Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫ്യൂയോക്കിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനില്ലെന്നു നടന്‍ ദിലീപ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തല്‍ക്കാലം ഒരു സംഘടനയുടെയും പദവി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം സംഘടനാ ജനറല്‍ സെക്രട്ടറി എം.സി.ബോബിക്ക് അയച്ച കത്തില്‍ പറഞ്ഞു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജൂലൈ 10 നു ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കി വൈസ് പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂരിനെ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍, 85 ദിവസത്തെ ജയില്‍വാസത്തിനുശേഷം ജാമ്യം ലഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ദിലീപിനെ പ്രസിഡന്റ് സ്ഥാനത്തേക്കു തിരികെക്കൊണ്ടുവരാനാണു സംഘടന തീരുമാനിച്ചത്.
ചൊവ്വാഴ്ച കൊച്ചിയില്‍ നടന്ന പ്രത്യേക യോഗത്തിലാണ് പ്രസിഡന്റ് സ്ഥാനം ദിലീപിന് തിരിച്ചുനല്‍കിയത്. എന്നാല്‍, ബുധനാഴ്ച ഈ സ്ഥാനം വേണ്ടെന്ന് അറിയിച്ച് ദിലീപ് ഫിയോക്കിന് കത്തു നല്‍കി. സ്ഥാനമാനങ്ങളൊന്നും വേണ്ട, താനൊരു സാധാരണ അംഗമായി പ്രവര്‍ത്തിക്കാമെന്നാണ് ദിലീപ് കത്തില്‍ പറഞ്ഞത്.
അച്ചടക്ക നടപടിയുടെ ഭാഗമായി ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കുകയല്ല, സാങ്കേതികമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ തല്‍ക്കാലം സ്ഥാനത്ത് നിന്ന് നീക്കുക മാത്രമാണ് ഉണ്ടായതെന്നാണ് ആന്റണി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന സമരത്തെ തുടര്‍ന്ന് ദിലീപ് മുന്‍കൈയെടുത്താണ് ഫിയോക്ക് എന്ന പുതിയ സംഘടന രൂപവല്‍ക്കരിക്കുന്നത്. എന്നാല്‍, പിന്നീട് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ദിലീപിനെ പുറത്താക്കി ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റാവുകയായിരുന്നു.
ദിലീപ് അയച്ച കത്തിന്റെ പൂര്‍ണ രൂപം:
”ഫ്യൂയോക് സംഘടനയുടെ പ്രസിഡന്റ് പദവി വീണ്ടും എനിക്കു നല്‍കാന്‍ സന്നദ്ധത കാണിച്ച സംഘടനാ ഭാരവാഹികള്‍ക്കും മറ്റ് അംഗങ്ങള്‍ക്കുമുള്ള എന്റെ ഹൃദയം നിറഞ്ഞ നന്ദി ആദ്യമേ തന്നെ രേഖപ്പെടുത്തട്ടെ. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍ തല്‍ക്കാലം ഒരു സംഘടനയുടെയും പദവി ഏറ്റെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ഇതിനാല്‍ സ്‌നേഹപൂര്‍വം അറിയിക്കുകയാണ്. ഫ്യുയോക് സംഘടനയുടെ ഒരംഗം എന്ന നിലയില്‍ എന്റെ എല്ലാവിധ ആശംസകളും പ്രാര്‍ഥനകളും ഒപ്പം പരിപൂര്‍ണ പിന്തുണയും എന്നുമുണ്ടാകുമെന്ന് അറിയിച്ചുകൊണ്ട്… നിങ്ങളുടെ സ്വന്തം ദിലീപ്.”
Leave a Reply