Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഹനങ്ങളിലെ ഗ്ലാസില്‍ സണ്‍ഫിലിം പതിക്കുന്നത് സുപ്രീം കോടതി നിരോധിച്ചതിനെ തുടര്‍ന്ന് മൂന്നു വര്‍ഷം മുന്‍പാണ് പൊലീസ് തുടര്‍ച്ചയായി പരിശോധനകള്‍ നടത്തുകയും വാഹനങ്ങളില്‍ നിന്ന് സണ്‍ഫിലിം നീക്കം ചെയ്യാനും പിഴയീടാക്കാനും തുടങ്ങിയതും.
തുടര്‍ച്ചയായ പരിശോധനകളും സണ്‍ഫിലിം നീക്കം ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക ക്യാംപുകളും ഇക്കാലയളവില്‍ സംഘടിപ്പിച്ചിരുന്നു. ഇതൊക്കെ പിന്നീട് വാഹനങ്ങളിലെ സണ്‍ഫിലിം ഉപയോഗത്തില്‍ കുറവ് വരുത്തുകയും ചെയ്തിരുന്നു.
പിന്നീട് ഇക്കാര്യത്തില്‍ അധികൃതരുടെ ശ്രദ്ധ മാറിത്തുടങ്ങിയതോടെ ഇപ്പോള്‍ വീണ്ടും വാഹനങ്ങളില്‍ സണ്‍ഫിലിം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. വാഹന ഗ്ലാസുകളില്‍ സണ്‍ഫിലിം വീണ്ടും വ്യാപകമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ മോട്ടോര്‍ വാഹന വകുപ്പ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു പരിശോധന തുടങ്ങാന്‍ ഒരുങ്ങുകയാണ്.
അടുത്തകാലത്തായി വാഹന പരിശോധനയില്‍ ഒട്ടേറെ സണ്‍ഫിലിം പതിച്ച വാഹനങ്ങള്‍ കണ്ടുതുടങ്ങിയതോടെയാണ് ഇതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.
ആയിരക്കണക്കിനു വാഹനങ്ങളില്‍ നിന്നാണ് മുന്‍ വര്‍ഷങ്ങളില്‍ സണ്‍ഫിലിം നീക്കിയത്. അക്കാലത്തു ഫിലിം പതിച്ച വാഹനങ്ങള്‍ പിടികൂടിയാലും പിഴ ഈടാക്കാതെ താക്കീത് ചെയ്തു വിടുകയായിരുന്നു പതിവ്. ഘട്ടം ഘട്ടമായി ഭൂരിഭാഗം വാഹനങ്ങളില്‍ നിന്നും സണ്‍ഫിലിം നീക്കം ചെയ്ത ശേഷമാണ് പിന്നീടു കണ്ടെത്തുന്ന വാഹനങ്ങളില്‍ നിന്നു പിഴ ഈടാക്കിത്തുടങ്ങിയത്.
ഇതോടെ കുറേക്കാലമായി സണ്‍ഫിലിമുമായി ബന്ധപ്പെട്ട കേസുകള്‍ തീരെ കുറവായിരുന്നു. ഇപ്പോള്‍ വാഹന പരിശോധനയില്‍ സണ്‍ഫിലിം കൂടി പരിശോധിക്കണമെന്നു കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ പലതും പുറത്തു കൊണ്ടുവന്ന ശേഷം ഫിലിം പതിക്കുകയാണ് ചെയ്യുന്നത്. പുതിയ വാഹനങ്ങളില്‍ ഇത് അപൂര്‍വ കാഴ്ചയാണെങ്കിലും പഴയ വാഹനങ്ങളില്‍ സണ്‍ഫിലിം പതിക്കുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്.
മാത്രമല്ല പൊലീസിന്റേതുള്‍പ്പെടെ പല സര്‍ക്കാര്‍ വാഹനങ്ങളിലും സണ്‍ഫിലിം പതിച്ചിട്ടുണ്ടെന്ന ആക്ഷേപവുമുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.
Leave a Reply