Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: തെന്നിന്ത്യന്‍ താരം കമല്‍ ഹാസന്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21ന് പ്രഖ്യാപിക്കും. സംസ്ഥാനവ്യാപകമായി നടത്തുന്ന രാഷ്ട്രീയ യാത്രയ്ക്ക് തന്റെ ജന്മനാടായ രാമനാഥപുരത്ത് തുടക്കം കുറിച്ചുകൊണ്ടാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുക.
വിവിധ ഘട്ടങ്ങളിലായാണു പര്യടനം. ഇവിടെനിന്ന് ആരംഭിക്കുന്ന പര്യടനം പിന്നീട് മധുര, ഡിണ്ടിഗല്‍, ശിവഗംഗ എന്നീ ജില്ലകളിലും ഉണ്ടാകും. ഇതോടെ ഔദ്യോഗികമായി കമല്‍ ഹാസന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കും. തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകാനൊരുങ്ങുകയാണ് കമല്‍.
ചടങ്ങില്‍വെച്ച് പാര്‍ട്ടിയുടെ നയ പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും ഏറെക്കാലമായി തമിഴ്നാടിന്റെ രാഷ്ട്രീയത്തെ ചൂഴ്ന്നുനില്‍ക്കുന്ന അപകടങ്ങളെ ഇല്ലായ്മ ചെയ്യുകയെന്നതായിരിക്കും പാര്‍ട്ടിയുടെ ലക്ഷ്യമെന്നും കമല്‍ ഹാസന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇതിനായി തന്റെ ചിന്തകളും പ്രവൃത്തികളും ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. സംസ്ഥാന പര്യടനം കൊണ്ടു ലക്ഷ്യമിടുന്നത് ഇതാണ്. ജനങ്ങള്‍ക്ക് എന്താണു വേണ്ടതെന്നു മനസിലാക്കണം. അവരുടെ പ്രശ്‌നങ്ങള്‍ കണ്ടറിയണം, കമല്‍ കൂട്ടിച്ചേര്‍ത്തു.
ഗ്ലാമര്‍ പരിവേഷത്തിനോ വിപ്ലവമുണ്ടാക്കാനോ അല്ല തന്റെ പര്യടനം. ജനങ്ങളെ കണ്ടെത്താനും മനസിലാക്കാനും ഒരു അവസരമായാണ് ഇതിനെ കാണുന്നത്. പല കാര്യങ്ങളെയും ചോദ്യം ചെയ്യാന്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ തയ്യാറാകണം. സംസ്ഥാനത്തെ ക്ഷേമപ്രവര്‍ത്തനങ്ങളും ഭരണനിര്‍വഹണവും ഉയര്‍ത്തിക്കൊണ്ടുവരണം. ഈ ലക്ഷ്യം നേടുന്നതിനാണു തന്റെ പര്യടനമെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply