Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 10:15 am

Menu

Published on October 20, 2014 at 9:57 am

ഹരിയാനയില്‍ ബിജെപി അധികാരത്തില്‍; മഹാരാഷ്ട്രയില്‍ ഏറ്റവും വലിയകക്ഷി;കോണ്‍ഗ്രസ്സിന് തിരിച്ചടി

bjp-surge-in-haryana-could-need-partner-in-maharashtra

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്കു നേട്ടം. ഹരിയാനയില്‍ ഭരിക്കാന്‍ വേണ്ട വ്യക്തമായ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറി. കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് രണ്ട് സംസ്ഥാനങ്ങളില്‍ നേരിട്ടത്. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.ഇതോടെ രാജ്യത്തു ബി.ജെ.പി. ഭരിക്കുന്ന സംസ്‌ഥാനങ്ങളുടെ എണ്ണം ഏഴാകും. മഹാരാഷ്‌ട്രയിലും ഹരിയാനയിലും ആദ്യമായാണു ബി.ജെ.പി. മുഖ്യമന്ത്രിസ്‌ഥാനത്തെത്തുന്നത്‌. സഖ്യകക്ഷികളെ കൈവിട്ട്‌ ഇരുസംസ്‌ഥാനങ്ങളിലും ബി.ജെ.പി. നടത്തിയ രാഷ്‌ട്രീയസാഹസം വിജയിച്ചു. 288 അംഗ മഹാരാഷ്‌ട്ര നിയമസഭയില്‍ ബി.ജെ.പി. 122 സീറ്റ്‌ നേടി. സഖ്യം പിരിഞ്ഞ ശിവസേന 63 സീറ്റുമായി രണ്ടാമതെത്തി. ഭരണം നഷ്‌ടപ്പെട്ട കോണ്‍ഗ്രസ്‌ (42) മൂന്നാമതും എന്‍.സി.പി. (41) നാലാമതുമാണ്‌.തൊണ്ണൂറംഗ ഹരിയാന നിയമസഭയില്‍ ബി.ജെ.പി. നാലു സീറ്റില്‍നിന്ന്‌ 47 സീറ്റിലേക്കു വന്‍കുതിപ്പു നടത്തി. 19 സീറ്റുമായി ഐ.എന്‍.എല്‍.ഡി. മുഖ്യപ്രതിപക്ഷമായപ്പോള്‍ നിലവിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ്‌ 15 സീറ്റിലൊതുങ്ങി. ഇതോടൊപ്പം നടന്ന അരുണാചല്‍പ്രദേശ്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ജയിച്ചു. ഒഡീഷയിലെ കാണ്ഡമാല്‍ ലോക്‌സഭാ മണ്ഡലം ബി.ജെ.ഡി. നിലനിര്‍ത്തി. നാഗാലാന്‍ഡ്‌, മിസോറം നിയമസഭകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്നു നടക്കും. മഹാസഖ്യങ്ങള്‍ തകര്‍ന്നടിഞ്ഞ മറാത്താമണ്ണിലെ വിജയം ബി.ജെ.പിക്ക്‌ ഏറെ ആവേശം പകരുന്നതാണ്‌. ശിവസേനയുമായി കാല്‍നൂറ്റാണ്ടു നീണ്ട സഖ്യമുപേക്ഷിച്ചാണു ബി.ജെ.പി. മത്സരരംഗത്തിറങ്ങിയത്‌. മുഖ്യമന്ത്രിസ്‌ഥാനം സംബന്ധിച്ച തര്‍ക്കമാണ്‌ ഒറ്റയ്‌ക്കു മത്സരിക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്‌. തൊട്ടുപിന്നാലെ എന്‍.