Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെര്‍ലിന്‍: ബോറടി മാറ്റാനായി ജര്‍മ്മിനിയില്‍ ഒരു നഴ്സ് കുത്തിവച്ചു കൊലപ്പെടുത്തിയത് 106 രോഗികളെ. കൂടുതല്‍ മൃതദേഹങ്ങള്‍ പരിശോധിക്കുന്നതോടെ കൊല്ലപ്പെട്ടവരുടെ സംഖ്യവര്‍ദ്ധിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
ജര്‍മ്മനിയിലെ വടക്കന്‍ നഗരമായ ബ്രമെനിലെ ഡെല്‍മെന്‍ഹോര്‍സ്റ്റ് ആശുപത്രിയില്‍ നഴ്‌സായിരുന്ന നെയ്ല്‍സ് ഹൊഗെല്‍ എന്ന നാല്‍പ്പത്തിയൊന്നുകാരനായ നഴ്‌സാണ് ഈ ക്രൂരകൃത്യങ്ങള്‍ ചെയ്തുകൂട്ടിയത്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളില്‍ മരണകാരണമാകാവുന്ന മരുന്നുകള്‍ കുത്തിവയ്ക്കുകയായിരുന്നു.
ആശുപത്രിയില്‍ 2015ല്‍ നടന്ന രണ്ടു കൊലപാതകങ്ങളും നാലു കൊലപാതക ശ്രമങ്ങളുടേയും പേരില്‍ നെയ്ല്‍സ് പിടിയിലായപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്. 1999 – 2005 വര്‍ഷങ്ങളിലാണ് നെയ്ല്‍സ് നഴ്‌സായി ഇവിടെ ജോലി ചെയ്തത്. ഇക്കാലയളവില്‍ നടന്ന മരണങ്ങളില്‍ അന്വേഷണം നടത്തിയും ശാസ്ത്രീയ പരിശോധന നടത്തിയുമാണ് കുറ്റം തെളിയിച്ചത്.
അഞ്ചു കേസുകളില്‍ മൃതദേഹങ്ങളില്‍ ടോക്സികോളജി പരിശോധന നടത്തിവരികയാണ്. നെയ്ല്‍സിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പലകോണുകളില്‍ നിന്ന് ഉയര്‍ന്ന് വരികയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് പൊലീസ് അറിയിച്ചു.
രോഗികളില്‍ മരുന്നു കുത്തിവയ്ക്കാറുണ്ടായിരുന്നുവെന്ന് നെയ്ല്‍സ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇയാള്‍ക്ക് വിരസത വരുമ്പോള്‍ രോഗികളില്‍ ഹൃദയാഘാതത്തിനോ രക്തചംക്രമണത്തിനോ കാരണമാകുന്ന മാരക വിഷാംശം കലര്‍ന്ന മരുന്ന് കുത്തിവെക്കും. തുടര്‍ന്ന് രോഗികള്‍ മരണ വെപ്രാളം കാണിക്കുമ്പോള്‍ മറുമരുന്ന് നല്‍കി രക്ഷിക്കാന്‍ ശ്രമിക്കുകയും ചിലതില്‍ വിജയിക്കുകയും ചെയ്തിരുന്നു. അങ്ങനെ ആശുപത്രിയില്‍ പേരെടുക്കകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരം പരീക്ഷണത്തില്‍ ഭൂരിഭാഗം പേര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയാണുണ്ടായത്.
Leave a Reply