Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 11:42 am

Menu

Published on December 5, 2016 at 10:28 am

ജയലളിതയുടെ നില മാറ്റമില്ലാതെ തുടരുന്നു;ആ പ്രഖ്യാപനം ഉടൻ ?എല്ലാം സജ്ജമാക്കി സേന;അപ്പോളോയിലേക്ക് അനുയായികളുടെ പ്രവാഹം

jaya-suffers-cardiac-arrest

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായ വിവരങ്ങളൊന്നും ആശുപത്രിയില്‍നിന്ന് വന്നിട്ടില്ല. അതിനിടെ  ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്ക തുടരുന്നതിനിടെ മുഴുവന്‍ എം എല്‍ എമാരും ആശുപത്രിയിലെത്താന്‍ എ ഐ എ ഡി എം കെയുടെ നിര്‍ദേശം. രാവിലെ 11 മണിയോടെ മുഴുവന്‍ എം എല്‍ എമാരും ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ എത്താനാണ് പാര്‍ട്ടി നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഇതാദ്യമായിട്ടാണ് എം എല്‍ മാര്‍ ആശുപത്രിയില്‍ എത്തണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നത്.

appollo

ജയലളിതയുടെ അടുപ്പക്കാര്‍ അടക്കമുള്ള പല എം എല്‍ എമാരും ഇപ്പോള്‍ തന്നെ അപ്പോളോ ആശുപത്രിയില്‍ ഉണ്ട്. പിന്നെ എന്തിനാണ് എല്ലാ എം എല്‍ എമാരും ആശുപത്രിയില്‍ എത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് എന്ന ചോദ്യം ദുരൂഹതകൾ വർദ്ധിപ്പിക്കുകയാണ്.പാര്‍ട്ടി എം എല്‍ എമാരോടും ഇത് സംബന്ധിച്ച് ഒന്നും വിട്ടുപറഞ്ഞിട്ടില്ല. എന്നാല്‍ എന്തോ പ്രധാനപ്പെട്ട പ്രഖ്യാപനം നടക്കാനുണ്ടെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. അത് എന്തായിരിക്കും എന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ പാര്‍ട്ടി തലത്തില്‍ പോലും ചര്‍ച്ചകള്‍ നടക്കുന്നത്.

prey

യന്ത്രസംവിധാനത്തിന്റെ സഹായത്തോടെയാണ് ജയ ശ്വസിക്കുന്നതെന്ന് വാര്‍ത്ത വന്നതോടെ തമിഴ്‌നാട് തികച്ചും ആശങ്കയുടെ മുള്‍മുനയിലാണ്.

ദീര്‍ഘനാളത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യനില വീണ്ടെടുത്ത് വരികയായിരുന്നു ജയലളിത. അതിനിടയിലാണ് ഹദയസ്തംഭനം ഉണ്ടായത്. ഹൃദയസ്തംഭനം ഉണ്ടായാല്‍ ആദ്യം രോഗിയ്ക്ക് നല്‍കുന്നത് സിപിആര്‍ ആണ്-കാര്‍ഡിയോപള്‍മനറി റിസസിറ്റേഷന്‍. എന്നാല്‍ ജയയുടെ കാര്യത്തില്‍ സിപിആര്‍ വിജയം ആയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഇസിഎംഒയുടെ സഹായത്തോടെയാണ് ഹൃദയം പ്രവര്‍ത്തിക്കുന്നത്.തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ജയലളിതയെ പുലര്‍ച്ചെയോടെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം അപ്പോളോ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

jayalalitha

ഹൃദയസ്തംഭനം ഉണ്ടായ ഉടന്‍ തന്നെ സിപിആര്‍ നല്‍കിയിരുന്നു. എന്നാല്‍ ജയലളിതയുടെ ശരീരം ഇതിനോട് പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.ഇപ്പോള്‍ ഇസിഎംഒയുടെ സഹായത്തോടെയാണ് ജയലളിതയുടെ ഹൃദയം പ്രവര്‍ത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്ട്രകോര്‍പ്പറല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്‍ എന്നതാണ് ഇസിഎംഒയുടെ പൂര്‍ണ രൂപം.ഹൃദയത്തിനോ ശ്വാസകോശത്തിനോ എന്തെങ്കിലം സംഭവിച്ചാല്‍ ചെയ്യുന്ന അടിയന്തര കാര്യമാണ് ഇസിഎംഒ. ശസ്ത്രക്രിയ നടത്തിയാണ് ഈ സംവിധാനം ചെയ്യുക.

