Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങി ദുബായ് പൊലീസ്. ശ്രീദേവി പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന റാസല്‍ഖൈമയിലെ ഹോട്ടലിലും പൊലീസ് അന്വേഷണം നടത്തും.
ബന്ധുവും ഹിന്ദി സിനിമാ നടനുമായ മോഹിത് മര്‍വയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് ശ്രീദേവി കുടുംബസമേതം യു.എ.ഇയിലെത്തിയത്. വ്യാഴാഴ്ച റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ എന്ന നക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകള്‍.
ചടങ്ങുകള്‍ക്കുശേഷം മടങ്ങിയ ശ്രീദേവി ദുബായിലെ ജുമെയ്‌റ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലാണ് താമസിച്ചത്. ഇവിടെ വെച്ചായിരുന്നു മരണം. അത്താഴവിരുന്നിന് പോകാനുള്ള ഒരുക്കത്തിലായിരുന്നു മരണത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ ശ്രീദേവിയും ഭര്‍ത്താവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാത്ത് ടബ്ബിലെ വെള്ളത്തില്‍ ചലനമറ്റ് മുങ്ങിക്കിടക്കുന്ന നിലയിലാണ് ശ്രീദേവിയെ കണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതും വൈകും. ഇന്ന് ഉച്ചയോടെ മൃതദേഹം എത്തിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും വൈകിട്ടോടെയെ ഇന്ത്യയിലെത്തിക്കാനാകൂ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാതിരുന്നതിനെ തുടര്‍ന്നാണു വൈകുന്നത്. ഫൊറന്‍സിക്, രക്തപരിശോധന റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണു മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നത്.
ദുബായ് ഖിസൈസിലെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ ഞായറാഴ്ച വൈകിട്ടോടെയാണു പൂര്‍ത്തിയായത്. ഉച്ചയോടെ ദുബായില്‍നിന്നു മൃതദേഹം വിട്ടുകിട്ടുമെന്നാണ് അറിയുന്നത്.
മാത്രമല്ല ശ്രീദേവിയുടെ രക്തസാമ്പിളുകള്‍ യു.എ.ഇക്ക് പുറത്തുള്ള ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കാനും ആലോചനയുണ്ട്. മരണം സംബന്ധിച്ച് പിന്നീട് ഏതെങ്കിലം തരത്തിലുള്ള ആരോപണം ഉയരുന്നത് തടയാനാണ് ദുബായ് പൊലീസ് എല്ലാ പഴുതുകളുമടച്ച് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം ആന്തരികാവയവങ്ങളുടെ പരിശോധന ഫോറന്‍സിക് വിഭാഗത്തിന്റെ നേതൃത്വത്തിലും നടന്നിരുന്നു. ഒരു പരാതിക്കും ഇടനല്‍കാത്തവിധം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ദുബായ് പൊലീസിന്റെ ശ്രമം.
റിപ്പോര്‍ട്ടുകള്‍ മരണം രജിസ്റ്റര്‍ ചെയ്ത ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ ലഭ്യമാകുന്ന മുറയ്ക്കു മൃതദേഹം എംബാമിങ്ങിനു വിട്ടുനല്‍കും. എംബാമിങ് പൂര്‍ത്തിയാക്കി പ്രത്യേക വിമാനത്തില്‍ മൃതദേഹം മുംബൈയിലേക്കു കൊണ്ടുവരും. മൃതദേഹം കൊണ്ടുവരാനായി അനില്‍ അംബാനിയുടെ ചാര്‍ട്ടേഡ് വിമാനം മുംബൈയില്‍നിന്നു ദുബായിലെത്തിയിട്ടുണ്ട്.
Leave a Reply