Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍അഗ്നിബാധ. ഇന്നലെ രാത്രി ഒന്‍പതരയോടെയായിരുന്നു തീപിടുത്തം. ആളപായമില്ല. ഹനുമാന്‍ കോവിലിനും കോയന്‍കോ ബസാറിനും സമീപമുള്ള കടകളിലുമാണ് തീ പടര്‍ന്നുപിടിച്ചത്. പത്തോളം കടകള്‍ പൂര്‍ണമായും ഗോഡൗണുകളും ഓഫീസ് മുറികളുമായി മുപ്പതിലേറെ മുറികളും കത്തിനശിച്ചു.കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.ഹനുമാന്‍ കോവിലിനു സമീപമുള്ള ബ്യൂട്ടി സ്റ്റോഴ്‌സ് കെട്ടിടത്തിനു പിന്‍ഭാഗത്തുനിന്നാണ് തീ ഉയര്‍ന്നതെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. അരമണിക്കൂറിനുള്ളില്‍ സമീപമുള്ള കെട്ടിടങ്ങളിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ഓടും ആസ്ബസ്‌റ്റോസ് ഷീറ്റും മേഞ്ഞ പഴക്കംചെന്ന കെട്ടിടങ്ങള്‍ ആണ് ഈ ഭാഗത്തുള്ളത്. ഇവിടെ മിക്കതും തുണിഷോപ്പുകളായിരുന്നു. 15ഓളം ഫയര്‍എന്‍ജിനുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ രണ്ട് ക്രാഷ് ടെന്‍ഡറുകളും 11.15 ഓടെ എത്തി. ഫയര്‍ഫോഴ്‌സിനും പോലീസിനുമൊപ്പം നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഓട് പൊട്ടിത്തെറിച്ചും ചൂടും പുകയും കാരണവും രക്ഷാപ്രവർത്തനം അൽപം ബുദ്ധിമുട്ടി. 2007ല്‍ മിഠായിത്തെരുവിന് സമീപത്തെ എം.പി.റോഡിലെ ഒരു പടക്കക്കടയ്ക്ക് തീപിടിച്ച് ആറുപേര്‍ മരിച്ചിരുന്നു. ഇതിന് എതിര്‍വശത്തായാണ് ഇപ്പോള്‍ തീപ്പിടിത്തമുണ്ടായത്.
–