Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ കസ്‌റ്റഡിയിലെടുത്തു. കൊലപാതകം നടന്ന ദിവസം പോലീസ് തയാറാക്കിയ രേഖാ ചിത്രവുമായി സാമ്യമുള്ളയാളെ ഇയാള്‍ക്കൊപ്പം കുറുപ്പംപടിയില്‍ കണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. രാത്രി ഓട്ടോറിക്ഷയിലാണ് ഇരുവരും യാത്രചെയ്‌തതെന്ന് ദൃക്‌സാക്ഷികള്‍ വിവരം നല്‍കിയിരുന്നു. ഇയാള്‍ ദിവസങ്ങളായി പോലീസിന്റെ കസ്‌റ്റഡിയിലാണെന്നും രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്‌തു വരികയാണെന്നും സൂചനയുണ്ട്. പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസുകളിലും ഇയാള്‍ പ്രതിയാണ്. എറണാകുളം-കോതമംഗലം റൂട്ടില്‍ നിരവധി ബസുകള്‍ക്ക് പെര്‍മിറ്റുള്ള പ്രമുഖ ട്രാവല്‍സ് ഗ്രൂപ്പിന്റെ കണ്ടക്‌ടറെയും ചോദ്യം ചെയ്‌തു. ജിഷ കൊല്ലപ്പെടുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് സഞ്ചരിച്ച ബസിലെ കണ്ടക്‌ടറെയാണ് ചോദ്യം ചെയ്‌തത്.
ജിഷയ്‌ക്കൊപ്പം മറ്റാരെങ്കിലും ബസില്‍ ഉണ്ടായിരുന്നോ എന്നതും ഏതു സ്‌റ്റോപ്പിലാണ് ഇറങ്ങിയതെന്നുമാണ് അന്വേഷിക്കുന്നത്.
സംഭവം നടന്നതിന്റെ തലേദിവസം ജിഷയുടെ വീടിനു മുന്നിലുള്ള റോഡിലൂടെ സഞ്ചരിച്ച രാഷ്‌ട്രീയബന്ധമുള്ള ഒരാളെയും കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേണത്തിലാണ് ഇയാള്‍ ജിഷയുടെ വീടിനടത്തുള്ള റോഡിലൂടെ സഞ്ചരിച്ച വിവരം ലഭിച്ചത്.അതേസമയം, ജിഷ കൊല്ലപ്പെട്ട ദിവസം സമീപത്തെ ടവറുകളില്‍നിന്ന് 27 ലക്ഷം ഫോണ്‍കോളുകള്‍ പോയതിന്റെ രേഖകളാണ് പോലീസിന് ലഭിച്ചത്. ഈ ഫോണ്‍രേഖകളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
ജിഷയുടെ ഫോണില്‍ കണ്ടെത്തിയ മൂന്നു യുവാക്കളുടെ ചിത്രങ്ങള്‍ പോലീസ് തിരിച്ചറിഞ്ഞു. മുടക്കുഴയില്‍ ജോലിക്കെത്തിയ കെട്ടിട നിര്‍മാണ തൊഴിലാളികളാണ് ഇവരെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കൂലി സംബന്ധമായ തര്‍ക്കത്തില്‍ ഇവരുമായി വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്ന് ജിഷ തന്നെയാണ് ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്. കൊലയാളിയുടേതെന്നു സംശയിക്കുന്ന രേഖാചിത്രങ്ങളിലെ രൂപങ്ങളുമായി ഫോണിലെ ചിത്രങ്ങള്‍ യോജിക്കുന്നില്ലെന്നും അന്വേഷണസംഘം പറയുന്നു.
കൊലയാളി അന്യസംസ്‌ഥാനക്കാരനാണെന്ന നിഗമനത്തില്‍ തന്നെയാണ് പുതിയ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നത്. കൊലയാളിയെ തിരിച്ചറിയാന്‍ ഇതര സംസ്‌ഥാനതൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്‌ഥാപന ഉടമകളുടെയും തൊഴിലാളികളെ വിതരണം ചെയ്യുന്ന ഏജന്റുമാരുടെയും സഹായം പോലീസ് തേടി. രണ്ടു ലക്ഷത്തോളം ഇതര സംസ്‌ഥാനതൊഴിലാളികള്‍ പെരുമ്പാവൂരില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
Leave a Reply