Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:30 am

Menu

Published on February 27, 2018 at 3:34 pm

പാരസെറ്റമോളിനെതിരായ സോഷ്യല്‍ മീഡിയ പ്രചാരണം; സത്യാവസ്ഥ എന്ത്?

social-media-message-about-paracetamol

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാരസെറ്റമോള്‍ ഗുളികയിലെ വൈറസിനെക്കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പാരസെറ്റമോളില്‍ ബൊളിവിയന്‍ ഹെമറേജിക് ഫീവറിന് കാരണമായ മാച്ചുപോ വൈറസ് ഉണ്ടെന്നായിരുന്നു ദിവസങ്ങളായി പ്രചരിച്ചിരുന്ന കിംവദന്തി.

പാരസെറ്റമോള്‍ ഗുളിക കഴിച്ചാല്‍ ബൊളീവിയന്‍ ഹെമറേജിക് ഫീവര്‍ ഉണ്ടാകും. ഗുളികയില്‍ മാച്ചുപോ വൈറസ് അടങ്ങിയിട്ടുണ്ടെന്നും ഇതാണ് രോഗത്തിലേക്കു നയിക്കുന്നതെന്നുമായിരുന്നു പ്രചരിച്ച വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍.

ഇതിന്റെ സത്യാവസ്ഥ വിശദമാക്കുകയാണ് ഫേസ്ബുക്കിലെ ഡോക്ടര്‍മാരുടെ ഗ്രൂപ്പായ ഇന്‍ഫോക്ലിനിക്കിലൂടെ ഡോ. ഷിംന അസീസ്, ഡോ. നെല്‍സണ്‍ ജോസഫ്, ഡോ. പി. എസ് ജിനേഷ് എന്നിവര്‍. ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ രോഗം ഉണ്ടാവില്ലെന്നും, അജൈവവസ്തുവായ പാരസെറ്റാമോളില്‍ വൈറസ് വളരില്ലെന്നും ഇന്‍ഫോക്ലിനിക് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

 

ഇന്‍ഫോ ക്ലിനിക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം…………..

 

P-500 എന്ന പാരസെറ്റമോള്‍ ഗുളികയില്‍ മാച്ചുപോ വൈറസ് ഉണ്ടെന്ന പരോപകാരകിംവദന്തി വാട്ടസ്ആപ് സദസുകളില്‍ നിറഞ്ഞ പ്രദര്‍ശനം നടത്തുന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ!

C8H9NO2 എന്ന രാസവസ്തുവാണ് അസെറ്റമിനോഫെന്‍ അഥവാ പാരസെറ്റമോള്‍. പനിയുള്ളവരിലെ ശരീര താപനില കുറക്കുക, ശരീര വേദന മാറ്റുക എന്നതൊക്കെയാണ് ടിയാന്റെ ജോലി. C8H9NO2 തന്മാത്രകള്‍ മാത്രമായി ഗുളികകള്‍ ഉണ്ടാക്കാനാവില്ല. അതിനാല്‍ ഇതിനോടൊപ്പം എക്സിപിയന്റുകള്‍ ചേര്‍ത്ത് ഖര രൂപത്തില്‍ ഉള്ള പൊടി ഉണ്ടാക്കുന്നു. അതിന് ശേഷം അതിന് ഗുളികയുടെ രൂപം നല്‍കുന്നു. ഈ പ്രക്രിയകള്‍ക്കിടയില്‍ നിരവധി സുരക്ഷാ പരിശോധനകള്‍ നടക്കേണ്ടതുണ്ട്.

ജീവനുള്ള കോശത്തില്‍ മാത്രം വിഭജിക്കാനും ജീവലക്ഷണങ്ങള്‍ പ്രകടിപ്പിക്കാനും കഴിവുള്ളവരാണ് വൈറസുകള്‍ എന്നറിയാമല്ലോ. അവ നിര്‍ജ്ജീവമായ പാരസെറ്റാമോള്‍ ഗുളികയില്‍ അധികകാലം അതിജീവിക്കില്ല എന്ന് നമുക്കറിവുള്ളതാണ്.

