Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 6:02 pm

Menu

Published on December 14, 2017 at 1:29 pm

അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ കിട്ടുമ്പോഴും ബാക്കിയാകുന്ന ചോദ്യങ്ങള്‍….

three-questions-remain-unsolved-even-after-the-verdict-in-jisha-murder-case

കൊച്ചി: കേരളത്തെ ഞെട്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റക്കാരനെന്നു തെളിഞ്ഞ പ്രതി അമീറുല്‍ ഇസ്ലാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചിരുന്നു.

മാനഭംഗം ഉള്‍പ്പെടെ തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങള്‍ക്കു ജീവപര്യന്തം, 10 വര്‍ഷം, ഏഴു വര്‍ഷം എന്നിങ്ങനെ കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. നിരായുധയായ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.

അതേസമയം പ്രാകൃതമായ കൊലപാതകത്തിന് ശിക്ഷ അനുയോജ്യമെന്ന് സാമൂഹിക പ്രവര്‍ത്തക ബി. ഗീത പ്രതികരിച്ചു. അമീറുല്‍ ഇസ്ലാമാണ് ആ കുറ്റങ്ങള്‍ ചെയ്തതെങ്കില്‍ അദ്ദേഹത്തിന് ആ ശിക്ഷ ലഭിക്കണമെന്ന് പറയുമ്പോളും കേസില്‍ ചില കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ഇവയാണ്.

1. കേസില്‍ കുറുപ്പുംപടി സ്റ്റേഷന്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചത് അമീറുല്‍ ഇസ്ലാമിന് വേണ്ടിയാണോ.

2. പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച അപാകതകളെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു ആ പശ്ചാത്തലത്തില്‍ ഒരു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്ത് വരുത്താന്‍ തക്ക വിധത്തില്‍ ഇടപെടാന്‍ ശേഷിയുള്ള ആളാണോ അമീറുല്‍ ഇസ്ലാം.

3. അസമയത്ത്, അതായത് സമയ പരിധി അവസാനിച്ചതിന് ശേഷവും ശ്മശാനം ഉപയോഗിക്കാന്‍ മാത്രം സ്വാധീന ശേഷിയുള്ള വ്യക്തിയാണോ അമീറുല്‍ ഇസ്ലാമെന്ന അന്യസംസ്ഥാന തൊഴിലാളി.

ഈ ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം ലഭിച്ചാലേ കേസ് പൂര്‍ണമാകൂവെന്നും ബി. ഗീത പ്രതികരിക്കുന്നു. തെരഞ്ഞെടുപ്പില്‍ വരെ നിര്‍ണായക സ്വാധീനമാകാന്‍ സാധിച്ച വിഷയമായിരുന്നു ജിഷ വധമെന്നും ബി. ഗീത ചൂണ്ടിക്കാണിക്കുന്നു. കേസിലെ ആദ്യഘട്ടത്തില്‍ ഉണ്ടായ ഇത്തരം അപാകതകള്‍ക്ക് ഉത്തരം കണ്ടെത്തണമെന്നും ബി ഗീത ആവശ്യപ്പെടുന്നു.

ഐ.പി.സി 302 വകുപ്പ് പ്രകാരമാണ് കൊലപാതകത്തിന് കോടതി വധശിക്ഷ വിധിച്ചത്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് കോടതി വിധി അമീറിനെ അറിയിച്ചത്.

2016 ഏപ്രില്‍ 28നു വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍ വച്ചാണ് ജിഷ അതിദാരുണമായി കൊല്ലപ്പെട്ടത്. ഒന്നര മാസത്തോളം കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ പ്രതി അമീറുല്‍ ഇസ്ലാമിനെ 2016 ജൂണ്‍ 14ന് തമിഴ്നാട്കേരളാ അതിര്‍ത്തിയില്‍നിന്നാണു പൊലീസ് പിടികൂടുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News