Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:11 am

Menu

Published on September 19, 2017 at 12:12 pm

രാമലീല കാണരുതെന്ന് പറയുന്ന സിനിമാക്കരോട് ജോയ് മാത്യുവിന് ചോദിക്കാനുള്ളത്

joy-mathew-dileep-ramaleela

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ പുതിയ ചിത്രം രാമലീല അടുത്ത ആഴ്ച റിലീസിനൊരുങ്ങുകയാണ്.

എന്നാല്‍, ചിത്രം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി നിരവധി പേര്‍ ഇതിനോടകം രംഗത്തിറങ്ങിയത് വാദപ്രതിവാദങ്ങള്‍ക്ക് കാരണമായിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഒരു താരത്തിന്റെ സിനിമയെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നാണ് ഇത്തരക്കാര്‍ പറയുന്നത്. എന്നാല്‍ ഇതിനെതിരെ ദിലീപിനെ പിന്തുണക്കുന്നവരും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ ജോയ് മാത്യുവും രംഗത്തെത്തിയിരിക്കുകയാണ്. നായകന്‍ ഒരു പീഡനക്കേസുമായി ബന്ധപ്പെട്ട് അകത്താണെന്ന് കരുതി ആ സംവിധായകനും ആ സിനിമയും എന്തു പിഴച്ചുവെന്ന് ജോയ് മാത്യു ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ചോദിക്കുന്നു.

ജനാധിപത്യത്തിന്റെ രീതി അനുസരിച്ച് രാമലീല കാണരുതെന്ന് പറയാനും കാണണമെന്ന് പറയാനും ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ആള്‍ നായകനായി വരുന്ന ചിത്രം തിയറ്ററില്‍ വിജയിച്ചാല്‍, ജയിലില്‍ കിടക്കുന്ന കുറ്റാരോപിതന്‍ നിരപരാധിയാണെന്ന് കോടതി വിധികല്‍പ്പിക്കുമെന്ന് വിശ്വസിക്കാന്‍ മാത്രം മൂഡരാണോ മലയാളികളെന്നും അദ്ദേഹം ചോദിക്കുന്നു.

 

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്…………

 

നിലപാടുകളില്‍ വേണ്ടത് ഒറ്റത്താപ്പ്

———————————-

കുറ്റാരോപിതനായി റിമാന്റില്‍ കഴിയുന്ന ദിലീപ് എന്ന നടന്‍ അഭിനയിച്ച ‘രാമലീല’ എന്ന സിനിമ പ്രേക്ഷകര്‍ ബഹിഷ്‌കരിക്കണം എന്ന് പറയാന്‍ ഒരു കൂട്ടര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ആ സിനിമ കാണണം എന്നാഗ്രഹിക്കാന്‍ മറ്റൊരുകൂട്ടര്‍ക്കും അവകാശമുണ്ട്. അത് ജനാധിപത്യത്തിന്റെ രീതി.

നമ്മുടെ നാട്ടില്‍ ചുരുക്കം ചില സംവിധായകര്‍ക്ക് മാത്രമെ തങ്ങള്‍ എടുക്കുന്ന സിനിമകളില്‍ അവരുടേതായ കയ്യൊപ്പുള്ളൂ ,അവരുടെ പേരിലേ ആ സിനിമകള്‍ അറിയപ്പെടൂ. എന്നാല്‍ ചില സംവിധായകരുടെ പേരു കേട്ടാല്‍ ഓടിരക്ഷപ്പെടുന്ന അവസ്ഥയുമുണ്ട്.

