Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിനു പിന്നാലെ നടന്‍ ദിലീപിനെ തള്ളിപ്പറഞ്ഞും ഗുരുതര ആരോപണങ്ങളുമായയും പലരും രംഗത്തെത്തിയിരുന്നു. സിനിമയില്‍ പലരെയും ഒതുക്കാന്‍ ദിലീപ് കളിച്ച കളികളായിരുന്നു ഇതില്‍ എല്ലാവരുടേയും മുഖ്യവിഷയം. വ്യക്തിപരമായി ദിലീപില്‍ നിന്നുണ്ടായ പ്രശ്‌നങ്ങളും പലരും പങ്കുവെച്ചിരുന്നു.
എന്നാല്‍ ദിലീപ് നല്‍കിയ ചെക്ക് കേസില്‍ പ്രതിയായി മാനസിക വിഷമം അനുഭവിച്ച ദിനേഷ് പണിക്കര്‍ എന്ന നിര്‍മ്മാതാവ് ഇക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നു. പലരും ദിലീപുമായുള്ള പഴയ ശത്രുത തീര്‍ക്കാന്‍ ഈ അവസരം ഉപയോഗിക്കുമ്പോള്‍ ദിനേശ് പണിക്കര്‍ അതിന് തയ്യാറല്ല.
താന്‍ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും നടത്തുന്നില്ല. 15 വര്‍ഷം മുമ്പ് ദിലീപ് വാദിയും താന്‍ പ്രതിയുമായി ഒരു കേസ് നടന്നു എന്നുള്ളത് സത്യമാണ്. അന്ന് ഒരാഴ്ചയ്ക്കുള്ളില്‍ നടന്മാരുടെ സംഘടനും നിര്‍മാതാക്കളും സംവിധായകരുമൊക്കെ ചേര്‍ന്ന് കേസ് ഒത്തു തീര്‍പ്പാക്കിയെന്ന് മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ദിനേശ് പണിക്കര്‍ വ്യക്തമാക്കി.
ഇന്നസെന്റൊക്കെ അന്ന് കാര്യക്ഷമമായി കേസില്‍ ഇടപെട്ടു. അതിനുശേഷം താനും ദിലീപും തമ്മിലുള്ള തെറ്റിദ്ധാരണകള്‍ മാറിയെന്നും പിന്നീട് സൗഹൃദപൂര്‍വമേ തങ്ങള്‍ ഇടപഴകിയിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല ദിലീപിന്റെ സിനിമകളിലൊക്കെ തന്നെ അഭിനയിക്കാന്‍ വിളിക്കാറുണ്ടെന്നും ദിലീപിനെ നായകനാക്കി പിന്നീട് ഒരു സിനിമ നിര്‍മ്മിക്കാനും താന്‍ പദ്ധതിയിട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. ദിലീപിന്റെ ഏത് പരിപാടിക്കും തന്നെ വിളിക്കാറുണ്ട്. ദിലീപിന്റെ തീയേറ്റര്‍ ഉദ്ഘാടനത്തിനും വ്യക്തിപരമായി വിളിച്ചിരുന്നുവെന്നും ദിനേശ് പണിക്കര്‍ ചൂണ്ടിക്കാട്ടി.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്നൊന്നും പറയാന്‍ താനാളല്ല. അദ്ദേഹം ഈ കേസില്‍ കുറ്റം ചെയ്തിട്ടുണ്ടാകരുതേ എന്നും താന്‍ മനസുകൊണ്ട് പ്രാര്‍ത്ഥിക്കുന്നു. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുകയും വേണം. ദിലീപിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ ഊഹിക്കാവുന്നതേ ഉള്ളൂ. ഈ സമയം മുതലെടുത്ത് പഴയ സംഭവങ്ങളുടെ പേരില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ താന്‍ ശ്രമിക്കില്ലെന്നും ദിനേശ് പണിക്കര്‍ വ്യക്തമാക്കി.
അതേമസയം ചെക്ക് കേസില്‍ ദിനേശ് പണിക്കര്‍ കിടന്ന സെല്ലിലാണ് ദിലീപ് കിടക്കുന്നതെന്ന് ചിലര്‍ ചാനല്‍ ചര്‍ച്ചകളില്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇത് വാസ്തവവിരുദ്ധമായ വാര്‍ത്തയാണെന്ന് അദ്ദേഹം പറഞ്ഞു.
അറസ്റ്റിലായി മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കുമ്പോള്‍ തനിക്ക് ബോധക്ഷയമുണ്ടായി. തുടര്‍ന്ന് രണ്ട് ദിവസം ആശുപത്രിയിലാണ് കിടന്നത്. രണ്ട് ദിവസത്തിന് ശേഷം ജാമ്യം കിട്ടുകയും ചെയ്തു. അതിനാല്‍ ജയിലില്‍ കിടക്കേണ്ടി വന്നില്ല. ജയിലില്‍ അടച്ചിരുന്നെങ്കില്‍ അത് ആലുവ സബ്ജയിലില്‍ ആകുമായിരുന്നെന്നും ദിനേശ് പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഉദയപുരം സുല്‍ത്താന്‍ എന്ന ചിത്രത്തിന്റെ വിതരണക്കാരനായിരുന്ന ദിനേശ് പണിക്കര്‍ നല്‍കിയ ഒന്നരലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്നാരോപിച്ച് 15 വര്‍ഷം മുമ്പ് ദിലീപ് ദിനേശ് പണിക്കര്‍ക്കെതിരെ കേസ് നല്‍കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് മജിസ്‌ടേറ്റിനുമുമ്പില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
Leave a Reply