മാച്ചുപോ വൈറസ് വളരെ അപകടകാരിയാണ്. ബൊളീവിയന്‍ ഹെമറേജിക് ഫീവര്‍ ഉണ്ടാവാനുള്ള കാരണം ഇവനാണ്. ഒരു തരം RNA വൈറസ് ആണിത്. അരീന വൈറിഡേ എന്ന കുടുംബത്തിലെ 1963-ല്‍ കണ്ടെത്തിയ വൈറസാണ്. ഇന്ത്യയില്‍ ഇന്നേവരെ മാച്ചുപോ വൈറസിനെ കണ്ടെത്തിയിട്ടില്ല. ബോളിവിയന്‍ സ്വദേശികളായ എലികളാണ് ഈ അസുഖം പടര്‍ത്തുന്നത്. ഇന്ത്യയില്‍ ഈ വൈറസ് മൂലമുള്ള അസുഖബാധ ഉണ്ടായിട്ടുണ്ടായിരുന്നെങ്കില്‍ വളരെയധികം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമായിരുന്നു.

ബൊളീവിയയില്‍ 1959-65 കാലത്ത് ഏതാണ്ട് അഞ്ഞൂറോളം പേര്‍ക്ക് രോഗമുണ്ടാകുകയും കുറെയേറെ ആള്‍ക്കാര്‍ മരണമടയുകയും ചെയ്തു. 2007-ല്‍ ഇരുപത് പേര്‍ക്ക് രോഗബാധ ഉണ്ടാവുകയും മൂന്ന് പേര്‍ മരണമടയുകയും ചെയ്തു. 2008-ല്‍ ഇരുന്നൂറോളം പേരില്‍ രോഗബാധയുണ്ടാവുകയും 12 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. അവസാനം റിപ്പോര്‍ട്ട് ചെയ്തത് 2011-13 കാലത്തും. അന്ന് മുന്നൂറോളം പേരില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും മരണം 20നോടടുത്ത് മാത്രമാണുണ്ടായത്. ഇരുപതില്‍ താഴെ.

ഇന്ത്യയില്‍ ഉണ്ടാവാന്‍ പോലും സാധ്യതയില്ലാത്ത ഒരസുഖവും പാരസെറ്റമോള്‍ ഗുളികയും ആയി ബന്ധപ്പെടുത്തിയാണ് ഈ വാട്ടസ്ആപ് പരോപകാരകിംവദന്തി. P-500 എന്ന ബ്രാന്‍ഡ് മാത്രമല്ല, ഒരുതരത്തിലുള്ള പാരസെറ്റമോള്‍ ഗുളികയിലും ഈ വൈറസ് ഉണ്ടാവില്ല.

തമാശയായോ കാര്യമായോ എഴുതിയുണ്ടാക്കുന്ന വാലും തലയുമില്ലാത്ത ഈ മുറിയന്‍ മെസേജുകള്‍ ഇല്ലാതാക്കുന്നത് വൈറല്‍ പനി മുതല്‍ കാന്‍സര്‍ രോഗിക്ക് പനിക്കുമ്പോള്‍ വരെ സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ വിശ്വാസ്യതയാണ്.

വിവരമില്ലായ്മ ഒരലങ്കാരമായി കൊണ്ടു നടക്കുന്നവര്‍ ചെയ്യുന്ന സാമൂഹ്യദ്രോഹത്തിന് നേരെ കണ്ണടച്ച് ഒരു ക്ലിക്കില്‍ ഒന്നിലേറെ പേര്‍ക്ക് ഈ തെറ്റായ സന്ദേശങ്ങള്‍ ഫോര്‍വാര്‍ഡ് ചെയ്യുമ്പോള്‍, വിശേഷബുദ്ധി എന്നൊന്ന് നമ്മള്‍ പണയം വെക്കുകയാണോ?

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News