Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും അനിയന്ത്രിതമായി വില വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് 24ന് മോട്ടോര്‍ വാഹന പണിമുടക്ക് സംഘടിപ്പിക്കും.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗത മേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായാണു പണിമുടക്കുന്നത്.
പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കാനും നേരത്തെ വര്‍ദ്ധിപ്പിച്ച എക്സൈസ് തീരുവ വേണ്ടെന്ന് വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും സംയുക്ത സമര സമിതി ആവശ്യപ്പെട്ടു.
ഇന്ധന വില അനിയന്ത്രിമായി കുതിച്ചുയരുകയാണ്. വില വീണ്ടും ഉയരുമെന്നാണു സൂചന. പെട്രോളിയം കമ്പനികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വഴിവിട്ട ഒത്താശ ചെയ്യുന്നതുമൂലമാണ് താങ്ങാനാകാത്ത വിലക്കയറ്റമുണ്ടാകുന്നത്.
രാജ്യാന്തര കമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ചെറിയ വര്‍ദ്ധനയുണ്ടായതിന്റെ പേര് പറഞ്ഞാണ് യാതൊരു നീതികരണവുമില്ലാത്ത രീതിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ത്തിയത്. മോട്ടോര്‍ വാഹന തൊഴിലാളികളും സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ ഉള്‍പ്പെടെയുള്ള തൊഴിലുടമകളുമാണ് ഇതുമൂലം നരകയാതന അനുഭവിക്കുന്നത്. വലിയ വിലക്കയറ്റത്തിന് ഈ വിലവര്‍ദ്ധന ഇടയാക്കുക.