Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 7:09 pm

Menu

Published on September 21, 2015 at 12:41 pm

പവിഴം കമ്പനി ഉടമയുടെ വെല്ലുവിളി ഏറ്റെടുത്ത് അജീഷ് ;അരിയില്‍ നിന്നും മെഴുക് എടുക്കുന്ന വീഡിയോ പുറത്തുവിട്ടു

ajeesh-lals-video-about-pavizham-rice

തിരുവനന്തപുരം:പവിഴം അരി കമ്പനി ഉടമയുടെ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി അജീഷ് ലാല്‍. അരിയിൽ നിന്നും മെഴുക് എടുക്കുന്ന വീഡിയോയുള്‍പ്പെടെയാണ് അജീഷ് സോഷ്യല്‍മീഡയയിലൂടെ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. പത്തുപേരുടെ മുന്നില്‍വെച്ച് അരി കഴുകി മെഴുകെടുത്ത് കാണിക്കാനായിരുന്നു വെല്ലുവിളി. ഇങ്ങനെ മെഴുകെടുത്ത് കാണിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ അപ്പോള്‍ തന്നെ നല്‍കുമെന്നും കമ്പനി അറിയിച്ചു.ഈ വെല്ലുവിളി ഏറ്റെടുത്താണ് അജീഷ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്. കമ്പനി ഉടമ വാഗ്ദാനം ചെയ്ത ഒരു ലക്ഷം രൂപ നെയ്യാറ്റില്‍കരയിലുള്ള കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന് നല്‍കണമെന്നും അജീഷ് അറിയിച്ചിട്ടുണ്ട്. ‘അവനവന്റെ ഗൃഹത്തിന്റെ സ്വകാര്യതയിലിരുന്നു ഫോട്ടോകള്‍ നിര്‍മ്മിച്ച് വ്യാജ പ്രചരണത്തിന് ഇറങ്ങുന്നവര്‍ പത്തു പേരുടെ മുന്നില്‍ വച്ച് ഞങ്ങളുടെ അരി കഴുകി മെഴുകെടുത്തു കാണിക്കുവാന്‍ ഞങ്ങള്‍ വെല്ലു വിളിക്കുന്നു. അങ്ങനെ മെഴുകെടുത്തു കാണിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ അപ്പോള്‍ തന്നെ സമ്മാനമായി നല്‍കുന്നതാണ്.’ എന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്.
പവിഴം മട്ട അരി കഴുകിയപ്പോള്‍ മെഴുക് കണ്ടെത്തിയ വിവരം ഫേസ്ബുക്കിലൂടെ നേരത്തെ അജീഷ് പുറത്തുവിട്ടിരുന്നു. പവിഴം അരി കഴുകുമ്പോഴുള്ള നിറവ്യത്യാസമൊന്നും തുടക്കത്തില്‍ അജീഷ് ശ്രദ്ധിച്ചിരുന്നില്ല. പിന്നീടത് പതിവായതോടെയാണ് ചുവന്ന അരി വെളുക്കാന്‍ തുടങ്ങുന്നത് ശ്രദ്ധിക്കുന്നത്. എത്ര കഴുകിയാലും അരിയില്‍ നിന്ന് ചുവന്ന നിറം വന്നു കൊണ്ടിരിക്കും. കൂടാതെ കൈവെള്ളയില്‍ ചുവന്ന നിറം പറ്റിപ്പിടിക്കുകയും ചെയ്യുമെന്ന സ്ഥിതിയായി. ഇതിന് കളയാനായി സോപ്പുപയോഗിച്ച് പലതവണ കഴുകിയെങ്കിലും പോകാതെ വന്നു. അതിനിടെ, പത്ത് കിലോയുടെ പവിഴം അരി പായ്ക്കറ്റ് വാങ്ങിയ അജീഷിന് അരിയെടുത്തപ്പോള്‍ ഒരു ചുവന്ന കട്ട കിട്ടുകയും ചെയ്തു. ചെമ്മണ്ണിന്റെ കട്ടയാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, പിന്നീടുള്ള പരിശോധനയില്‍ മെഴുകിന്റെ കട്ടയാണെന്ന് മനസിലാക്കി. അരി കഴുകുമ്പോള്‍ കൈയില്‍ പറ്റിയിരിക്കുന്ന ചുവന്ന നിറം സോപ്പ് ഉപയോഗിച്ച് കഴുകിയിട്ടും പോകാത്തതിനെ തുടര്‍ന്നാണ് അതും പരിശോധിച്ചത്. കൈപ്പത്തിയില്‍ നിന്നും കളര്‍ കത്തികൊണ്ടു വടിച്ചെടുത്ത് നോക്കിയപ്പോഴാണ് അതും മെഴുകാണെന്ന് മനസിലായത്. ഇതേത്തുടര്‍ന്ന് മായം കലര്‍ന്ന അരി കണ്ടുപിടിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണര്‍ ടി.വി അനുപമ ഐ.എ.എസിന്റെ നിര്‍ദേശ പ്രകാരം പരിശോധന നടത്തുകയും ചെയ്തിരുന്നു.അരിയില്‍ മായമുണ്ടെന്ന പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് കമ്പനിയുടെ നേരത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ajeesh

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News