ആണധികാരം നിലനില്‍ക്കുന്ന ഒരു സാമൂഹ്യാന്തരീക്ഷത്തില്‍ സിനിമകളും താരകേന്ദ്രീക്രതമായിരിക്കുക സ്വാഭാവികം- നല്ല സിനിമക്കാരുടെ വക്താക്കളായ അടൂര്‍ മുതല്‍ ആ ജനസ്സില്‍പ്പെട്ട പലരുമിക്കര്യത്തില്‍ മോശക്കാരല്ല ,ആദ്യം താരത്തിന്റെ ഡേറ്റ് നോക്കിത്തന്നെയാണു ഇവരില്‍ പലരും സിനിമ പ്ലാന്‍ ചെയ്യുന്നത് –

അതുകൊണ്ടൊക്കെത്തന്നെയാണ് സിനിമയുടെ സ്രഷ്ടാവിനേക്കാള്‍ നായകന്റെ പേരില്‍ സിനിമയെന്ന ഉല്‍പ്പന്നം അറിയപ്പെടുന്നത്. കേരളത്തിലെ നടികളില്‍ മഞ്ജുവാര്യര്‍ക്ക് മാത്രമെ ആ തരത്തിലുള്ള ഒരു സ്റ്റാര്‍ഡം പ്രേക്ഷകര്‍ കല്‍പ്പിച്ചുകൊടുത്തിട്ടുള്ളൂ.

രാമലീലയുടെ സംവിധായകന് ഇതിനു മുമ്പ് ഒരു സിനിമ ചെയ്ത് തന്റെ കയ്യൊപ്പ് ചാര്‍ത്തുവാന്‍ അവസരം കിട്ടിയിട്ടില്ല എന്നതിനാല്‍ ‘രാമലീല’ തിയറ്ററില്‍ എത്തുന്നതുവരെ ഇത് ദിലീപ് ചിത്രം എന്ന പേരില്‍തന്നെയാണറിയപ്പെടുക- അത് സംവിധായകന്റെ കുറ്റമല്ലല്ലൊ- തന്റെ സിനിമയില്‍ പങ്കെടുക്കുന്നവര്‍ ഭാവിയില്‍ ഏത് ക്രിമിനലാണു ഉള്‍പ്പെടുകയെന്ന് ഒരു സംവിധായകനും പ്രവചിക്കാനാവില്ല.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ആള്‍ നായകനായി വരുന്ന ചിത്രം തിയറ്ററില്‍ വിജയിച്ചാല്‍, ജയിലില്‍ കിടക്കുന്ന കുറ്റാരോപിതന്‍ നിരപരാധിയാണെന്ന് കോടതി വിധികല്‍പ്പിക്കുമെന്ന് വിശ്വസിക്കാന്‍ മാത്രം മൂഡരാണോ മലയാളികള്‍?

ഇനി തിരിച്ചാണെങ്കിലൊ ? ‘രാമലീല ‘ പ്രേക്ഷകര്‍ തിരസ്‌കരിച്ചെന്നിരിക്കട്ടെ, കോടതി മറിച്ചുചിന്തിക്കുമെന്നും കുറ്റാരോപിതനെ കുറ്റവാളിയായി പ്രഖ്യാപിക്കുമെന്നും കരുതുന്നതിനെ വങ്കത്തം എന്നാണു പറയുക- കോടതിക്ക് അതിന്റേതായ രീതികളും കീഴ്വഴക്കങ്ങളുമുണ്ട്-കാരുണ്യത്തേക്കാള്‍ തെളിവുകള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന നീതിന്യായ സംവിധാനമാണല്ലോ കോടതി-

അതിനാല്‍ രാമലീലയുടെ ജയപരാജയങ്ങള്‍ കോടതിയുടെ തീരുമാനങ്ങളെ ഒരര്‍ഥത്തിലും സ്വാധീനിക്കുകയില്ലതന്നെ- രാമലീല ബഹിഷ്‌കരിക്കണം എന്ന് പറയുന്ന അവാര്‍ഡ് സിനിമാക്കരോട് ഒരു ചോദ്യം. ലോക പ്രശസ്ത പോളിഷ് സംവിധായകനായ റോമന്‍ പോളാന്‍സ്‌കി പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട ആളാണ് .എന്നിട്ടും അദ്ദേഹം സംവിധാനം ചെയ്ത’ ദി പിയാനിസ്റ്റ് ‘എന്ന ചിത്രം നല്ല സിനിമയെ ഇഷ്ടപ്പെടുന്നവരും ഫാസിസ്റ്റ് വിരുദ്ധരുമായ സിനിമാക്കാര്‍ ഇപ്പോഴും ക്ലാസ്സിക് ആയി കൊണ്ടാടുന്ന ചിത്രമാണു-

