Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ബാലനീതി നിയമഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കുറ്റവാളികളെ കുട്ടിയായി പരിഗണിക്കുന്നതിനുള്ള പ്രായം 18-ല്‍നിന്ന് 16 ആക്കാൻ തീരുമാനം. ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 16 വയസ് പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ മുതിര്‍ന്നവരായി കണക്കാക്കി ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം വിചാരണ ചെയ്യും. പാര്‍ലമെന്ററി സ്‌റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശിപാര്‍ശകള്‍ തള്ളിക്കൊണ്ട് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം മുന്നോട്ടുവച്ച നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. 16-നും 18-നും ഇടയിലുള്ളവരാണ് നിഷ്ഠുരമായ കുറ്റം ചെയ്യുന്നതെങ്കില്‍ ‘ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്’ അക്കാര്യം പരിശോധിച്ച് കുട്ടിയാണോ മുതിര്‍ന്ന ആളാണോ അത് ചെയ്തതെന്ന് വിലയിരുത്തും. മനഃശാസ്ത്രജ്ഞരും സാമൂഹിക വിദഗ്ധരും ഉള്‍പ്പെടുന്നതായിരിക്കും ബോര്‍ഡ്. ബോര്‍ഡിന്റെ വിലയിരുത്തലിനെ അടിസ്ഥാനപ്പെടുത്തിയാവും വിചാരണനടത്തുക. കൊലപാതകം, മാനഭംഗം തുടങ്ങി ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 16-18 വയസ് പ്രായമുള്ളവരെ ജുവനൈല്‍ ജസ്‌റ്റിസ് നിയമം അനുസരിച്ചാണോ മുതിര്‍ന്നവര്‍ക്കുള്ള ഇന്ത്യന്‍ ശിക്ഷാനിയമം പ്രകാരമാണോ വിചാരണ ചെയ്യേണ്ടതെന്ന് ജുവനൈല്‍ ജസ്‌റ്റിസ് ബോര്‍ഡാകും തീരുമാനിക്കുക. കുറ്റകൃത്യത്തിന്റെ നിഷ്ഠുരത, തെളിവുകള്‍, പ്രതിയുടെ സ്വഭാവം, സാമൂഹികസാമ്പത്തികമാനസികസ്ഥിതി എന്നിവ പരിശോധിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം വിചാരണയ്ക്ക് വിടണോയെന്നും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തീരുമാനിക്കും. കുറ്റവാളി 16-നും 18-നും ഇടയിലുള്ള വ്യക്തിയാണെങ്കില്‍ 21-ന് മുകളില്‍ പ്രായമുള്ളവരുടെ കാര്യത്തില്‍ ചെയ്യുന്ന വിചാരണ ഉണ്ടാവില്ല. 16 വയസ്സിനു മുകളിലുള്ള ‘കുട്ടിപ്രതി’യെ ജുവനൈല്‍ കോടതിയിലാണ് ഇപ്പോള്‍ വിചാരണ ചെയ്യുന്നത്. നിയമവിരുദ്ധമായ ദത്തെടുക്കല്‍, ശിശുക്ഷേമ കേന്ദ്രങ്ങളിലെ പീഡനങ്ങള്‍, കുട്ടികളെ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കല്‍, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കെതിരായ കുറ്റങ്ങള്‍ തുടങ്ങിയവയ്‌ക്ക് എതിരായ നടപടികളും ഭേദഗതി ബില്ലിലുണ്ട്. ഭേദഗതി ബില്ല് നടപ്പു സമ്മേളനത്തില്‍ത്തന്നെ പാര്‍ലമെന്റിന്റെ പരിഗണനയ്‌ക്കു വയ്‌ക്കും.
Leave a Reply