Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 6:36 pm

Menu

Published on February 15, 2014 at 9:30 am

അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചു

kejriwal-resigns-as-delhi-chief-minister

നിയമസഭയില്‍ ജന്‍ ലോക്പല്‍ ബില്‍ അവതരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍ രാജിവെച്ചു. നാടകീയരംഗങ്ങള്‍ക്കൊടുവില്‍ ഇന്നലെ രാത്രിയായിരുന്നു 49 ദിവസത്തെ ഭരണം അവസാനിപ്പിച്ചുള്ള രാജി പ്രഖ്യാപനം.  ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് കെജ്രിവാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.റിലയന്‍സ് മേധാവി മുകേഷ് അംബാനിക്കെതിരെ കേസെടുത്തതാണ് കോണ്‍ഗ്രസ്സും ബി.ജെ.പി.യും ഒറ്റക്കെട്ടായി സര്‍ക്കാറിനെതിരെ തിരിയാന്‍ കാരണമെന്ന് നിയമസഭയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു.ആം ആദ്മി പാര്‍ട്ടി തയ്യാറാക്കിയ ജനലോക്പാല്‍ ബില്‍ ഭരണഘടനാവിരുദ്ധമാണെന്ന് നിയമോപദേശം ലഭിച്ചതിനെത്തുടര്‍ന്ന്, ഡല്‍ഹി ലഫ്റ്റ്. ഗവര്‍ണര്‍ അനുമതി തടയുകയായിരുന്നു. വെള്ളിയാഴ്ചത്തെ പ്രത്യേക നിയമസഭാസമ്മേളനത്തില്‍ ബഹളത്തിനിടയിലും മുഖ്യമന്ത്രി ജനലോക്പാല്‍ ബില്‍ നിയമസഭയുടെ മേശപ്പുറത്തുവെച്ചു. ഭരണഘടനാവിരുദ്ധമായി ബില്ലവതരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ബി.ജെ.പി.യും കോണ്‍ഗ്രസ്സും ഒറ്റക്കെട്ടായി നിന്നു. ഒടുവില്‍ അവതരണാനുമതി നിയമസഭ വോട്ടു ചെയ്തു തള്ളി. ഭരണപക്ഷത്തിന് 27 വോട്ടും എതിര്‍പക്ഷത്തിന് 42 വോട്ടും ലഭിച്ചു. ആം ആദ്മി സര്‍ക്കാറിനെ പിന്തുണച്ച കോണ്‍ഗ്രസ്സും ജനലോക്പാല്‍ ബില്‍ അവതരണത്തെ എതിര്‍ത്ത് വോട്ടു ചെയ്തു.ബില്‍ അവതരണത്തിനായി വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാസമ്മേളനം ധനവിനിയോഗബില്‍ അടക്കമുള്ള സുപ്രധാന ബില്ലുകള്‍ പാസാക്കി പിരിഞ്ഞു. തുടര്‍ന്ന്, ഡല്‍ഹി സെക്രട്ടേറിയറ്റിലെത്തിയ അരവിന്ദ് കെജ്‌രിവാളും മന്ത്രിമാരും അവസാന മന്ത്രിസഭായോഗം ചേര്‍ന്നു. യോഗത്തിനുശേഷം കെജ്‌രിവാള്‍ രാജിക്കത്ത് തയ്യാറാക്കി. കൊണാട്ട് പ്ലേസ് ഹനുമാന്‍ റോഡിലെ ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്ത് രാത്രി വിളിച്ചുകൂട്ടിയ പൊതുസമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News