Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:29 am

Menu

Published on May 12, 2017 at 10:33 am

നോട്ട് നിരോധനത്തിന് ആറുമാസം; കണക്കുകള്‍ പുറത്തുവിടാതെ ആര്‍.ബി.ഐ

six-months-of-demonetization-rbi

മുംബൈ: നോട്ട് നിരോധനം നടപ്പിലാക്കി ആറുമാസം പിന്നിട്ടിട്ടും ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിടാതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. അസാധുവാക്കിയ നോട്ടുകളില്‍ എത്രയെണ്ണം ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന കണക്ക് ഇനിയും റിസര്‍വ് ബാങ്ക് പുറത്തുവിട്ടിട്ടില്ല. നോട്ടുനിയന്ത്രണമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനും ആര്‍.ബി.ഐ ഇതുവരെ തയ്യാറായിട്ടില്ല.

കള്ളപ്പണത്തിനും കള്ളനോട്ടിനും എതിരായ യുദ്ധം എന്നു വിശേഷിപ്പിച്ചാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് രാത്രി ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചത്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ച് രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും പുതിയനോട്ടുകള്‍ പുറത്തിറക്കുകയാണ് ചെയ്തത്.

നോട്ട് അസാധുവാക്കല്‍ തീരുമാനം വരുമ്പോള്‍ 15.44 ലക്ഷം കോടി രൂപയുടെ അഞ്ഞൂറുരൂപ, ആയിരംരൂപ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. ഇതില്‍ എത്രനോട്ട് തിരിച്ചെത്തിയെന്ന ചോദ്യം പലവട്ടം ഉയര്‍ന്നെങ്കിലും അതിന് മറുപടിപറയാന്‍ ആര്‍.ബി.ഐ തയ്യാറായിട്ടില്ല.

തിരിച്ചെത്തിയ നോട്ടുകളുടെ കണക്കെടുക്കുന്നേയുള്ളൂ എന്നാണ് പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ഏപ്രിലില്‍നടന്ന യോഗത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന് ആര്‍.ബി.ഐ രേഖാമൂലം നല്‍കിയ മറുപടി.

വിവിധ ബാങ്കുകളിലെത്തിയ പഴയ നോട്ടുകളുടെ കണക്കും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള 4,000 കറന്‍സി ചെസ്റ്റുകളില്‍ സൂക്ഷിച്ച പണവും എണ്ണിത്തിട്ടപ്പെടുത്തി ഇരട്ടിപ്പ് ഒഴിവാക്കിവേണം കണക്കെടുപ്പ് പൂര്‍ത്തിയാക്കാനെന്നും അത് നടന്നുകൊണ്ടിരിക്കുകയാണെന്നുമാണ് പാര്‍ലമെന്ററി സമിതിയെ ആര്‍.ബി.ഐ അറിയിച്ചത്.

നോട്ടുനിയന്ത്രണം നടപ്പാക്കാനുള്ള തീരുമാനത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുമെന്നാണ് ഇതുസംബന്ധിച്ച് വിവരാവകാശപ്രകാരം നല്‍കിയ ചോദ്യത്തിന് റിസര്‍വ് ബാങ്ക് നല്‍കിയ മറുപടി.

നോട്ടുനിരോധനം സംബന്ധിച്ച തീരുമാനമെടുത്ത യോഗത്തിന്റെ മിനുട്സും അതിനുശേഷം കേന്ദ്രസര്‍ക്കാരും ആര്‍.ബി.ഐയും തമ്മില്‍നടന്ന കത്തിടപാടുകളുടെ വിശദാശംങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടാണ് ഒരു പത്രപ്രവര്‍ത്തകന്‍ അപേക്ഷ നല്‍കിയത്. ഈ ആവശ്യമാണ് ആര്‍.ബി.ഐ തള്ളിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News