Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: കെഎസ്ആർടിസിയിലെ 1565 എംപാനൽ ഡ്രൈവർമാരെ 30നകം പിരിച്ചുവിടണമെന്നു ഹൈക്കോടതി. പിഎസ്‌സി ലിസ്റ്റിലുള്ളവർ ദീർഘകാലമായി കാത്തു നിൽക്കുമ്പോൾ എംപാനൽ ഡ്രൈവർമാരെ വച്ചു കെഎസ്ആർടിസി സർവീസ് നടത്തരുതെന്നാണു കർശന താക്കീത്.
കേരളത്തിൽ ഏപ്രിൽ 23നു ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞാൽ നടപടികൾ പൂർത്തിയാക്കാൻ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. കെഎസ്ആർടിസിക്ക് ആവശ്യമെങ്കിൽ നേരത്തേ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകളിൽ റാങ്ക് ലിസ്റ്റിലുള്ളവരെ ശുപാർശ ചെയ്യാൻ പിഎസ്‌സിയോട് ആവശ്യപ്പെടാമെന്നും അവരെ സീനിയോറിറ്റി അടിസ്ഥാനത്തിൽ നിയമിക്കണമെന്നും കോടതി വ്യക്തമാക്കി. പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കുന്നതിനു തടസ്സമായി എംപാനൽ ഡ്രൈവർമാർ നിയമവിരുദ്ധമായി സർവീസിൽ തുടരുന്നത് അനുവദിച്ചുകൂടെന്നു കോടതി വ്യക്തമാക്കി.
ഡ്രൈവർ നിയമനത്തിന് 2012 ഓഗസ്റ്റ് 23നു നിലവിൽ വന്ന പിഎസ്‌സി ലിസ്റ്റിൽപ്പെട്ട ചേർത്തല സ്വദേശി ആർ. വേണുഗോപാൽ തുടങ്ങിയവർ സമർപ്പിച്ച ഹർജികളും ബന്ധപ്പെട്ട അപ്പീലും തീർപ്പാക്കിയാണു ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് എ. എം. ബാബു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നേരത്തേ എംപാനൽ കണ്ടക്ടർമാരുടെ കാര്യത്തിൽ പറഞ്ഞതിനു സമാന സാഹചര്യമാണ് ഈ കേസിലെന്നും കോടതി വ്യക്തമാക്കി.
Leave a Reply