Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: പിഞ്ചുകുഞ്ഞിന്റെ ജീവന് രക്ഷിക്കാനായി പോയ ആംബുലന്‍സിന് വഴികൊടുക്കാതെ കിലോമീറ്ററുകളോളം ഓടി ഒരു കാര്‍.
ശ്വാസതടസത്തെ തുടര്‍ന്ന് നവജാത ശിശുവിനെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് മുന്നിലാണ് കിലോമീറ്ററുകളോളം ഒരു ഫോര്‍ഡ് ഇക്കോ സ്പോര്‍ട്ട് കാര്‍ തടസമായി നിന്നത്.
ഇക്കാരണത്താല്‍ തനിയ്ക്ക് മെഡിക്കല്‍ കോളേജില്‍ എത്താന്‍ 15 മിനിറ്റ് അധികം വേണ്ടിവന്നെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മധു പറയുന്നു. കാര്‍ ആംബുലന്‍സ് തടസ്സപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും മറ്റും ഇതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. നിരവധി പേര് ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
കെ.എല്‍.-17എല്‍ 202 എന്ന നമ്പറിലുള്ള വാഹനമാണ് ആംബുലന്‍സ് തടസപ്പെടുത്തിയത്. സംഭവത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പെരുമ്പാവൂര്‍ നിന്ന് വരുന്ന വഴി ആലുവ ജി.ടി.എന്‍ ജങ്ഷനില്‍ വച്ചാണ് ഫോര്‍ഡ് ഇക്കോ സ്പോര്‍ട്ട് കാര്‍ ആംബുലന്‍സിന് മുന്നില്‍ കയറിയത്. പിന്നീട് ഹസാര്‍ഡ് ലൈറ്റ് മിന്നിച്ച് വാഹനം ആംബുലന്‍സിന് മുന്നില്‍ തന്നെ തുടരുകയായിരുന്നു. ആംബുലന്‍സിന് കടന്നുപോകാനുള്ള സൗകര്യം പലയിടങ്ങളിലും ലഭിച്ചെങ്കിലും കാര്‍ ഡ്രൈവര്‍ ഒതുക്കിത്തന്നില്ലെന്നും മധു വ്യക്തമാക്കി.
ഇതിനൊപ്പം നിരവധി വാഹനങ്ങള്‍ ആംബുലന്‍സിന് കടന്നുപോകാനുള്ള വഴി ഒരുക്കിക്കൊടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
Leave a Reply