Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:14 am

Menu

Published on July 11, 2017 at 6:50 pm

ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചന അതീവ ഗൗരവതരം; കടുത്ത ശിക്ഷ തന്നെ വേണമെന്നും ഇന്നസന്റ്

innocent-reaction-on-dileep-arrest-actress-molestation-case

തൃശൂര്‍: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി അമ്മ പ്രസിഡന്റ് ഇന്നസെന്റും രംഗത്ത്. ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചനയുടെ വിവരങ്ങള്‍ ഞെട്ടലോടെയാണ് ഓരോരുത്തരും കേട്ടതെന്ന് ഇന്നസന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഞങ്ങളുടെ സഹോദരിക്ക് നേര്‍ക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന അതീവ ഗൗരവത്തോടെ മാത്രമേ കാണാനാകൂ. അതുണ്ടാക്കുന്ന ഞെട്ടല്‍ ചെറുതല്ല. ഇത്തരമൊരു ഹീനകൃത്യത്തില്‍ പങ്കുള്ളത് ആരായാലും കടുത്ത ശിക്ഷ കിട്ടുകതന്നെവേണമെന്നും അദ്ദേഹം പ്രതികരിച്ചു.

ചൊവ്വാഴ്ച കൊച്ചിയിലെ മമ്മൂട്ടിയുടെ വീട്ടില്‍ നടന്ന അമ്മയുടെ പ്രത്യേക എക്സിക്യുട്ടീവ് യോഗത്തില്‍ ഇന്നസെന്റ് പങ്കെടുത്തിരുന്നില്ല. ഈ യോഗത്തില്‍ വച്ചാണ് ദിലീപിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. ഇതിനുശേഷമാണ് ഇന്നസെന്റിന്റെ പ്രസ്താവന വന്നത്.

കേസില്‍ ദിലീപിനുള്ള പങ്ക് പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ‘അമ്മ’ ദിലീപിന്റെ അഗത്വം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇത്തരമൊരു കേസില്‍ പ്രതിയായ ആളെ ‘അമ്മ’ പോലൊരു സംഘടനയില്‍ ഒരു കാരണവശാലും ഉള്‍പ്പെടുത്താനാകില്ല. രോഗത്തെത്തുടര്‍ന്നു ആശുപത്രിയിലായതിനാല്‍ തനിക്കു ‘അമ്മ’യുടെ യോഗത്തില്‍ പങ്കെടുക്കാനായില്ല. എന്നാല്‍, സഹപ്രവര്‍ത്തകര്‍ ഫോണില്‍ കൂടിയാലോചന നടത്തിയിരുന്നുവെന്നും ഇന്നസന്റ് പറഞ്ഞു.

ഇക്കാര്യത്തില്‍ ‘അമ്മ’ നേരത്തെ എടുത്ത നിലപാട് വിമര്‍ശന വിധേയമായിരുന്നു. ഗൂഢാലോചനയുടെ വിശദ വിവരമോ പൊലീസ് സ്ഥിരീകരണമോ ഇല്ലാതെ കടുത്ത നിലപാടുകള്‍ എടുക്കുന്നതില്‍ പരിമിതികള്‍ ഉണ്ട്. ഇതിനര്‍ത്ഥം ‘അമ്മ’ ആരെയും തുണയ്ക്കുന്നു എന്നല്ല. ഇത്തരമൊരു കാര്യത്തില്‍ ആര്‍ക്കെങ്കിലും കുറ്റവാളിയെ തുണയ്ക്കാനാകുമോ? സംഭവം നടന്ന ദിവസം മുതല്‍ ഞങ്ങളുടെ സഹോദരിക്കു എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.

ഗൂഢലോചനയില്‍ ദിലീപിനുള്ള പങ്ക് പുറത്തു വന്ന ഉടനെ ഏകകണ്ഠമായാണ് ‘അമ്മ’ തീരുമാനം എടുത്തത്. കടുത്ത മാനസിക പ്രയാസത്തിലൂടെ കടന്നുപോകുന്ന ഞങ്ങളുടെ സഹോദരിക്കൊപ്പം ഒറ്റക്കെട്ടായി ഉറച്ചു നില്‍ക്കുമെന്നു ‘അമ്മ’ ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുന്നു. കേരള പൊലീസും സര്‍ക്കാരും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ കാണിച്ച ജാഗ്രതയില്‍ അമ്മയ്ക്കുളള സന്തോഷം അറിയിക്കുന്നുവെന്നും ഇന്നസന്റ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News