Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഐഎസ്എല്‍ മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തി. ഡല്‍ഹിയില്‍ നടന്ന രണ്ടാം പാദ സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (3-0) പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കലാശക്കളിയിലേക്ക് കടന്നത്. ഇരുപാദങ്ങളിലുമായി 2-4 എന്ന സ്‌കോറിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഫൈനല്‍ പ്രവേശനം.
ഗോള്‍ ശരാശരിയില്‍ തുല്യത വന്നതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. തുടര്‍ന്നാണ് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. കൊച്ചിയില്‍ നടന്ന ആദ്യപാദസെമിയില്‍ ബ്ലാ്‌സ്റ്റേഴ്‌സ് ഒരു ഗോളിനായിരുന്നു ഡല്‍ഹിയെ പരാജയപ്പെടുത്തിയത്.
മുഹമ്മദ് റഫീഖും ബെല്‍ഫോര്‍ട്ടും ഹോസു പ്രീറ്റോയുമാണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടത്. നാല് അവസരങ്ങളില്‍ ഒന്നൊഴികെ എല്ലാം ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ എത്തിച്ചു. ബ്ലാസ്റ്റേഴ്‌സ് ഗോളി സന്ദീപ് നന്ദിയുടെ തകര്‍പ്പന്‍ സേവും ഷൂട്ടൗട്ടില്‍ നിര്‍ണായകമായി.
മത്സരത്തില്‍ ഡല്‍ഹി 2-1 ന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ഇരുപത്തിയൊന്നാം മിനിറ്റില്‍ മാഴ്‌സലീനോയാണ് ഡല്‍ഹിക്ക് വേണ്ടി ആദ്യം വല കുലുക്കിയത്. ഇരുപത്തിനാലാം മിനിറ്റില്‍ ഡങ്കന്‍ നാസോണിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചു. നാല്‍പ്പത്തിയഞ്ചാം മിനിറ്റില്‍ റൂബന്‍ റോച്ച ഡല്‍ഹിയെ മുന്നിലെത്തിക്കുകയായിരുന്നു.
ഞായറാഴ്ച കൊച്ചിയില്‍ നടക്കുന്ന ഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. മുംബൈ എഫ്‌സിയെ പരാജയപ്പെടുത്തിയാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഫൈനലില്‍ എത്തിയത്. കലാശക്കളി കൊച്ചിയിലാണെന്നത് ബ്ലാസ്റ്റേഴ്‌സിന്റെ വിജയസാദ്ധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
ഇത് രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ എത്തുന്നത്. ആദ്യ സീസണിലും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും ബ്ലാസ്‌റ്റേഴ്‌സും തമ്മിലായിരുന്നു പോരാട്ടം. അന്ന് കൊല്‍ക്കത്തയിലായിരുന്നു ഫൈനല്‍.
Leave a Reply