Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപിനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചതിന് പിന്നാലെ നടിയെ അനുകൂലിച്ച് സംസാരിച്ച നടന്‍ സിദ്ദിഖിന്റെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ.
ദിലീപിനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് നടിയെ അനുകൂലിച്ച് രംഗത്തെത്തിയത്. പെണ്ണേ നിന്റെ കണ്ണുകള്‍ ജ്വലിക്കട്ടെയെന്നും നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്കു മുമ്പില്‍ നീ തീയായില്ലെങ്കിലും ഒരു തീക്കനെലെങ്കിലുമാവണമെന്നും വേട്ടയാടാന്‍ മാത്രമറിയാവുന്ന കട്ടാളന്മാരെ ജീവിതാവസാനം വരെ പൊള്ളിക്കുന്ന തീക്കനലായി നീ മാറണമെന്നും സിദ്ദീഖ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് അരങ്ങേറുന്നത്. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ആദ്യം ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ച് മൊഴിയെടുക്കുന്ന സമയം ദിലീപിനെ സന്ദര്‍ശിക്കാന്‍ അവിടെ എത്തിയ വ്യക്തിയായിരുന്നു സിദ്ദിഖ്. ആ സംഭവത്തില്‍ നിരവധി വിമര്‍ശനങ്ങളും സിദ്ദിഖിന് നേരിടേണ്ടി വന്നിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ ദിലീപിനെ ശക്തമായി പിന്തുണച്ചുകൊണ്ടായിരുന്നു സിദ്ദിഖ് രംഗത്തെത്തിയത്. ദിലീപ് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും എന്നാല്‍ കോടതി കുറ്റം വിധിക്കുന്നതുവരെ ഒരാളെ പ്രതിയായി കാണുന്നത് അല്‍പ്പത്തരമാണെന്നുമായിരുന്നു സിദ്ദിഖ് അന്ന് പറഞ്ഞത്.
കൂടാതെ ദിലീപിന് ജാമ്യംകിട്ടയതിന് പിന്നാലെ ദിലീപിനെ അദ്ദേഹത്തിന് വസതിയില്‍ പോയി കണ്ട ആദ്യവ്യക്തികളില്‍ ഒരാള്‍ കൂടിയായിരുന്നു സിദ്ദിഖ്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ നടിയെ കൂടി പിന്തുണയ്ക്കുന്ന തരത്തിലുള്ള സിദ്ദീഖിന്റെ പോസ്റ്റും അതിനെതിരെ സോഷ്യല്‍ മീഡിയ നിലപാടെടുക്കുന്നതും.
രണ്ട് നാള്‍മുമ്പ് വേട്ടക്കാരനെ കാണാന്‍ പോയപ്പോള്‍ ഈ തീക്കനല്‍ എവിടെയായിരുന്നുവെന്നും രഹസ്യമൊഴി പുറത്തു വന്ന ഉടനെ തന്നെ കളം മാറ്റി ചവിട്ടിയോ എന്നും സിദ്ദിഖിന്റെ പോസ്റ്റിനു താഴെ ആളുകള്‍ ചോദ്യങ്ങളുന്നയിക്കുന്നു.
ഇങ്ങനത്തെ ആളുകളെ ഞങ്ങളുടെ നാട്ടില്‍ ഓന്ത് എന്ന് വിളിക്കും. കുറ്റാരോപിതനായ 85 ദിവസം ജയിലില്‍ കിടന്നവന്റെ കൂടെ ചിരിച്ചോണ്ട് നില്‍ക്കുന്ന ആ പോസ്റ്റ് മതി. കുറ്റാരോപിതന്റേയും താങ്കളുടെ മനസിലും പെണ്‍സമൂഹത്തോടുള്ള കാഴ്ചപ്പാട് ഒരുപോലെയാണെന്നും ചിലര്‍ വിമര്‍ശിക്കുന്നു.
Leave a Reply