ഹൃദയത്തിന്റേയും ശ്വാസ കോശത്തിന്റേയും പ്രവര്‍ത്തനം ശരീരത്തിന്റെ പുറത്ത് നിന്ന് യന്ത്രസഹായത്തോടെയാണ് നിര്‍വഹിപ്പിക്കുന്നതാണ് ഇസിഎംഒ. ഹൃദയത്തിനും ശ്വാസ കോശത്തിനും വിശ്രമം നല്‍കാന്‍ വേണ്ടിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്താറുള്ളത്.

jayalalithaa

ജയലളിതയുടെ കാര്യത്തില്‍ ഇസിഎംഒ വിജയിക്കും എന്ന പ്രതീക്ഷയില്‍ തന്നെയാണ് അണികള്‍. ദില്ലി എയിംസില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ ചെന്നൈയില്‍ എത്തുന്നുണ്ട്. ലണ്ടനില്‍ നിന്നുള്ള വിദഗ്ധ ഡോക്ടറുടെ ഉപദേശവും തേടിയിട്ടുണ്ട്.

ആയിരക്കണക്കിന് ‘അമ്മ’ അനുയായികള്‍ അപ്പോളോ ആശുപത്രിയിലേക്ക് രാത്രി മുതല്‍ ഒഴുകിയെത്തുകയാണ്. ഇവരെ നിയന്ത്രിക്കാനും സമാശ്വസിപ്പിക്കാനും ഏറെ കഷ്ടപ്പെടുകയാണ് പൊലീസും രാഷ്ട്രീയ നേതൃത്വവും.

തിരക്ക് നിയന്ത്രിക്കുന്നതിനും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും അതീവ സുരക്ഷയാണ് തമിഴ്‌നാട്ടിലെങ്ങും ഒരുക്കിയിരിക്കുന്നതും. കര്‍ണാടക ബസിനു നേരെ തമിഴ്‌നാട്ടില്‍ കല്ലേറ് ഉണ്ടായിട്ടുണ്ട്. നിയന്ത്രണം വിട്ട ബസ് ലോറിയില്‍ ഇടിച്ച് ബസിന് സാരമായ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഇതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്കുളള മുഴുവന്‍ കര്‍ണാടക ബസുകളും താത്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്. ഡിഎംകെയുടെ പാര്‍ട്ടി ആസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

jayalalitha-news

വിവരമറിഞ്ഞ് തമിഴ്നാട് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവും മുഖ്യമന്ത്രിയുടെ ചുമതലയുള്ള ഒ.പനീര്‍സെല്‍വവും തമിഴ്നാട് മന്ത്രിമാരും ആശുപത്രിയിലെത്തി. ആരോഗ്യനില ആരാഞ്ഞു. ഉദ്യോസ്ഥരുമായും ആശുപത്രി അധികൃതരുമായും അടിയന്തര സാഹചര്യങ്ങളെല്ലാം ചര്‍ച്ച ചെയതു.

കേന്ദ്ര ആഭ്യന്തരമന്ത്രിയും ഗവര്‍ണറും ടെലഫോണില്‍ ചര്‍ച്ചകള്‍ നടത്തി. ശക്തമായ സുരക്ഷയാണ് അപ്പോളോ ആശുപത്രി പരിസരത്തും തമിഴ്‌നാട്ടിലെമ്പാടും ഏര്‍പ്പെടുത്തിയിട്ടുള്ളത്. അര്‍ദ്ധസൈനിക വിഭാഗത്തെ പലയിടത്തും നിയോഗിച്ചു. എല്ലാ പൊലീസ് ഓഫീസര്‍മാരോടും രാവിലെ തന്നെ എത്താന്‍ തമിഴ്‌നാട് ഡിജിപി നിര്‍ദേശം നല്‍കി. കൂടുതല്‍ കേന്ദ്ര സേനയെ വിട്ടുതരണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുണ്ട്.

സെപ്തംബര്‍ 22നാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണുബാധയും നിര്‍ജലീകരണവുമാണ് കാരണമായി അന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News