Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത (68) അന്തരിച്ചു.തിങ്കളാഴ്ച രാത്രി 11.30ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ശ്വാസകോശ അണുബാധയെ തുടര്‍ന്ന് സെപ്റ്റംബറിലാണ് ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യയിലെയും വിദേശത്തെയും ഡോക്ടര്‍മാരുടെ ചികിത്സയില്‍ രോഗമുക്തയായി വീട്ടിലേക്ക് മടങ്ങുവാനിരിക്കെയാണ് ജയക്ക് ഞായറാഴ്ച വൈകീട്ട് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശരീരത്തിന് ഓക്‌സിജന്‍ ലഭ്യമാക്കുന്ന സംവിധാനമായ എക്‌സ്ട്രാ കോര്‍പോറിയല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്റെയും(എക്‌മോ) മറ്റ് ജീവന്‍ രക്ഷാ ഉപകരണങ്ങളുടെയും സഹായത്തോടെയാണ് കഴിഞ്ഞ 24 മണിക്കൂര്‍ ജയയുടെ ജീവന്‍ നിലനിര്‍ത്തിയത്. ഇതിനിടെ ഞരമ്പുകളിലെ തടസം പരിഹരിക്കുന്നതിന് തിങ്കളാഴ്ച രാവിലെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.

അപ്പോളോ ആശുപത്രിയില്‍ നിന്നും മാറ്റുന്ന മൃതദേഹം ജയയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനില്‍ എത്തിക്കും. ഇവിടെ രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ള പ്രമുഖര്‍ക്ക് അന്തിമോപചാരം അര്‍പിക്കാന്‍ അവസരമൊരുക്കും. രാവിലെ മുതല്‍ രാജാജി ഹാളില്‍ പൊതുതര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം വൈകിട്ട് നടക്കും. ചെന്നൈ മറീനാ ബീച്ചിലെ എംജിആര്‍ സ്മാരകത്തിന് സമീപമാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക.

കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍നിന്നുള്ള നാല് വിദഗ്ധ ഡോക്ടര്‍മാര്‍ ചെന്നൈയിലെത്തിയിരുന്നു. ജയയെ നേരത്തെ ചികിത്സിച്ചിരുന്ന ലണ്ടനിലെ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബീലിന്റെ നിര്‍ദേശമനുസരിച്ചായിരുന്നു ചികിത്സകള്‍. എന്നാല്‍ വൈദ്യസംഘത്തിന്റെ പ്രയത്‌നങ്ങളും തമിഴ്മക്കളുടെ പ്രാര്‍ഥനകളും അപ്രസക്തമാക്കികൊണ്ട് തമിഴകത്തിന്റെ ജയ എന്നന്നേക്കുമായി വിട പറഞ്ഞു.
മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ നൂറുകണക്കിന് അണ്ണാ ഡി.എം.കെ നേതാക്കളും പ്രവര്‍ത്തകരും അടക്കമുള്ളവര്‍ അപ്പോളോ ആശുപത്രിയിലേക്ക് പ്രവഹിക്കുകയാണ്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും വാഹനങ്ങളിലായി ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.
ജയലളിതയുടെ വിയോഗത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഏഴ് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു. ജയലളിതയുടെ മൃതദേഹമുള്ള അപ്പോളോ ആശുപത്രിക്ക് മുന്നില്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ കൂട്ടമായെത്തി വിലപിക്കുകയാണ്.
ജയയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

തമിഴ്‌നാട്ടില്‍ നിന്നും മൈസൂറില്‍ താമസമാക്കിയ അയ്യങ്കാര്‍ കുടുംബത്തിലെ ജയറാമിന്റെയും സിനിമ നടിയായിരുന്ന സന്ധ്യ എന്ന വേദവല്ലിയുടെയും രണ്ടാമത്തെ മകളായി 1948 ഫെബ്രുവരി 24നാണ് ജയലളിത എന്ന കോമളവല്ലിയുടെ ജനനം. ചര്‍ച്ച് പാര്‍ക്ക് കോണ്‍വെന്റ് സ്‌കൂള്‍, ബിഷപ്പ് കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്‌കൂളില്‍ മികച്ച വിദ്യാര്‍ഥിനിയായിരുന്നു അവര്‍.
ജയക്ക് രണ്ട് വയസുള്ളപ്പോള്‍ പിതാവ് മരണമടഞ്ഞു. അമ്മയോടൊപ്പം ആദ്യം ബംഗളൂരിലേക്കും പിന്നീട് ചെന്നൈയിലേക്കും താമസം മാറുകയും സിനിമയിലേക്ക് അവസരം തേടാനും കുടുംബം തീരുമാനിക്കുകയായിരുന്നു. ജയലളിതയുടെ അമ്മ സന്ധ്യ എന്ന പേരില്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങി. 15 വയസ്സുള്ളപ്പോള്‍ തന്നെ ജയലളിതയും സിനിമയില്‍ അഭിനയിച്ചു.

1964ല്‍ ‘ചിന്നഡ കൊംബെ’ എന്ന കന്നഡ ചിത്രത്തിലാണ് ജയ നായികയായി തുടക്കംകുറിച്ചത്. ‘പട്ടിക്കാട്ട് പൊന്നയ്യ’ ആണ് ജയലളിത അഭിനയിച്ച അവസാന ചിത്രം.

‘മക്കള്‍ തിലകം’ എം.ജി.ആറിന്റെ ഇദയക്കനിയായിരുന്ന ജയലളിതയുടെ രാഷ്ട്രീയ പ്രവേശനം യാദൃച്ഛികമായിരുന്നു. 1982ലാണ് ജയലളിത അണ്ണാ ഡി.എം.കെയില്‍ ചേരുന്നത്. എം.ജി.ആറിന്റെ സാന്നിധ്യത്തില്‍ ‘പെണ്ണിന്‍ പെരുമൈ’ (സ്ത്രീ മഹത്വം) എന്ന വിഷയത്തെ ആസ്പദമാക്കി ജയ നടത്തിയ പ്രസംഗമാണ് രാഷ്ട്രീയത്തിലേക്കുള്ള വഴി തുറന്നിട്ടത്. ജയയുടെ ഇംഗ്ലീഷ് പ്രസംഗത്തിലുള്ള കഴിവ് തിരിച്ചറിഞ്ഞ എം.ജി.ആര്‍ 1984ല്‍ അവരെ രാജ്യസഭയിലേക്ക് അയച്ചു.

’89ലെ തെരഞ്ഞെടുപ്പില്‍ എം.ജി.ആറിന്റെ യഥാര്‍ഥ പിന്‍ഗാമി താനാണെന്ന് അവകാശപ്പെട്ട് ജയലളിത രംഗത്തിറങ്ങി. ’91ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 234 സീറ്റില്‍ 225 എണ്ണത്തില്‍ വിജയിച്ച് തെരഞ്ഞെടുക്കപ്പെട്ട തമിഴ്‌നാട്ടിലെ ആദ്യ വനിത മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തോടെ ആറാംവട്ടവും തമിഴ്‌നാട് മുഖ്യമന്ത്രിയായി.
Leave a Reply