Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 10:52 pm

Menu

Published on March 18, 2016 at 5:46 pm

സുഹൃത്തുക്കള്‍ക്ക് എതിരെ കൊലക്കേസ് എടുക്കണമെന്ന് കലാഭവന്‍ മണിയുടെ സഹോദരന്‍

kalabhavan-manis-aides-destroyed-evidence-actors-brother-cries-foul

ചാലക്കുടി: മരണത്തിന് തലേ ദിവസം കലാഭവന്‍ മണിയുടെ കൂടെ മദ്യപിച്ച സുഹൃത്തുക്കള്‍ക്ക് എതിരെ കൊലക്കേസ് എടുക്കണമെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍.കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട്‌ നടത്തിയ ഫോറന്‍സിക്‌ പരിശോധന ഫലം പുറത്തുവന്നിതിനെ തുടര്‍ന്നാണ്‌ സഹോദരന്റെ പ്രതികരണം. എല്ലാവരും ഒരുമിച്ച് മദ്യപിച്ചിട്ട് എന്റെ സഹോദരന്റെ ശരീരത്തില്‍ മാത്രമേ ഈ കീടനാശിനിയുടെ അംശമുള്ളൂ. മറ്റുള്ളവര്‍ മദ്യപിച്ച് കുഴപ്പമൊന്നുമില്ലാതെ പോവുകയും എന്റെ ചേട്ടന്‍ മാത്രം മരണത്തിലേക്ക് പോവുകയും ചെയ്തു. ഇത് സംശയജനകമാണ്. കേരളത്തിലെ ജനങ്ങളുടെ പ്രാര്‍ത്ഥനയാണ് ഇത്തരമൊരു സത്യം പുറത്തുകൊണ്ടുവരാന്‍ സാധിച്ചത്. കസ്റ്റഡിയിലെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നും രാമകൃഷ്ണന്‍ പറഞ്ഞു. കുടുംബക്കാരെ ഒഴിവാക്കി സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞയാളാണ് ചേട്ടന്‍. സുഹൃത്തുക്കള്‍ എന്നുപറയുന്നവര്‍ എല്ലായ്‌പ്പോഴും ചുറ്റുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും ഇവര്‍ ഏറ്റെടുത്ത് നോക്കുകയായിരുന്നു. ആഹാരം പാചകം ചെയ്യുന്നത് വസ്ത്രം അലക്കുന്നത് എല്ലാം ഇവരായിരുന്നു. ഇവര്‍ അറിയാതെ ചേട്ടന് ഒരു കാര്യവും ചെയ്യാന്‍ സാധിക്കില്ലായിരിന്നു. ചേട്ടനൊപ്പം കൂടിയാല്‍ ജോലിക്ക് പോകാതെ ശരീരമനങ്ങാതെ ഭക്ഷണം കഴിക്കാം. ഇതെല്ലാം അവര്‍ മനപൂര്‍വം ചെയ്തുകൂട്ടിയതാണ്. ഇത് എല്ലാവര്‍ക്കുമറിയാം. പണം ഒളിച്ചുവെക്കുന്ന ആളല്ല ചേട്ടന്‍. അദ്ദേഹം പുറത്ത് സ്റ്റേജ് പരിപാടി ചെയ്യാന്‍ പോയാല്‍ അത് കഴിഞ്ഞ് നേരിട്ട് പാഡിയില്‍ പോകും. നിരവധി തവണ ലക്ഷക്കണക്കിന് രൂപ പാഡിയില്‍ വെച്ച് കളവുപോയിട്ടുണ്ടെന്ന് ചേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതില്‍ പലരേയും ചോദ്യം ചെയ്യുകയും ചിലരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ചേട്ടന്റെ കയ്യില്‍ നിന്നും പൈസ എടുക്കുന്നതിന് വേണ്ടി അമിതമായി മദ്യം ഒഴിച്ചുകൊടുത്തതാവാം എന്ന് ഇപ്പോള്‍ സംശയിക്കുകയാണ്. ചേട്ടന്റെ കയ്യില്‍ നിന്നും പൈസ തട്ടാനായിട്ടൊരു സംഘം ഉണ്ടെന്ന് ചേട്ടന് തന്നെ അറിയാമായിരുന്നു. പക്ഷേ ആരുടേയും മുഖത്ത് നോക്കി അത് ചോദിക്കാന്‍ അദ്ദേഹം പലപ്പോഴും തയ്യാറായിരുന്നില്ല. സുഹൃത്തുക്കള്‍ എന്ന പേരില്‍ കൂടെകൂടിയവര്‍ ചേട്ടനെ ചൂഷണം ചെയ്യുകയായിരുന്നു.ചേട്ടനെ അന്വേഷിച്ച് സിനിമാ രംഗത്തുനിന്നും രാഷ്ട്രീയ രംഗത്തുനിന്നും വരുന്ന ആരേയും ഇവര്‍  കാണാന്‍ അനുവദിച്ചിരുന്നില്ല. ഉറങ്ങുകയാണ്, തിരക്കിലാണ് എന്നൊക്കെ പറഞ്ഞ് തിരിച്ചയക്കാറായിരുന്നു പതിവ്. ചേട്ടനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ പല സംവിധായകരും എന്നെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചേട്ടന്‍ സിനിമയില്‍ നിന്നും ഒരുപരിധിവരെ പുറത്ത് പോകാന്‍ കാരണക്കാര്‍ ഈ സുഹൃത്തുക്കളായിരുന്നു. സിനിമ ചെയ്യുമ്പോള്‍ ്അതിന്റെ പ്രതിഫലം ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് ലഭിക്കുക. എന്നാല്‍ സ്റ്റേജ് ഷോയ്ക്ക് അപ്പോള്‍ തന്നെ പ്രതിഫലം പണമായി ലഭിക്കും. അതിന് വേണ്ടി ചേട്ടനെ സിനിമയില്‍ വിടാതെ അവിടെ തളച്ചിടുകയായിരുന്നു. സുഹൃത്തുക്കളുടെ പ്രേരണ കൊണ്ടാണ് ചേട്ടന്‍ മദ്യത്തിന് അടിമയായത്. അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പല തവണ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. സുഹൃത്തുക്കളുമായി പല തവണ ഞാന്‍ കയര്‍ത്തിട്ടുണ്ട്. എല്ലാ വര്‍ഷവും വൃശ്ചികനാളില്‍ നോല്‍മ്പ് എടുത്ത് ശബരിമലയ്ക്ക് പോകാറുണ്ടായിരുന്നു ഞങ്ങളെല്ലാവരും. എന്നാല്‍ ഇത്തവണ അതിന് പോലുമുള്ള ഒരു മാനസികാവസ്ഥ ചേട്ടനുണ്ടായിരുന്നില്ല. അവരുടെ നീരാളിപ്പിടുത്തത്തില്‍ പൂര്‍ണമായും ചേട്ടന്‍ പെട്ടുകഴിഞ്ഞിരുന്നുവെന്നും രാമകൃഷ്ണന്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News