Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന നടി കാവ്യാ മാധവന്റെ മൊഴി വസ്തുതാപരമല്ലെന്നു പൊലീസ്. ഇക്കാര്യം സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.
ദിലീപും കാവ്യവും ഏറ്റവും ഒടുവില്‍ ഒരുമിച്ച് അഭിനയിച്ച സിനിമയുടെ കൊല്ലം തേവലക്കരയിലെ ഷൂട്ടിങ് സ്ഥലത്തു സുനില്‍ വന്നതിന്റെയും സുനില്‍ ഓടിച്ച വാഹനത്തില്‍ കാവ്യ സഞ്ചരിച്ചതിന്റെയും തെളിവ് പൊലീസിനു ലഭിച്ചതായാണ് വിവരം.
കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയായ കാവ്യയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ച കാവ്യയെയും അമ്മ ശ്യാമളയെയും വിശദമായി ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യലിനിടെ കുറ്റകൃത്യത്തില്‍ ദിലീപിനു പങ്കില്ലെന്ന മൊഴികള്‍ ഇരുവരും ആവര്‍ത്തിച്ചു.
കേസന്വേഷണത്തിന്റെ ഒരുഘട്ടത്തില്‍ സുനിലിനെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ക്കു ദിലീപ് നല്‍കിയതിനു സമാനമായ മറുപടികളാണു കാവ്യയും അമ്മ ശ്യാമളയും നല്‍കുന്നത്.
സംഭവത്തിനു ശേഷം ഉപദ്രവിക്കപ്പെട്ട നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാക്കനാട്ടെ കാവ്യയുടെ വസ്ത്ര വ്യാപാര ശാലയില്‍ എത്തിച്ചതായി സുനി നേരത്തെ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17നു സംഭവിച്ച കുറ്റകൃത്യത്തിന്റെ പിറ്റേന്നു മുതല്‍ അറസ്റ്റിലായ പ്രതികളുടെ മൊഴികളില്‍ നിറഞ്ഞു നില്‍ക്കുന്ന മാഡം എന്ന വ്യക്തിയെ തേടിയുള്ള പൊലീസിന്റെ അന്വേഷണവും നിര്‍ണായക ഘട്ടത്തിലാണ്.
Leave a Reply