Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തേത്തുടര്‍ന്ന് നിയമസഭ ഇന്നും പിരിഞ്ഞു. ശബരിമല വിഷയത്തില്‍ പത്താംദിവസവും എം.എൽ.എമാർ സത്യഗ്രഹം തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചക്ക് സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. ഒരു വിട്ടുവീഴ്ചയുമില്ലാതെ ചോദ്യോത്തര വേള തുടങ്ങിയ ഉടന്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി അവര്‍ സ്പീക്കറുടെ ഡയസിന് മുന്നിലെത്തുകയായിരുന്നു.
പലതവണ ഇരിപ്പിടങ്ങളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട സ്പീക്കര്‍ കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നിലപാടിനെ വിമര്‍ശിച്ചത്. പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്. ചെയറിന്റെ മുഖം മറച്ചുകൊണ്ടുള്ള പ്രതിഷേധ രീതി ശരിയല്ല. വേദനാജനകവും നിര്‍ഭാഗ്യവുമാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് സ്പീക്കര്‍ പറഞ്ഞു. ബഹളം നിയന്തണാതീതമായതോടെ ചോദ്യോത്തര വേള നിര്‍ത്തിവെച്ച് സഭ പിരിഞ്ഞു. രണ്ട് ബില്ലുകളാണ് സഭ പാസാക്കിയത്. അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി, ഹൈബി ഈഡന്‍, ഐ.സി ബാലകൃഷ്ണന്‍, ടിവി ഇബ്രാഹിം, എം വിന്‍സന്റ്, ശബരിനാഥ് എന്നിവരാണ് സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബഹളം വെച്ചത്.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ബുധനാഴ്ച നിരോധനാജ്ഞയുടെ കാലാവധി അവസാനിക്കുമെങ്കിലും നീട്ടാനാണ് സാധ്യത. നേരത്തേ സ്പീക്കറുടെ ചേംബറില്‍ വെച്ച് ചര്‍ച്ചയാകാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് നിയമസഭാ കവാടത്തില്‍ നടക്കുന്ന സത്യഗ്രഹം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയോ സ്പീക്കറോ ഇടപെട്ടില്ല. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. വ്യാഴാഴ്ച സഭ അനിശ്ചിതകാലത്തേക്ക് പിരിയും. ഈ സാഹചര്യത്തില്‍ നിയമസഭാ കവാടത്തില്‍ നടത്തുന്ന സമരം തുടരുമോ എന്ന കാര്യം വ്യക്തമല്ല.
Leave a Reply