Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനും അതിനുമുമ്പ് വിശദമായ നിയമോപദേശം തേടാനും യോഗത്തില്‍ ധാരണയായി.
എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. ആലുവ റൂറല്‍ എസ്.പി. എ.വി. ജോര്‍ജ്, അന്വേഷണോദ്യോഗസ്ഥന്‍ ബൈജു പൗലോസ് എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.
ഗൂഢാലോചന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു അന്വേഷണ സംഘത്തിന്റെ യോഗം. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെയുളള തെളിവുകള്‍ യോഗം വിലയിരുത്തി. യോഗം രണ്ടു മണിക്കൂറോളം നീണ്ടു.
കേസില്‍ ദിലീപിനെതിരായ കുറ്റപത്രം തയാറായിക്കഴിഞ്ഞെന്ന് എ.വി. ജോര്‍ജ് പറഞ്ഞു. കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണ സംഘത്തിന്റെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പിഴവും വരുത്താതെ കുറ്റപത്രം സമര്‍പ്പിക്കണമെന്ന നിര്‍ബന്ധമുള്ളതിനാലാണ് പല തട്ടുകളില്‍ പരിശോധിക്കുന്നതെന്ന് അന്വേഷണസംഘാംഗം പറഞ്ഞു. അതിനിടെ, നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17-നും അടുത്തദിവസങ്ങളിലും താന്‍ ചികിത്സയിലായിരുന്നെന്ന് കാണിക്കാന്‍ ദിലീപ് വ്യാജരേഖയുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആലുവയിലെ ദിലീപിന്റെ സുഹൃത്തായ ഡോക്ടറുടെ ചികിത്സ തേടിയെന്നാണ് വിവരം.
ഫെബ്രുവരി 14 മുതല്‍ 17 വരെ ദിലീപ് ചികിത്സ തേടിയിരുന്നതായി ദിലീപിനെ ചികിത്സിച്ച ആലുവാ അന്‍വര്‍ ആശുപത്രിയിലെ ഡോ. ഹൈദരാലി പറഞ്ഞു.
Leave a Reply