സി.പി. സഖ്യമുപേക്ഷിച്ച്‌ കോണ്‍ഗ്രസും രാഷ്‌ട്രീയപരീക്ഷണത്തിനിറങ്ങി. കോണ്‍ഗ്രസിന്റെ കോട്ടകള്‍ തകര്‍ത്താണു ബി.ജെ.പിയുടെ മുന്നേറ്റം. എക്കാലവും കോണ്‍ഗ്രസിനൊപ്പം നിന്ന വിദര്‍ഭയും ബി.ജെ.പി. പിടിച്ചെടുത്തു. മഹാരാഷ്‌ട്ര നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 81-ല്‍നിന്ന്‌ 42-ലേക്കു കൂപ്പുകുത്തി. ഓള്‍ ഇന്ത്യ മജ്‌ലിസ്‌-ഇ-ഇത്തിഹാദുള്‍ മുസ്ലിമിന്‍ രണ്ടു സീറ്റ്‌ നേടി. സി.പി.എം, എം.എന്‍.എസ്‌, ബഹുജന്‍ വികാസ്‌ ആഗാദി എന്നിവ ഓരോ സീറ്റ്‌ നേടി. കോണ്‍ഗ്രസിന്റെ പ്രചാരണസമിതി നേതാവും മുന്‍മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ, ശിവസേനയുടെ വിഭവ്‌ നായിക്കിനോടു കൂഡല്‍ മണ്ഡലത്തില്‍ അടിയറവു പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത കോണ്‍ഗ്രസ്‌ സംസ്‌ഥാനാധ്യക്ഷന്‍ മണിക്‌ റാവു താക്കറേ രാജിവച്ചു. പ്രതിപക്ഷത്തിന്റെ ചുമതലയേറ്റെടുക്കാനാണു ജനം കോണ്‍ഗ്രസിനെ നിയോഗിച്ചതെന്ന്‌ അദ്ദേഹം പ്രതികരിച്ചു. ശിവസേനയോടു തൊട്ടുകൂടായ്‌മയില്ലെന്നും മുഖ്യമന്ത്രിസ്‌ഥാനം ബി.ജെ.പിക്കായിരിക്കുമെന്നും സംസ്‌ഥാനാധ്യഷന്‍ ദേവേന്ദ്ര ഫഡ്‌നാവിസ്‌ പറഞ്ഞു. പഴയ സഖ്യം തുടരണമെങ്കില്‍ മുഖ്യമന്ത്രിസ്‌ഥാനം ശിവസേന ആവശ്യപ്പെട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണു ദേവേന്ദ്ര നയം വ്യക്‌തമാക്കിയത്‌.ഹരിയാനയില്‍ ഇതുവരെ രണ്ടാംകക്ഷിയായി ഒതുങ്ങിയ ബി.ജെ.പി, ആരുമായും സഖ്യമില്ലാതെ അധികാരം പിടിച്ചെടുക്കാനുള്ള കരുനീക്കത്തിലായിരുന്നു. കഴിഞ്ഞ നിയമസഭയില്‍ പാര്‍ട്ടിക്കു നാലു സീറ്റ്‌ മാത്രമായിരുന്നു. മുന്‍മുഖ്യമന്ത്രി ഭജന്‍ലാലിന്റെ മകന്‍ കുല്‍ദീപ്‌ ബിഷ്‌ണോയിയുടെ ഹരിയാന ജനഹിത്‌ കോണ്‍ഗ്രസ്‌ (എച്ച്‌.ജെ.