Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കഴിഞ്ഞ ദിവസം ആന കൈ കടിച്ചെടുത്തതിനെത്തുടര്‍ന്നു ഗുരുതരാവസ്ഥയില്‍ ആശുപത്രിയി പ്രവേശിപ്പിക്കപ്പെട്ട പാപ്പാന്റെ വലതുകൈ മുട്ടിനു താഴെ മുറിച്ചുമാറ്റി.
എസ്എല്‍ പുരം സ്വദേശി പ്രതാപന്റെ വലതുകയ്യാണ് മുറിച്ചുമാറ്റേണ്ടി വന്നത്. ഉത്സവ എഴുന്നള്ളിപ്പിനും മറ്റുമായി പത്തനംതിട്ട കോഴഞ്ചേരിയില്‍ നിന്ന് അഞ്ചു മാസം മുന്‍പു അദ്ദേഹം തന്നെ പാട്ടത്തിനെടുത്ത നാരായണന്‍കുട്ടി എന്ന ആനയാണ് പ്രതാപനെ ആക്രമിച്ചത്.
സംഭവം നടന്ന ഞായറാഴ്ച രാത്രി തന്നെ കൈ തുന്നിച്ചേര്‍ക്കാന്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും രക്തക്കുഴലുകള്‍ എല്ലാം പ്രവര്‍ത്തനരഹിതമായതിനാല്‍ കൈ മുറിച്ചു മാറ്റേണ്ടി വരികയായിരുന്നുവെന്ന് കൊച്ചിയിലെ സ്‌പെഷലിസ്റ്റ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. മനോജ് എം. സനാപ്പിന്റെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം പ്രതാപനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അടുത്ത ദിവസം പ്രതാപന്റെ കൈയ്ക്ക് ഒരു ശസ്ത്രക്രിയ കൂടി നടത്തും. തുടര്‍ന്നു കൃത്രിമക്കൈ വച്ചുപിടിപ്പിക്കാന്‍ ശ്രമിക്കുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
ഞായര്‍ രാത്രി ഏഴരയോടെയാണ് ആനയുടെ ആക്രമണത്തില്‍ പ്രതാപനു പരുക്കേറ്റത്. വായുകോപം ഉണ്ടാകാതിരിക്കാന്‍ ആനയ്ക്ക് ഇടയ്ക്കിടെ ആയുര്‍വേദ മരുന്ന് ഏത്തപ്പഴത്തില്‍ തിരുകിക്കയറ്റി ഉരുളയാക്കി നല്‍കുമായിരുന്നു. ഇത്തരത്തില്‍ പഴം നല്‍കുന്നതിനിടയിലാണു പ്രതാപന്റെ കൈ ആന കടിച്ചത്. കൈ കടിച്ചുപിടിച്ചു കൊണ്ട് മുന്‍കാല്‍ കൊണ്ട് ആന പ്രതാപന്റെ ദേഹത്തു തട്ടിയതോടെ കൈ പറഞ്ഞുപോരുകയും പ്രതാപന്‍ ആനയുടെ മുന്നില്‍ വീഴുകയുമായിരുന്നു.
മുറിഞ്ഞ കൈ ആന ദൂരേക്കു വലിച്ചെറിയുകയും ചെയ്തു. കൂച്ചുവിലങ്ങിട്ടിരുന്നതിനാല്‍ പ്രതാപനെ കൂടുതല്‍ ആക്രമിക്കാന്‍ ആനയ്ക്കു കഴിഞ്ഞില്ല. ബഹളം കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് പ്രതാപനെ ആനയുടെ മുന്നില്‍ നിന്നു വലിച്ചെടുത്ത് ആശുപത്രിയിലെത്തിച്ചത്.
അക്രമം നടത്തിയ ആനയെ നിരീക്ഷിക്കാന്‍ ഡോക്ടര്‍മാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍ തുടങ്ങിയവര്‍ ആനയെ കെട്ടിയ കഞ്ഞിക്കുഴിയിലെ നന്ദികാട്ട് പുരയിടം സന്ദര്‍ശിച്ചു. ആന ശാന്തനായി ഭക്ഷണം കഴിക്കുന്നതിനാല്‍ ആക്രമണകാരിയല്ലെന്നും മറ്റു നടപടികള്‍ വേണ്ടെന്നുമാണ് അധികൃതരുടെ തീരുമാനം.
Leave a Reply