Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 2:51 pm

Menu

Published on July 14, 2015 at 9:37 am

എം എസ് വിശ്വനാഥൻ അന്തരിച്ചു

ms-viswanathan-passes-away

ചെന്നൈ : പ്രശസ്ഥ സംഗീത സംവിധായകൻ എം എസ് വിശ്വനാഥൻ അന്തരിച്ചു.ചെന്നൈയിലെ  സ്വകാര്യ ആസ്പത്രിയില്‍   ഇന്നു പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം ചെന്നൈയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. സംസ്കാരം നാളെ നടക്കും.. തമിഴ്, മലയാളം, തെലുങ്ക് എന്നീഭാഷകളിലായി 1200ലേറെ ചലചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.സംഗീത സംവിധാനത്തിന് പുറമെ സിനിമകളില്‍ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്. ലളിതസംഗീതത്തിന്‍്റെ ചക്രവര്‍ത്തി എന്ന അര്‍ത്ഥം വരുന്ന മല്ലിസൈ മന്നര്‍ എന്ന പേരിലായിരുന്നു തമിഴില്‍ എം.എസ്.വി അറിയപ്പെട്ടിരുന്നത്.1928 ജൂണ്‍ 24നു പാലക്കാട് എലപ്പുള്ളിയില്‍ മനയങ്കത്തു വീട്ടില്‍ സുബ്രമണ്യന്‍  നാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികളുടെ മകനായാണ് മനങ്കയത്ത് സുബ്രമണ്യന്‍ വിശ്വനാഥന്‍ എന്ന എം. എസ്. വിശ്വനാഥന്‍ ജനിച്ചത്. നാലാം വയസ്സില്‍ അച്ഛന്റെ മരണവും ദാരിദ്ര്യവും മൂലം അമ്മ മകനോടൊപ്പം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചെങ്കിലും അന്ന് മുത്തച്ഛനാണ് വിശ്വനാഥനെ രക്ഷിച്ചത്. ദാരിദ്ര്യം മൂലം സിനിമാ തിയേറ്ററുകളില്‍ കടലവില്‍പ്പനക്കാരനായ എംഎസ്‌വിയെ നീലകണ്ഠ ഭാഗവതരാണ് സംഗീതത്തിന്റെ ലോകത്തേക്കെത്തിച്ചത്.1952 ല്‍ പണം എന്ന ചിത്രത്തിന് സംഗീതം നല്‍കിക്കൊണ്ടാണ് സിനിമാസംഗീതലോകത്തേയ്ക്ക് കടക്കുന്നത്. ടി.കെ. രാമമൂര്‍ത്തി എന്ന വയലിന്‍ വിദ്വാനുമായി ചേര്‍ന്ന് വിശ്വനാഥന്‍ രാമമൂര്‍ത്തി എന്ന പേരിലാണ് എംഎസ്‌വി ആദ്യകാലത്ത് ചലച്ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിരുന്നത്.ജനിച്ചത് കേരളത്തിലാണെങ്കിലും എം.എസ്.വിയുെട പ്രധാന കര്‍മമേഖല തമിഴകമായിരുന്നു. എങ്കിലും എഴുപതുകളിലും എണ്‍പതുകളിലും ഒട്ടേറെ മലയാള ഗാനങ്ങള്‍ക്ക് ഇദ്ദേഹം സംഗീതം നല്‍കി. ഹിമവാഹിനീ, ആ നിമിഷത്തിന്‍െറ നിര്‍വൃതിയില്‍, സ്വപ്നമെന്ന താഴ്വരയില്‍, നീലഗിരിയുടെ സഖികളെ, സ്വര്‍ണഗോപുരനര്‍ത്തകീ ശില്‍പം, വീണപൂവേ തുടങ്ങി നൂറിലേറെ മലയാളം ഗാനങ്ങള്‍ക്കും ഈണം നല്‍കിയിട്ടുണ്ട്. പണി തീരാത്ത വീട് എന്ന സിനിമയിലെ കണ്ണൂനീര്‍ത്തുളളിയെ സ്ത്രീയോടുപമിച്ച എന്ന ഗാനം പാടിയതും എം.എസ്.വിശ്വനാഥനാണ്.2012ല്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സിനിമാഗാന ചക്രവര്‍ത്തി എന്ന പദവി നല്‍കി ആദരിച്ചു. ഫിലിം ഫെയര്‍ ലൈഫ് ടൈം  അച്ചീവ്മെന്റ്  അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ ജാനകി 2012ല്‍ അന്തരിച്ചു. നാലു ആണ്‍മക്കളും മൂന്നു പെണ്‍മക്കളുമാണുള്ളത്. സംസ്കാരം നാളെ രാവിലെ പത്തുമണിക്ക് ചെന്നൈയില്‍ നടക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News