Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍. ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് അന്വേഷണ സംഘത്തെ വെട്ടിച്ച് ഇയാള്‍ മുങ്ങിയതെന്നാണ് സൂചന.
സംഭവത്തില്‍ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. അപ്പുണ്ണിയോട് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് പോലീസ് അപ്പുണ്ണിയുടെ ഏലൂരിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ കൈവശമുള്ള അഞ്ച് നമ്പറുകളിലും ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയതായാണ് സൂചന.
കേസില്‍ അപ്പുണ്ണിക്ക് നേരിട്ട് പങ്കുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മുഖ്യപ്രതിയായ പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്നതിന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി അടുപ്പമുള്ളവരുടെ നമ്പറുകളിലേക്ക് നിരന്തരം വിളിച്ചതിനും തെളിവ് ലഭിച്ചിരുന്നു. സംഭവം നടക്കുന്നതിന് മുന്‍പ് പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന നാല് ഫോണ്‍ നമ്പരുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.
സുനി വിളിച്ചതിന് പിന്നാലെ ഇവയില്‍ പല നമ്പരുകളില്‍ നിന്നും അപ്പുണ്ണിയുടെ നമ്പരുകളിലേക്ക് കോളുകള്‍ വന്നിട്ടുണ്ടെന്നും വ്യക്തമായിരുന്നു. ഇക്കാര്യങ്ങളൊക്കെ അപ്പുണ്ണിയെ കേസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഘടകങ്ങളാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അതേസമയം നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസിന്റെ നീക്കം. രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാക്കി വീണ്ടും കസ്റ്റഡി കാലാവധി നീട്ടിത്തരാനുളള അപേക്ഷ സമര്‍പ്പിക്കാനാണ് പൊലീസിന്റെ നീക്കം.
ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. മുഖ്യപ്രതി പള്‍സര്‍ സുനി കുറ്റകൃത്യം നടത്തിയശേഷം അഭിഭാഷകനായ പ്രതീഷ് ചാക്കോയെ കണ്ടത് ദിലീപിന്റെ നിര്‍ദേശ പ്രകാരമാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
നടി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്നാണ് പള്‍സര്‍ ആദ്യം നല്‍കിയ മൊഴിയും. ഇക്കാര്യം വ്യക്തമാക്കിയായിരിക്കും കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാന്‍ പൊലീസ് ആവശ്യപ്പെടുന്നത്. നേരത്തെ മൂന്നുദിവസത്തെ കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നെങ്കിലും രണ്ടുദിവസത്തേക്കാണ് പൊലീസിന് ദിലീപിനെ വിട്ടുകിട്ടിയത്. അതേസമയം അഭിഭാഷകനായ പ്രതീഷ് ചാക്കോയെ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തേക്കും.
Leave a Reply