള്‍ക്കും പ്രധാന വ്യക്തികള്‍ക്കും മാത്രമേ ഇനി സന്ദര്‍ശനത്തിന് അനുമതി നല്‍കൂ. ഇതിനെതിരെയാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയെത്തിയത്.
നേരത്തെ ജയിലില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ പാലിക്കാറുള്ള നിയന്ത്രണം ദിലീപിന്റെ കാര്യത്തിലുണ്ടായില്ലെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. ഓണത്തോടനുബന്ധിച്ച ദിവസങ്ങളില്‍ ദിലീപിനെ കാണാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ആലുവ സബ് ജയിലിലെത്തിയതോടെയായിരുന്നു ഇത്.
നടന്മാരായ ജയറാം, ഗണേഷ്‌കുമാര്‍ എം.എല്‍.എ, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, സുധീര്‍, അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍, സംവിധായകരായ രഞ്ജിത്, നാദിര്‍ഷാ, നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, എം.രഞ്ജിത്, തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചത്. ഇതില്‍ ജയറാം ദിലീപിന് ഒാണക്കോടി സമ്മാനിക്കുകയും ചെയ്തിരുന്നു.
Leave a Reply