Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കോഴിക്കോട്ടെത്തും. ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി കോഴിക്കോട്ടെത്തുന്നത്. പ്രത്യേകവിമാനത്തില്‍ കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നു ഹെലികോപ്‌റ്ററില്‍ 12.05-നു കോഴിക്കോട് വെസ്‌റ്റ്‌ഹില്‍ മൈതാനത്തിറിങ്ങും. തുടര്‍ന്നു റോഡ് മാര്‍ഗം സ്വപ്‌നനഗരിയിലേക്ക്. മടക്കയാത്രയും ഇതേ രീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്. 01.05-നു വെസ്‌റ്റ്‌ഹില്‍ വിക്രം മൈതാനത്തുനിന്ന് അദ്ദേഹം കരിപ്പൂരിലേക്കു യാത്രതിരിയ്‌ക്കും.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു നഗരം കനത്ത സുരക്ഷാവലയത്തിലാണ്.ഉത്തരമേഖലാ എ.ഡി.ജി.പി: നിഥിന്‍ അഗര്‍വാള്‍, തൃശൂര്‍ റേഞ്ച് ഐ.ജി: എം.ആര്‍. അജിത്‌കുമാര്‍, സിറ്റി പോലീസ് കമ്മിഷണര്‍ ഉമാ ബെഹ്‌റ, ഡി.സി.പി: ഡി. സാലി എന്നിവരുടെ നേതൃത്വത്തിലാണു സുരക്ഷാക്രമീകരണങ്ങള്‍. നാല് എസ്.പിമാര്‍ക്കു പുറമേ 40 സി.ഐമാരും 100 എസ്.ഐമാരും വനിതകള്‍ ഉള്‍പ്പെടെ 1150 പോലീസുകാരും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിക്കും. ബുള്ളറ്റ് പ്രൂഫ് കാര്‍, മൊബൈല്‍ സിഗ്‌നലുകള്‍ നിഷ്‌ക്രിയമാക്കുന്ന ജാമര്‍ കാര്‍, വാണിങ് പൈലറ്റ് വാഹനം, പൈലറ്റ് വാഹനം, എസ്.പി.ജി. വാഹനം, രണ്ട് അകമ്പടി വാഹനങ്ങള്‍, പോലീസ് വാഹനങ്ങള്‍ എന്നിവയാണു പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടാവുക. 18 പേരാണു പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നത്. 5000 പ്രതിനിധികളാണ് മേളയില്‍ പങ്കെടുക്കുന്നത്.
Leave a Reply