സി) തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണു ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്‌. പ്രചാരണം ഒറ്റയ്‌ക്കു നയിച്ച നരേന്ദ്ര മോഡിയുടെ വിജയംകൂടിയാണു ഹരിയാനയിലേത്‌. സംസ്‌ഥാനത്തു 11 റാലികളില്‍ പ്രസംഗിച്ച മോഡി, തെരഞ്ഞെടുപ്പുവരെ സജീവമായിരുന്നു. അതുതന്നെയാണു വിജയഹേതുവെന്നു മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും സമ്മതിക്കുന്നു. കഴിഞ്ഞ 10 വര്‍ഷമായി നടപ്പാക്കുന്ന വികസനം തുടരാന്‍ പുതിയ സര്‍ക്കാരിനു സാധിക്കട്ടെയെന്നാണു ഹരിയാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ ഭൂപീന്ദര്‍ സിംഗ്‌ ഹൂഡയുടെ പ്രതികരണം. ഹൂഡ ഗാര്‍ഹി സാംപ്‌ല-കിലോയ്‌ മണ്ഡലത്തില്‍ ജയിച്ചു.ബിഷ്‌ണോയിയുടെ ഹരിയാന ജനഹിത്‌ കോണ്‍ഗ്രസ്‌, മുന്‍കേന്ദ്രമന്ത്രി വിനോദ്‌ ശര്‍മയുടെ ജന്‍ചേതനാ പാര്‍ട്ടി, ബി.എസ്‌.പി, ഇടതുകക്ഷികള്‍, ഗോപാല്‍ കണ്ട, ഹരിയാന ലോക്‌ഹിത്‌ പാര്‍ട്ടി എന്നിവ ഹരിയാനയില്‍ അപ്രസക്‌തമായി. ബി.ജെ.പിയുടെ അനില്‍ വിജ്‌, ഐ.എന്‍.എല്‍.ഡി. നേതാവ്‌ അഭയ്‌ സിംഗ്‌ ചൗതാല, നെയ്‌നസിംഗ്‌ ചൗതാല, ഹരിയാന മന്ത്രിയും കോണ്‍ഗ്രസ്‌ വക്‌താവുമായ രണ്‍ദീപ്‌സിംഗ്‌ സുര്‍ജേവാല എന്നിവരും ജയിച്ച പ്രമുഖരില്‍പെടുന്നു.വികസനനയം വിജയത്തിലേറ്റുമെന്നു പ്രതീക്ഷിച്ച ഹൂഡയ്‌ക്കും കോണ്‍ഗ്രസിനുമേറ്റ വന്‍തിരിച്ചടിയാണു ബി.ജെ.പിയുടെ ജയം. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട്‌ വാധ്രയുടെ ഭൂമിയിടപാടും തോല്‍വിക്ക്‌ ആക്കം കൂട്ടി. ഹൂഡയുടെ മണ്ഡലമുള്‍പ്പെട്ട രോഹ്‌തക്കില്‍ മാത്രമാണു വികസനമെത്തിച്ചതെന്ന ആരോപണം നേരിടാനും കോണ്‍ഗ്രസിനു കഴിഞ്ഞില്ല. പിന്നാക്കവിഭാഗങ്ങളുടെയും ദളിതരുടെയും പിന്തുണ ബി.ജെ.പിക്കു നേട്ടമായി. കേന്ദ്രമന്ത്രിമാരായ റാവു ഇന്ദര്‍ജിത്ത്‌ സിംഗ്‌, കിഷന്‍ പാല്‍, പാര്‍ട്ടി സംസ്‌ഥാനാധ്യക്ഷന്‍ രാം ബിലാസ്‌ ശര്‍മ, ക്യാപ്‌റ്റന്‍ അഭിമന്യു, ജാട്ട്‌ നേതാവ്‌ ബീരേന്ദര്‍ സിംഗ്‌, മനോഹര്‍ലാല്‍ ഘട്ടര്‍ എന്നിവരെയാണു ബി.ജെ.പി. മുഖ്യമന്ത്രിസ്‌ഥാനത്തേക്കു പരിഗണിക്കുന്നത്‌. ക്യാപ്‌റ്റന്‍ അഭിമന്യു ജാട്ട്‌ സമുദായാംഗവും രാംവിലാസ്‌ ശര്‍മ ബ്രാഹ്‌മണനേതാവുമാണ്‌. 27 ജാട്ടുകള്‍ക്കാണു ബി.ജെ.പി സീറ്റ്‌ നല്‍കിയത്‌. ഏറ്റവും കൂടുതല്‍ ജാട്ടുകള്‍ക്കു സീറ്റ്‌ നല്‍കിയതും ബി.ജെ.പിയാണ്‌.

Loading...

Leave a Reply

Your email address will not be published.

More News