Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ഐ.ടി നിയമത്തിലെ വിവാദ വകുപ്പ് 66 എ സുപ്രീംകോടതി റദ്ദാക്കി. ഇതോടൊപ്പം കേരള പൊലീസ് ആക്ടിലെ 118 ഡി വകുപ്പും റദ്ദാക്കിയിട്ടുണ്ട്. ഈ വ്യവസ്ഥകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, ആർ.എഫ് നരിമാൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.വകുപ്പ് റദ്ദ് ചെയ്യുന്നതിനെ കേന്ദ്രസർക്കാർ ശക്തമായി തന്നെ കോടതിയിൽ എതിർത്തു. സോഷ്യൽമീഡിയ വഴി കുറ്റകരമായതോ സ്പർധ വളർത്തുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ ശിക്ഷിക്കാനാണ് നിയമമെന്ന് കേന്ദ്ര സർക്കാർ വാദിച്ചു. നിയമത്തിൽ സൂക്ഷ്മ പരിശോധനയാണ് വേണ്ടതെന്നും ഇതിൽ ഭേദഗതി വരുത്താൻ ശ്രമിക്കുമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി.ഐടി ആക്ടിലെ വിവാദ വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് നിയമ വിദ്യാര്‍ഥിനിയായ ശ്രേയ സിംഗാളാണ് 2012 ൽ ഇതു സംബന്ധിച്ച പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ശിവസേന തലവനായിരുന്നു ബാൽ താക്കറെയുടെ മരണത്തെ തുടർന്ന് മുംബയിൽ ബന്ദ് ആചരിക്കാൻ ആഹ്വാനം ചെയ്തതിനെതിരെ ഫേസ് ബുക്കിൽ പോസ്റ്റിട്ട ഷഹീൻ ദാദ എന്ന പെൺകുട്ടിയെയും അത് ലൈക്ക് ചെയ്ത മലയാളിയായ റീനു ശ്രീനിവാസനെയും അറസ്റ്റു ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഐ.ടി ആക്ടിലെ 66 എ റദ്ദാക്കണമെന്ന ആവശ്യവുമായി ശ്രേയ സുപ്രീംകോടതിയെ സമീപിച്ചത്.
Leave a Reply