Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയില്‍ നിന്ന് ഇ. ശ്രീധരന്‍ കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് അടക്കമുള്ള പ്രമുഖരെ ഒഴിവാക്കി. മെട്രോയുടെ തുടക്കം മുതല്‍ ഒപ്പമുണ്ടായിരുന്നവരാണ് ഇ. ശ്രീധരനും ഏലിയാസ് ജോര്‍ജും.
സ്ഥലം എം.എല്‍.എ പി.ടി തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവര്‍ക്കു മാത്രമാകും വേദിയില്‍ ഇരിപ്പിടമുണ്ടാകുക. വേദിയില്‍ ഇരിക്കേണ്ടവരുടേതായി ഈ നാല് പേരുടെ പേരുകളാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയിട്ടുള്ളത്.
കൂടാതെ കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ഗതാഗതമന്ത്രി തോമസ് ചാണ്ടി, കെ.വി തോമസ് എം.പി എന്നിവരെ കൂടി വേദിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്
വേദിയില്‍ ഇരിക്കേണ്ട പതിമൂന്നു പേരുടെ പട്ടികയാണ് കെ.എം.ആര്‍.എല്‍ തയാറാക്കി നല്‍കിയിരുന്നത്. എന്നാല്‍ എസ്.പി.ജി സുരക്ഷാ ചര്‍ച്ചകള്‍ക്കുശേഷം അത് ചുരുക്കുകയായിരുന്നു. അതേസമയം, മെട്രോയുടെ നിര്‍മ്മാണോദ്ഘാടനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ് നിര്‍വഹിച്ചപ്പോള്‍ ഇത്തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. മെട്രോ മാന്‍ ഇ. ശ്രീധരനും അന്ന് വേദിയില്‍ ഇടംപിടിച്ചിരുന്നു.
ജനപ്രതിനിധികളെ വേദിയില്‍നിന്ന് ഒഴിവാക്കിയത് അവഹേളനമാണെന്ന് പി.ടി തോമസ് എം.എല്‍.എ പ്രതികരിച്ചു. നടപടിക്കെതിരെ പ്രതിഷേധമുയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അസ്വാഭാവികത ഇല്ലാത്ത തീരുമാനമാണെന്നും അത് അംഗീകരിക്കുന്നുവെന്നുമായിരുന്നു ഇ. ശ്രീധരന്റെ പ്രതികരണം.
ഈ ശനിയാഴ്ച രാവിലെ 11നാണ് കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. ആലുവയില്‍ നടത്താനിരുന്ന ഉദ്ഘാടനച്ചടങ്ങ് എസ്.പി.ജിയുടെ നിര്‍ദേശപ്രകാരം കലൂര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.
Leave a Reply