Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്ഷേത്രങ്ങളിൽ നിന്നു പ്രസാദമായി നമുക്ക് ചന്ദനം, ഭസ്മം, കുങ്കുമം എന്നിവ ലഭിക്കാറുണ്ട്. ഇവ നെറ്റിയിൽ തൊടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രസാദം തൊടാതെ ചെയ്യുന്ന കർമങ്ങൾക്ക് ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്നാണു വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പ്രസാദം ക്ഷേത്രത്തിനു പുറത്തുകടന്ന ശേഷം മാത്രമേ ധരിക്കാവൂ. മിക്കയാളുകളും പൂജാരിയിൽ നിന്നു പ്രസാദം കിട്ടിയാൽ ഉടൻ തന്നെ നെറ്റിയിൽ ചാർത്താറാണ് പതിവ്. നെറ്റിയിൽ ആന്തരികമായ മൂന്നാമത്തെ കണ്ണ് സ്ഥിതിചെയ്യുന്ന സ്ഥലത്തായിരിക്കണം പ്രസാദം തൊടേണ്ടത്. ശരീരത്തിന്റെ പ്രധാന ഭാഗവും ജ്ഞാനത്തിന്റെ കേന്ദ്രസ്ഥാനവുമായ നെറ്റിത്തടത്തിൽ കുറി തൊടുന്നത് ഈശ്വരചൈതന്യം വർദ്ധിപ്പിക്കും. നടുവിരല്‍, മോതിരവിരല്‍, ചെറുവിരല്‍ ഇവയിൽ ഏതെങ്കിലും ഉപയോഗിച്ചാണ് പ്രസാദം തൊടേണ്ടത്.കുങ്കുമം ഭസ്മത്തിനൊപ്പം അണിയുന്നത് ശിവശക്തി പ്രതീകവും ചന്ദനക്കുറിയോടൊപ്പം തൊടുന്നത്‌വിഷ്ണുമായാപ്രതീകവും മൂന്നും കൂടി അണിയുന്നത് ത്രിപുരസുന്ദരീ പ്രതീകവുമായാണ് കണക്കാക്കുന്നത്.
പ്രസാദമായി അമ്പലത്തിൽ നിന്ന് ലഭിക്കുന്ന ചന്ദനം വിഷ്ണുവിനെയും ഭസ്മം ശിവനെയും കുങ്കുമം ദുർഗ്ഗാ ദേവിയെയുമാണ് സൂചിപ്പിക്കുന്നത്. തണുപ്പുള്ളതും സുഗന്ധമുള്ളതുമാണ് ചന്ദനം. രക്തത്തിനെയും മനസ്സിനെയും ശുദ്ധീകരിക്കാനും ശരീരത്തിലെ ആജ്ഞാചക്രത്തിന് ഉണര്‍വേകാനും സാധിക്കുന്നു. ചന്ദനം തണുത്തതായതിനാല്‍ ശരീരത്തിന്റെ താപനിലയെ സ്ഥിരമായി നിർത്തുവാനും കഴിയും.എന്നാൽ എല്ലാ ഭൗതികവസ്തുക്കളും കത്തിയമര്‍ന്നതിനു ശേഷമുള്ളതാണു ഭസ്മം.
നെറ്റിത്തടം, കഴുത്ത്, തോളുകള്‍, കൈമുട്ടുകള്‍, നെഞ്ച്, വയര്‍ഭാഗം, പുറത്ത് രണ്ട്, കണങ്കാലുകള്‍ എന്നിവിടങ്ങളിലാണ് സാധാരണയായി ഭസ്മം ധരിക്കാറുള്ളത്. സന്യാസിമാര്‍ മാത്രമേ മൂന്നു ഭസ്മക്കുറി തൊടാൻ പാടുള്ളു. അല്ലാത്തവർ ഒറ്റക്കുറി മാത്രമേ തൊടാവൂ. പുരുഷൻമാർ രാവിലെ നനച്ചും വൈകിട്ട് നനയ്ക്കാതെയും ഭസ്മം തൊടണം. എന്നാൽ സ്ത്രീകൾ ഭസ്മം നനച്ച് തൊടുന്നത് നല്ലതല്ല. നെറ്റിക്കു നടുവിലോ പുരികങ്ങള്‍ക്കു നടുവിലോ ആണ് കുങ്കുമം സാധാരണയായി തൊടാറുള്ളത്. നടുവിരൽ ഉപയോഗിച്ചാണ് കുങ്കുമം തൊടേണ്ടത്. ആത്മാവും പ്രകൃതിയുമായുള്ള ഐക്യത്തെ സൂചിപ്പിക്കാനാണ് പുരിക മദ്ധ്യത്തില്‍ കുങ്കുമം ചാര്‍ത്തുന്നത്.
Leave a Reply