Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 8:57 am

Menu

Published on October 20, 2017 at 12:19 pm

ആംബുലന്‍സിനു പൈലറ്റ് പോയതാണ്; വിചിത്രവാദവുമായി ആംബുലന്‍സിന്റെ വഴിതടഞ്ഞ വാഹന ഉടമ

driver-did-not-give-way-for-ambulance-says-he-went-as-pilot-vehicle

കൊച്ചി: അത്യാസന്ന നിലയിലായ നവജാതശിശുവുമായി ആശുപത്രിയിലേക്കു പോയ ആംബുലന്‍സിന്റെ വഴി തടഞ്ഞ സംഭവത്തില്‍ വിചിത്രവാദവുമായി വാഹന ഉടമ.

താന്‍ ആബുലന്‍സിനു പൈലറ്റ് പോയതാണെന്നാണ് വാഹന ഉടമയുടെ മൊഴി. മറ്റുവാഹനങ്ങള്‍ ആംബുലന്‍സിനു മുമ്പില്‍ തടസമാകാതിരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി. ആംബുലന്‍സിന് വഴി നല്‍കാതെ വാഹനമോടിച്ച സംഭവത്തില്‍ ആലുവ പൈനാടത്ത് വീട്ടില്‍ നിര്‍മ്മല്‍ ജോസ് എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

ഇയാളുടെ കെ.എല്‍. 17 എല്‍ 202 എന്ന നമ്പറിലുള്ള ഫോര്‍ഡ് എക്കോ സ്‌പോര്‍ട്ട് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നുളള ചോദ്യം ചെയ്യലിലാണ് ഇയാള്‍ പൈലറ്റ് പോയതാണെന്ന വിചിത്രവാദവുമായി രംഗത്തുവന്നത്. അതേസമയം, സംഭവത്തില്‍ ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായി.

അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് ഇയാളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് നിര്‍ദേശം നല്‍കുമെന്ന് ആലുവ ജോയിന്റ് ആര്‍.ടി.ഒ സി.എസ് അയ്യപ്പന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പൊലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു.

ശ്വാസതടസ്സം നേരിട്ട് അത്യാസന്ന നിലയിലായ നവജാത ശിശുവുമായി കളമശേരിയിലെ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നു പോയ ആംബുലന്‍സിനെ കാര്‍ ഡ്രൈവര്‍ കടത്തിവിട്ടിരുന്നില്ല.

ആംബുലന്‍സിനു വഴികൊടുക്കാതെ പായുന്ന കാറിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചിനാണു കുട്ടിയുമായി ആംബുലന്‍സ് ഡ്രൈവര്‍ പി.കെ. മധു താലൂക്ക് ആശുപത്രിയിലേക്കു പുറപ്പെട്ടത്. സാധാരണ 15 മിനിറ്റിനുള്ളില്‍ കളമശേരിയില്‍ എത്താറുള്ള ആംബുലന്‍സ് ഇതുകാരണം 35 മിനിറ്റ് കൊണ്ടാണ് എത്തിയത്. സംഭവ സമയം ആംബുലന്‍സില്‍ കുഞ്ഞിന്റെ അമ്മയും നഴ്‌സുമുണ്ടായിരുന്നു.

രാജഗിരി ആശുപത്രിക്കു മുന്നില്‍നിന്ന് കൊച്ചിന്‍ ബാങ്ക് വരെ കിലോമീറ്ററുകളോളം ദൂരം ആംബുലന്‍സിന് തടസ്സം സൃഷ്ടിച്ച് കാര്‍ ഓടിച്ചതായാണ് ആംബുലന്‍സ് ഡ്രൈവര്‍ പരാതിപ്പെട്ടത്. കൊച്ചിന്‍ ബാങ്കില്‍നിന്ന് എന്‍.എ.ഡി. റോഡിലേക്ക് ആംബുലന്‍സ് തിരിഞ്ഞതോടെയാണ് കാറിന്റെ ശല്യം ഒഴിവായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News