Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: രാജ്യമെമ്പാടും വിവാദങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും കാരണമായ കാലിച്ചന്തയില്‍ കശാപ്പിനായി കാലികളെ വില്‍ക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വിവാദ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേക്കും.
വിജ്ഞാപനം പിന്‍വലിക്കുന്ന കാര്യങ്ങളുള്‍പ്പെടുന്ന ഫയല്‍ നിയമ മന്ത്രാലയത്തിന് പരിസ്ഥിതി മന്ത്രാലയം അയച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
മൃഗങ്ങള്‍ക്കതിരെയുള്ള ക്രൂരത തടയല്‍ നിയമം ഭേദഗതി ചെയ്ത് 2017 മേയ് 23നാണ് കേന്ദ്രം വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് പശു, കാള പോത്ത്, ഒട്ടകം, പൈക്കിടാവ് എന്നിവയെ കശാപ്പിനായി വില്‍ക്കാന്‍ പാടില്ലെന്നായിരുന്നു ഉത്തരവ്. മതചടങ്ങുകളുടെ ഭാഗമായി ബലികൊടുക്കുന്നതും നിരോധിച്ചിരുന്നു.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനെതിരെ നിലപാടെടുത്തിരുന്നു. പലഭാഗത്തുനിന്നും വലിയ ആക്ഷേപവും വിമര്‍ശനമുണ്ടായി. സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ ആയുധമായും ഉത്തരവ് മാറി.
രാജ്യത്ത് ഗോരക്ഷാ സേനയുടെ പേരില്‍ അക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നിരോധനം വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചിരുന്നത്. കറവ വറ്റിയ പശുക്കളെ പോലും കശാപ്പിനായി വില്‍ക്കുന്നത് നിരോധിക്കുന്ന ഉത്തരവിനെതിരെ കര്‍ഷകരും രംഗത്തു വന്നിരുന്നു. നിയമത്തിന് സുപ്രീം കോടതി സ്റ്റേ വിധിച്ചതും സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. ഇതോടെയാണ് ഉത്തരവ് പിന്‍വലിക്കുന്നതിനെ കുറിച്ചാലോചിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. കേരളം, ബംഗാള്‍, മേഘാലയ സംസ്ഥാനങ്ങള്‍ നിയമപരമായിത്തന്നെ ഉത്തരവിനെതിരെ രംഗത്തുവന്നിരുന്നു.
Leave a Reply