Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹിസാര്‍: ഹരിയാനയില്‍ ആള്‍ദൈവം രാംപാലിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേരെ അനുയായികളുടെ വെടിവെപ്പ്. കോടതി കൊലക്കുറ്റം ചുമത്തി അറസ്റ്റ് വോറന്‍റ് പുറപ്പെടുവിച്ചിട്ടുള്ള രാംപാലിനെ സത്ലോക് ആശ്രമത്തില്‍ നിന്ന് കസ്റ്റഡിയിലെടുക്കാന്‍ വന്ന പൊലീസ് സംഘത്തിന് നേരെയാണ് വെടിയുതിര്‍ത്തത്. ഇതേതുടര്‍ന്ന് പൊലീസും രാംപാലിന്റെ അനുയായികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. 29 പൊലീസുകാര്‍ക്കും 100ലിധികം സിവിലിയന്മാര്‍ക്കും പരിക്കേറ്റു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നുണ്ട്.പഞ്ചാബ്-ഹരിയാന ഹൈക്കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റു വാറണ്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ കാലത്താണ് പൊലീസ് ഹിസാറിലെ ആശ്രമത്തിലെത്തിയത്. കൊലപാതകമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാംപാലിനോട് പലതവണ കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായിരുന്നില്ല. ഇതേതുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് അന്ത്യശാസനം നല്‍കിയത്. ഒരാഴ്ചയായി രാംപാല്‍ അനുയായികളുമായി പൊലീസ് അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. ഇതേതുടര്‍ന്നാണ് ആശ്രമത്തില്‍കടന്ന് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. രാംപാല്‍ അനുയായികള്‍ ചെറുത്തുനില്‍പ്പിന് ശ്രമിച്ചേക്കുമെന്ന സൂചനയെതുടര്‍ന്ന് അര്‍ധസൈനിക വിഭാഗത്തിന്റെ സഹായവും തേടിയിരുന്നു.ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ആശ്രമത്തിനുചുറ്റും പൊലീസിനെ വിന്യസിച്ചു. പ്രധാന കവാടത്തിലൂടെ അകത്തു പ്രവേശിക്കാനായിരുന്നു പൊലീസ് നീക്കം. എന്നാല്‍ ഇവിടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ നിരത്തി മനുഷ്യകവചം തീര്‍ത്തതിനാല്‍ ജെ.സി.ബി ഉപയോഗിച്ച് മതില്‍ തകര്‍ത്ത് അകത്തു കടക്കുകയായിരുന്നു. കോമ്പൗണ്ടില്‍ കടന്നതോടെ ആശ്രമത്തിന് അകത്തുനിന്ന് രാംപാലിന്റെ അനുയായികള്‍ പൊലീസിനു നേരെ വെടിയുതിര്‍ക്കുകയും പെട്രോള്‍ ബോംബ് എറിയുകയും ചെയ്തു. ഇതേതുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇത് ഏറെ നേരം പൊലീസും രാംപാലിന്റെ അനുയായികളും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കി. പലരെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുണ്ട്. ക്യാമറ ഉള്‍പ്പെടെ നിരവധി ഉപകരണങ്ങളും തല്ലിത്തകര്‍ത്തു.രാംപാല്‍ അനുയായികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റതായി ഹരിയാനാ ഡി.ജി.പി എസ്.എന്‍ വസിഷ്ഠ് പറഞ്ഞു. ഒരാളുടെ കഴുത്തിലും മറ്റൊരാളുടെ കാലിലുമാണ് വെടിയേറ്റത്. ഇവരെ ആസ്പത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം രാംപാലിനെ ഇതുവരെയും പൊലീസിന് അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. വൈകീട്ടോടെ പൊലീസ് ആശ്രമത്തിന് അകത്ത് കടന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അനുയായികളെ ഒഴിപ്പിക്കുന്നതിനിടെ ഇവര്‍ക്കൊപ്പം വേഷംമാറി രാംപാല്‍ ആശ്രമത്തില്‍നിന്നും രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. ആശ്രമത്തിനകത്തുനിന്ന് പെട്രോള്‍ ബോംബുകളും കുറുവടികളും പൊലീസ് കണ്ടെടുത്തു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ ആക്രമണം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുമെന്ന് ഡി.ജി.പി പറഞ്ഞു.
–
–
Leave a Reply