Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 3:35 am

Menu

Published on May 8, 2015 at 12:21 pm

കൈവെട്ട് കേസ്: 10 പ്രതികള്‍ക്ക് എട്ട് വര്‍ഷവും 3 പ്രതികള്‍ക്ക് 2 വര്‍ഷവും തടവ്

kerala-professor-tj-josephs-palm-chopping-case-sentence-declared

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ.ടി.ജെ. ജോസഫിന്‍റെ കൈപ്പത്തി വെട്ടിയ മാറ്റിയ കേസില്‍ പത്ത് പ്രതികൾക്ക് എട്ടു വർഷവും മൂന്ന് പ്രതികൾക്ക് രണ്ട് വർഷവും തടവ്. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് വിധി. പ്രതികളുടെ പിഴയിൽ നിന്ന് 8 ലക്ഷം രൂപ അധ്യാപകന് നൽകണമെന്നും കോടതി വിധിച്ചു. പ്രതികൾ ചെയ്ത തെറ്റ് ഒരിക്കലും പൊറുക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. വിവിധ വകുപ്പുകളിലാണ് ശിക്ഷ പ്രഖ്യാപിച്ചത്. ശിക്ഷ ഒരു മിച്ച് അനുഭവിച്ചാല്‍ മതി.ആലുവ ശ്രീമൂലനഗരം കളപ്പുരക്കൽ വീട്ടിൽ ജമാൽ (44), കോതമംഗലം വെണ്ടുവഴി താണിമോളേൽ വീട്ടിൽ കെ.എം. മുഹമ്മദ് ഷോബിൻ (28), അറക്കപ്പടി വെങ്ങോല വാരിയത്തുമുറി വീട്ടിൽ ഷംസുദ്ദീൻ (37), കോട്ടുവള്ളി വള്ളുവള്ളി പുന്നക്കൽ വീട്ടിൽ ഷാനവാസ് (32), വാഴക്കുളം മനക്കമൂല കൈപ്പിള്ളി വീട്ടിൽ കെ.എ. പരീത് (36), കുട്ടമംഗലം നെല്ലിമറ്റം കരയിൽ വെള്ളിലാവുങ്കൽ വീട്ടിൽ യൂനുസ് അലിയാർ (34), ഇരമല്ലൂർ ചെറുവട്ടൂർ കുരുമ്പാനംപാറ കുഴിതോട്ടിൽ വീട്ടിൽ കെ.കെ. അലി (34), കടുങ്ങല്ലൂർ മുപ്പത്തടം എരമം അയ്യരുകുടി വീട്ടിൽ ഷെജീർ (32), ആലുവ കുഞ്ഞുണ്ണിക്കര കാപ്പൂരിൽ കെ.ഇ. കാസിം (47), ഇരമല്ലൂർ പൂവത്തൂർ ഭാഗത്ത് പരുത്തിക്കാട്ടുകുടി വീട്ടിൽ ജാഫർ (33), എന്നിവർക്കാണ് 8 വർഷം തടവ്. മൂഖ്യ പ്രതികളെ സഹായിച്ച മുപ്പത്തടം ഏലൂക്കര തച്ചുവള്ളത്ത് ടി.എച്ച്. അൻവർ സാദിഖ് (35), നെട്ടൂർ മദ്‌റസപ്പറമ്പിൽ റിയാസ് (33), കടുങ്ങല്ലൂർ ഉളിയന്നൂർ കരിമ്പയിൽ വീട്ടിൽ അബ്ദുല്ലത്തീഫ് (44), എന്നിവർക്കാണ് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്.പ്രതികള്‍ക്ക് പരാമവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ വാദിച്ചിരുന്നു. പ്രതികള്‍ ഇളവ് അര്‍ഹിക്കുന്നില്ല. ജീവപര്യന്തം ശിക്ഷയ്ക്ക് അര്‍ഹരാണിവര്‍. തീവ്രവാദത്തിനെതിരായ ശക്തമായ താക്കീത് ആകണം വിധി. ചെയ്ത തെറ്റില്‍ പ്രതികള്‍ പശ്ചാത്തപിക്കുന്നില്ലെന്നും എന്‍ഐഎ വാദിച്ചു. ഇതേസമയം പ്രതികള്‍ സ്ഥിരംപ്രതികളല്ലെന്ന് പ്രതിഭാഗം അഭിഭാഷകരുടെ വാദം. പ്രതികള്‍ക്ക് മാനസാന്തരത്തിനുള്ള അവസരം നല്‍കണം. അക്രമം സമൂഹത്തിനെതിരല്ല, വ്യക്തിക്കെതിരെ മാത്രമാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.ദേശീയ അന്വേഷണ ഏജന്‍സി കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 31 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഗൂഢാലോചന, അന്യമായി സംഘം ചേരല്‍, വധശ്രമം, മാരകമായി മുറിവേല്‍പ്പിക്കല്‍, ആയുധ നിയമം, സ്‌ഫോടക വസ്തു നിയമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റക്കാരെല്ലാം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. കേസില്‍ ആകെ 37 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്നാം പ്രതി അടക്കം അഞ്ചുപേര്‍ ഒളിവിലാണ്. കുറ്റക്കാരായവരില്‍ 10 പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.2010 ജൂലൈ നാലിന് രാവിലെ 8.05 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിരുദ വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ പരീക്ഷയുടെ മലയാളം ചോദ്യപേപ്പറില്‍ മതവികാരത്തെ വ്രണപ്പെടുത്തുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്നാരോപിച്ചാണ് അധ്യാപകന്റെ കൈവെട്ടിയത്.

Loading...

Comments are closed.

More News