Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന സമയത്ത് നടന്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്ന് ജയില്‍ രേഖകള്‍.
വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നടന്‍ സിദ്ദിഖില്‍ നിന്ന് അപേക്ഷ പോലും വാങ്ങാതെയാണ് ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ആലുവ സബ് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നതായി ചൂണ്ടിക്കാട്ടി ജയില്‍ ഡിജിപിക്കു നേരത്തെ പരാതി ലഭിച്ചിരുന്നു. പ്രഭാത ഭക്ഷണം മുതല്‍ രാത്രി ഏറെ വൈകുംവരെ ജയില്‍ സൂപ്രണ്ടിന്റെ എസി മുറിയിലാണു കേസിലെ പ്രതിയായ ദിലീപ് കഴിയുന്നതെന്നു പരാതിക്കാരനായ ആലുവ സ്വദേശി ടി.ജെ. ഗിരീഷ് സമര്‍പ്പിച്ച പരാതിയില്‍ ആരോപിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സിനിമാപ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയതെന്നും സന്ദര്‍ശക രേഖയിലുണ്ട്. നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ്‌കുമാര്‍ ജയിലില്‍ എത്തിയതും കേസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്.
ജയില്‍ ഡി.ജി.പിയുടെ ശുപാര്‍ശ പ്രകാരം ജയില്‍ സുപ്രണ്ടിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇവര്‍ക്കെല്ലാം സന്ദര്‍ശന അനുമതി നല്‍കിയത്. അവധി ദിവസങ്ങളില്‍ പോലും സന്ദര്‍ശനം അനുവദിച്ചതായും ജയില്‍ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു ദിവസം മാത്രം 13 പേര്‍ക്ക് വരെ സന്ദര്‍ശനം അനുവദിച്ചതായും രേഖകളില്‍ പറയുന്നു.
നടന്‍ ജയറാമില്‍ നിന്ന് മതിയായ രേഖകള്‍ വാങ്ങാതെയാണ് ദിലീപിന് ഓണക്കോടി കൈമാറാന്‍ അനുമതി നല്‍കിയത്. ഒരു ദിവസം മാത്രം 13 പേര്‍ക്ക് വരെ സന്ദര്‍ശനം അനുവദിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് ജയിലിന് പുറത്ത് ബോര്‍ഡ് വെച്ചിട്ടുണ്ടെങ്കിലും ദിലീപിനെ കാണാന്‍ നിരവധി പേരാണ് അവധി ദിവസങ്ങളിലെത്തിയതെന്നും ടി.ജെ ഗിരീഷ് സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞിരുന്നു. സന്ദര്‍ശകരില്‍ പലരും കേസുമായി നേരിട്ടു ബന്ധമുള്ളവരും പ്രതികളെ സഹായിക്കുന്ന നിലപാടു സ്വീകരിച്ചവരുമാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
പിതാവിന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിനു കോടതി താല്‍ക്കാലിക അനുമതി നല്‍കിയ വിവരം പുറത്തുവന്നതുമുതലായിരുന്നു ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒറ്റയ്ക്കും കൂട്ടായും ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചത്.
കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ, തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ തുടങ്ങിയവര്‍ ഇന്നലെ ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു.
Leave a Reply