Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചാലക്കുടി: റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ അങ്കമാലി നായത്തോട് വീരന്‍പറമ്പില്‍ രാജീവ് (46) കൊലപാതക കേസിലെ മുഖ്യപ്രതി അങ്കമാലി സ്വദേശി ചക്കര ജോണി രാജ്യം വിട്ടതായി സൂചന.
സംഭവത്തിനു പിന്നിലെ മുഖ്യ സൂത്രധാരനെന്നു കരുതപ്പെടുന്ന ഇയാള്‍ക്ക് മൂന്നു രാജ്യങ്ങളുടെ വീസയുള്ളതാണ് സംശയത്തിനു കാരണം. ഓസ്ട്രേലിയ, യുഎഇ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കുള്ള വീസയാണ് ഇയാളുടെ കൈവശമുള്ളത്. ഇയാള്‍ക്കായി വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കൊല നടത്തിയെന്നു സംശയിക്കുന്ന നാലുപേരടങ്ങുന്ന ക്വട്ടേഷന്‍ സംഘത്തെ അഞ്ചു മണിക്കൂറിനുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണു പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. തട്ടിക്കൊണ്ടുവന്ന ശേഷം ഇവിടെ കൊല നടത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ശ്വാസംമുട്ടിച്ചായിരുന്നു കൊലപാതകം. ഇതിനായി ഉപയോഗിച്ച പായ മൃതദേഹത്തിനരികില്‍നിന്നു കണ്ടെത്തി.
പ്രമുഖ അഭിഭാഷകന്‍ സി.പി. ഉദയഭാനുവില്‍നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്നുകാട്ടി മൂന്നു മാസം മുന്‍പു ഡിജിപിക്കു രാജീവ് പരാതി നല്‍കിയ സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ പങ്കും അന്വേഷിക്കുമെന്ന് റൂറല്‍ പൊലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു. ആരോപണവിധേയരായ രണ്ടു പേരില്‍ ഒരാള്‍ക്കു രാജീവ് മൂന്നു കോടി രൂപയും മറ്റേയാള്‍ക്ക് 70 ലക്ഷം രൂപയും നല്‍കാനുണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
നോട്ട് നിരോധനം വന്നതും വന്‍ പണമിടപാടുകള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയതും കാരണം പണം തിരികെ നല്‍കുന്നതു വൈകാനിടയാക്കിയെന്നാണു സൂചന.
Leave a Reply