Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 12:21 pm

Menu

Published on October 22, 2017 at 11:00 am

സ്വകാര്യ സുരക്ഷാസേനയുടെ സംരക്ഷണം; ദിലീപിന് പൊലീസിന്റെ നോട്ടിസ്

private-security-force-for-dileep-police-opt-details

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് സുരക്ഷ ഒരുക്കാന്‍ നിയോഗിച്ച സ്വകാര്യ ഏജന്‍സി തണ്ടര്‍ ഫോഴ്സിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ്.

കൂടെയുള്ളവരുടെ രേഖകളും വിശദാംശങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന് പൊലീസ് നോട്ടിസ് നല്‍കി. സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കണം. ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ ലൈസന്‍സ്, ഏജന്‍സിക്കു നല്‍കിയിരിക്കുന്ന കരാറിന്റെ പകര്‍പ്പ് തുടങ്ങിയവയും കൈമാറണം. രേഖകളെല്ലാം തിങ്കളാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നാണു നിര്‍ദേശം.

കഴിഞ്ഞ ദിവസം ദിലീപിന് സുരക്ഷ ഒരുക്കിയ അഞ്ച് വാഹനങ്ങള്‍ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ കൊച്ചിയില്‍ ഇതേ ഏജന്‍സിയുടെ വാഹനം തടഞ്ഞപ്പോള്‍ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതാണ് കസ്റ്റഡിയിലെടുക്കാന്‍ കാരണം.

മലേഷ്യയില്‍ നിന്നുള്ള സ്പീക്കറുടെ സുരക്ഷയ്ക്കുള്ള വാഹനമാണെന്നാണ് പറഞ്ഞത്. എന്നാല്‍, മലേഷ്യയില്‍ നിന്ന് അങ്ങനെയൊരു സ്പീക്കര്‍ ഔദ്യോഗികമായി വന്നിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.

അതേസമയം, മലേഷ്യയില്‍ നിന്നുള്ള സ്പീക്കര്‍ അനൗദ്യോഗികമായ കേരളത്തില്‍ വന്നിട്ടുണ്ടെന്നും സ്വകാര്യ സുരക്ഷ മതിയെന്നു പറഞ്ഞതായും ഏജന്‍സി തന്നെ വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതോടെ വാഹനം പിന്നീട് വിട്ടയച്ചിരുന്നു.

ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ദിലീപിന് സുരക്ഷ ഒരുക്കുന്നത്. മൂന്നുപേര്‍ എപ്പോഴും ദിലീപിനൊപ്പമുണ്ടാകും. റിട്ടയേര്‍ഡ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ പി.എ. വല്‍സനാണ് സുരക്ഷാ ഏജന്‍സിയുടെ കേരളത്തിലെ തലവന്‍.

നാലു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഫിസുകളുണ്ട്. തോക്ക് കൈവശം വയ്ക്കാന്‍ അധികാരമുള്ള ഈ ഏജന്‍സിയില്‍ 1000ത്തോളം വിമുക്ത ഭടന്മാര്‍ ജോലി ചെയ്യുന്നുണ്ട്.

ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താല്‍ തടയുകയാണ് സുരക്ഷാഭടന്‍മാരുടെ ജോലി. മൂന്നു പേരെ ഇരുപത്തിനാലു മണിക്കൂറും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. മൂന്നു പേര്‍ക്കുമായി അരലക്ഷം രൂപയാണ് വേതനം നല്‍കേണ്ടത്. ദിലീപിനെ ആരെങ്കിലും ഉപദ്രവിച്ചാല്‍ പ്രതിരോധിക്കുക, കയ്യോടെ പിടികൂടി പൊലീസിന് കൈമാറുക എന്നതാണ് ഇവരുടെ ജോലി. ബോളിവുഡില്‍ സിനിമാ താരങ്ങള്‍ക്ക് സമാനമായ സുരക്ഷാ സംവിധാനമുണ്ട്.

രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്‌സ്. നാവിക സേനയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ കാസര്‍കോട് സ്വദേശി അനില്‍ നായരാണ് സുരക്ഷാ ഏജന്‍സിയുടെ ഉടമ. തണ്ടര്‍ഫോഴ്‌സ് എന്ന പേരില്‍ പതിനൊന്നു സംസ്ഥാനങ്ങളില്‍ ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News