ഇനി ‘രാമലീല ‘കാണരുത് എന്ന് പറയുന്ന മുഖ്യധാരാ സിനിമാക്കരോട് ഒരു ചോദ്യം.1993 ല്‍ 250 പേര്‍ കൊല്ലപ്പെട്ട മുംബൈ സ്‌ഫോടനക്കേസില്‍

യാക്കൂബ് മേമന്റെ ആള്‍ക്കാര്‍ക്ക് വേണ്ടി ആയുധം ഒളിപ്പിച്ചുവെച്ച രാജ്യദ്രോഹക്കുറ്റത്തിനു ജയിലില്‍ ആറുവര്‍ഷം ശിക്ഷ അനുഭവിച്ച സഞ്ജയ് ദത്തിന്റെ സിനിമകള്‍ ആരെങ്കിലും ബഹിഷകരിച്ചൊ? പകരം ‘മുന്നാഭായ്” പോലുള്ള പടങ്ങള്‍ കൊണ്ടാടപ്പെടുകയാണു ചെയ്തത്-

(ലിസ്റ്റ് അപൂര്‍ണ്ണം)

ഇനി സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് വന്നാലോ ക്രിമിനല്‍ കേസുകളില്‍ പ്രതികളല്ലാത്ത നേതാക്കള്‍ നമുക്ക് എത്രയുണ്ട്? കുറ്റാരോപിതരായി രാഷ്ട്രീയ ജീവിതത്തില്‍ നിന്നും ജനങ്ങളാല്‍ എഴുതിത്തള്ളിയ പലരും അതേ ജനങ്ങളാല്‍ തെരഞെടുക്കപ്പെട്ട് മന്ത്രിമാരും എംപി മാരുമായത് നമ്മുടെ നാട്ടില്‍ ഒരു

കേട്ടുകേള്‍വിയല്ലതന്നെ- അതുകൊണ്ടു ‘രാമലീല ‘ യുടെ ജയപരാജയങ്ങള്‍ നീതിയുടെ അളവുകോലല്ല എന്ന് മനസ്സിലാക്കുക- ഇത്രയും പറയുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട് : താങ്കള്‍ ഏത് പക്ഷത്താണ്? തീര്‍ച്ചയായും ഞാന്‍ അവളോടൊപ്പം തന്നെ. എന്നാല്‍ അതേ സമയം ഞാന്‍ സിനിമയോടൊപ്പവുമാണ്.

രാമലീല നല്ലതാണെങ്കില്‍ കാണും-ഹോട്ടല്‍ സ്ഥാപിച്ചയാള്‍ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആണെന്നതിനാല്‍ ആരും സരവണഭവനില്‍ നിന്നും മസാല ദോശ കഴിക്കാതിരിക്കുന്നില്ല- ക്രിമിനലുകള്‍ മന്ത്രിമാരായി പുതിയ നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ നാം ഒരെതിര്‍പ്പുമില്ലാതെ അനുസരിക്കാതിരിക്കുന്നുമില്ല. അതിനര്‍ഥം ഉല്‍പന്നം തന്നെയാണു മുഖ്യം- ഉല്‍പ്പന്നം നന്നായാല്‍ ആവശ്യക്കാരന്‍ വാങ്ങും.

അതുകൊണ്ട് ദിലീപാണോ സഞ്ജയ് ദത്താണോ എന്നതല്ല നോക്കേണ്ടത്. ആത്യന്തികമായി സിനിമ നല്ലതാണോ എന്നതാണ്.അപ്പോള്‍ മാത്രമെ നല്ല സിനിമകളും അതിനു സംവിധായകന്റെ കയ്യൊപ്പും കാണാനാവൂ.ഇത്രയും പറഞ്ഞതിന്റെ അര്‍ഥം മനസ്സിലാക്കാതെ ഇത് ഇരട്ടത്താപ്പാണെന്ന് ട്രോളുന്നവരുടെ ശ്രദ്ധക്ക് ഒരു കാര്യം പറയട്ടെ ; ഇതാണു ഒറ്റത്താപ്പ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News