Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാമ്പിനെ ഒട്ടുമിക്ക ആളുകള്‍ക്കും പേടിയാണ്. അതിന്റെ അടുത്തേക്കു പോകാന്‍ തന്നെ പലരും തയ്യാറാകാറില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ പാമ്പ് വീട്ടില്‍ കയറിയാലോ? അതെ ജനവാസ മേഖലകളില്‍ ഇപ്പോള്‍ ധാരാളമായി പാമ്പിനെ കണ്ടുവരുന്നുണ്ട്.
പലപ്പോഴും നമ്മുടെ അശ്രദ്ധ മൂലമാണ് വീട്ടില്‍ പാമ്പ് വരുന്നത്. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധവെച്ചാല്‍ വീട്ടിലും പരിസരത്തും പാമ്പ് വരുന്നത് തടയാനാകും.
പണ്ട് പാമ്പിന് ഒളിച്ചിരിക്കാനും ഇരതേടാനുമൊക്കെ പൊന്തക്കാടുകളും മറ്റും ധാരാളമുണ്ടായിരുന്നു. ഇന്ന് ആ സ്ഥാനത്ത് നമ്മള്‍ വീടുകളും മറ്റും കെട്ടിപ്പൊക്കിയതോടെ പാമ്പുകള്‍ക്ക് നമ്മുടെ വീടുകളില്‍ കയറാതിരിക്കാനാവില്ലെന്ന അവസ്ഥയായി

ഇതിനാല്‍ തന്നെ ഓരോ വര്‍ഷവും പാമ്പുകടിയേറ്റ് നിരവധി പേരാണ് മരണപ്പെടുന്നത്. കൂടാതെ വീടിന്റെ പരിസരത്ത് ഉണ്ടാകാനിടയുള്ള പാമ്പുകളെ പറ്റി നമുക്ക് ഏകദേശ ധാരണ ഉണ്ടായിരിക്കണം. ഒരോ പ്രദേശത്തെയും ഭൂമിശാസ്ത്രമനുസരിച്ച് വ്യത്യസ്ത തരം പാമ്പുകളാണ് ഉണ്ടാവുക. പൂന്തോട്ടത്തില്‍ ഉണ്ടായിരിക്കുന്ന പാമ്പുകളായിരിക്കില്ല നിങ്ങളുടെ വീടിന്റെ കിടപ്പുമുറിയില്‍ കയറുന്നത്. പൂന്തോട്ടത്തില്‍ കാണുന്ന പാമ്പുകള്‍ പൊതുവെ അപകടം കൂടിയവയായിരിക്കും.
വീടിന് സമീപത്ത് നീളത്തില്‍ തഴച്ച് വളരുന്ന ചെടികള്‍ മുറിച്ച് മാറ്റാന്‍ ശ്രദ്ധിക്കണം. കാരണം ചില ചെടികള്‍ പാമ്പിന് പതുങ്ങിയിരിക്കാന്‍ സൗകര്യമൊരുക്കുന്നതാണ്. ഇതിനാല്‍ പൊന്തക്കാടുകളും പുല്ലും വീട്ട് മുറത്തും അടുക്കള തോട്ടത്തിലും തഴച്ച് വളരാന്‍ അവസരമൊരുക്കരുത്. ഇവ യഥാസമയം വെട്ടിയൊതുക്കി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
കൂടാതെ ചപ്പുചവറുകള്‍ കൂട്ടിയിടാതെ മുറ്റവും പരിസരവും വൃത്തിയായി സൂക്ഷിച്ചാല്‍ ഒരു പരിധിവരെ പാമ്പിനെ തടയാം. പാമ്പിന് കിടക്കാനുള്ള സാഹചര്യം വീടിനു സമീപത്ത് ഉണ്ടാകാതിരിക്കുകയാണ് പ്രധാനം. കരിയില, മരക്കഷ്ണം, തൊണ്ട്, പൊട്ടിയ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍, വൈക്കോല്‍ കൂന തുടങ്ങി പാമ്പിന് കയറി ഇരിക്കാന്‍ കഴിയുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യണം.

വീടിന്റെ സമീപത്തും മുറ്റത്തുമൊക്കെയുള്ള പൊത്തുകള്‍ അടയ്ക്കുക. പൊത്തുകള്‍ പാമ്പുകളുടെ ഇഷ്ടപ്പെട്ട ഇടമാണ്.
പട്ടിക്കൂട്, കോഴിക്കൂട് തുടങ്ങിയവയുടെ സമീപം സാധാരണയായി പാമ്പുകള്‍ വരുന്നത് പതിവാണ്. പലപ്പോഴും വളര്‍ത്തുമൃഗങ്ങളുടെ അവശിഷ്ടമാണ് പാമ്പുകളെ ആകര്‍ഷിക്കുന്നത്. അവശിഷ്ടങ്ങള്‍ ആഹാരമാക്കാനായി എലികളും ഉണ്ടാകും. ഇതും ഒരു പരിധിവരെ പാമ്പുകളെ ആകര്‍ഷിക്കുന്നു.
വീട്ട് മുറ്റത്തും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിയ്ക്കരുത്. പൊതുവെ വെള്ളത്തിന്റെ സാന്നിധ്യം പാമ്പിനെ ആകര്‍ഷിക്കുന്നതാണ്. ചില പാമ്പുകള്‍ വെള്ളത്തില്‍ തന്നെ ജീവിക്കുന്നതാണ്. വീടിന്റെ മുറ്റത്തോ പൂന്തോട്ടത്തിലൊ അടുക്കളത്തോട്ടത്തിലോ വെള്ളം കെട്ടിനില്‍ക്കാന്‍ ഒരു കാരണവശാലും അനുവദിക്കരുത്.
Leave a Reply