Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 8:08 am

Menu

Published on December 9, 2017 at 10:15 am

ഓഖി ചുഴലിക്കാറ്റ്; ലക്ഷദ്വീപില്‍ അഭയം തേടിയ 320 പേര്‍ ഇന്നും നാളെയുമായി കേരളത്തിലെത്തും

cyclone-ockhi-rescue-operation

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ അഭയം തേടിയത് 352 ആളുകളെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍. ഇതില്‍ 320 ആളുകള്‍ ഇന്നും നാളെയുമായി കേരളത്തിലെത്തും. സ്വന്തം നിലയ്ക്ക് ബോട്ടില്‍ വരുന്നവരും ഇതില്‍പെടും. ഇതില്‍ 150 മത്സ്യത്തൊഴിലാളികള്‍ ഇന്ന് കൊച്ചിയിലേക്ക് തിരിച്ചു.

കൂടാതെ ലക്ഷദ്വീപില്‍ നിന്ന് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 51 മത്സ്യത്തൊഴിലാളികളുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ എം.വി. കവരത്തി എന്ന കപ്പല്‍ ഇന്ന് കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ഇതില്‍ 45 പേരും തമിഴ്നാട് സ്വദേശികളാണ്. ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനുള്ള സൗകര്യം കേരളാ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

അതേസമയം ഓഖി ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് നല്‍കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 5.30ന് അദ്ദേഹത്തിന്റെ വസതിയിലാണ് കൂടിക്കാഴ്ച.

ദുരന്തത്തെ തുടര്‍ന്ന് കടലില്‍ വെച്ച് മരിച്ച ആളുകളുടെ മൃതദേഹം കണ്ടെത്തുന്നതിന് നാവിക സേനയുടെ സഹായം തേടും. ഇതിനായി ഇന്ന് വൈകുന്നേരം കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനുമായും പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും.

ഇന്നും കടലില്‍പ്പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുന്നുണ്ട്. 12 കപ്പലുകളിലായാണ് ഇപ്പോള്‍ തിരിച്ചില്‍ നടക്കുന്നത്. ദുരന്തത്തില്‍ ഇതുവരെ 38 പേരാണ് മരിച്ചത്. അവരില്‍ 19 പേരെ തിരിച്ചറിഞ്ഞു. ദുരന്തം നടന്ന് ഒന്‍പത് ദിവസങ്ങള്‍ പിന്നിടുമ്പോഴും കടലില്‍ തിരിച്ചില്‍ നടക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News